- Trending Now:
മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി മടക്കി നല്‍കുന്ന ഒരു മൃഗസംരക്ഷണസംരംഭമുണ്ട്, അതാണ് പോത്ത് വളര്‍ത്തല്‍. പോത്ത് വളര്‍ന്ന് ശരീരതൂക്കം കൂടും തോറും കിട്ടുന്ന ആദായവും വളരുമെന്നതാണ് ഇതിന്റെ മേന്മ.കോവിഡ് കാലത്താണ് പോത്ത് വളര്‍ത്തല്‍ കാര്‍ഷികാടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രചരിക്കുന്നത്.ഒരുപാട് യുവാക്കള്‍ പോത്ത് വളര്‍ത്തലിലേക്ക് കടന്നിട്ടുണ്ട്.മുറ,ജാഫറാ ബാദി തുടങ്ങിയ ഇനങ്ങള്‍ വലിയ ആദായം നേടിത്തരുമെന്നതുകൊണ്ട് തന്നെ നമ്മുടെ നാട്ടിലും പോത്ത് കൃഷി തുടങ്ങാന്‍ ഈ ഇനങ്ങളെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്.
വര്‍ഷത്തില്‍ ആഘോഷ നാളുകളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ കാലത്തെ മോഹവില തന്നെയാണ് പോത്ത് വളര്‍ത്തലിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.ഒരു വയസ്സ് പ്രായമുള്ളവയെ വാങ്ങുകയും, ഒരുവര്‍ഷം പരിപാലിക്കുകയും ചെയ്താല്‍ ഏകദേശം 1,00,000 രൂപ വരെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. രണ്ടര വയസ്സുവരെ നോക്കുമ്പോഴേക്കും ഇതിന്റെ ശരാശരി ഭാരം 500 കിലോ കവിയുന്നു. ഇത് വിപണിയിലേക്ക് എത്തുമ്പോഴേക്കും നല്ലൊരു തുക നമുക്ക് സമ്പാദിക്കാന്‍ സാധിക്കുന്നു. ചുരുങ്ങിയത് അഞ്ച് - ആറ് മാസമെങ്കിലും പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തില്‍പ്പെട്ട പോത്തിന്‍ കിടാക്കളെ വളര്‍ത്തുന്നതിനായി വാങ്ങുന്നതാണ് ഉത്തമം.
സങ്കരയിനം പോത്തുകളെ വാങ്ങുമ്പോള്‍ ഒരു വയസ്സ് പ്രായം ഉള്ളവയെ വാങ്ങുകയാണ് നല്ലത്. മുറ, ജാഫറാബാദി തുടങ്ങിയവ വാങ്ങുമ്പോള്‍ ഒരു വയസ്സിനു ശേഷം ഇവയുടെ വളര്‍ച്ച ദ്രുതഗതിയിലാവും.ഹരിയാനയില്‍ നിന്നുള്ള മുറയും പോലുള്ളവയെ നാടന്‍ പോത്തുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയുടെ വളര്‍ച്ച നിരക്ക് വളരെ കൂടുതലാണ്.തുടക്കത്തിലുള്ള മുതല്‍മുടക്ക് മാത്രമാണ് ഈ ബിസിനസില്‍ വേണ്ടത്. ഇവയ്ക്ക് കാര്യമായ പരിപാലനമുറകള്‍ ഇല്ല.
കേരളത്തില്‍ പോത്ത് മാംസത്തിന് വലിയ വിപണിയുള്ളപ്പോഴും ആഭ്യന്തര മാംസോത്പാദനവും മാംസാവശ്യകതയും തമ്മില്‍ വലിയ അന്തരമാണുള്ളത്. മാംസാവശ്യത്തിനുള്ള കാലികളില്‍ ഏറിയ പങ്കുമെത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് വരും നാളുകളില്‍ മികച്ച സാധ്യതയാണ്.വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തലോ കോഴി വളര്‍ത്തലോ പോലെ വലിയ വൈദഗ്ധ്യമോ സാങ്കേതിക പരിജ്ഞാന വേണ്ട ഒരു സംരംഭമല്ല പോത്ത് വളര്‍ത്തല്‍.
പോത്തുകളുടെ തെരഞ്ഞെടുപ്പ്, തീറ്റക്രമം , പാര്‍പ്പിടം, ആരോഗ്യപരിപാലനം, രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകള്‍ സംരംഭകന്‍ നേടേണ്ടതുണ്ട്. ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകര്‍ക്കുമായി ആശയവിനിമയം നടത്തിയും അവരുടെ ഫാമുകള്‍ സന്ദര്‍ശിച്ചും അറിവുകള്‍ നേടാം. മൃഗസംരക്ഷണ വകുപ്പിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററുകള്‍ വഴിയും (എല്‍.എം.ടി.സി.) പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നുണ്ട്. ഈ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതും സംരംഭകര്‍ക്ക് ആത്മവിശ്വാസവും അറിവുമേകും. ആദ്യമായി ഈ മേഖലയിലേക്ക് കടന്ന് വരുന്ന സംരംഭകര്‍ തുടക്കത്തില്‍ നാലോ അഞ്ചോ പോത്തിന്‍ കിടാക്കളെ വാങ്ങി ഫാം ആരംഭിക്കുന്നതാവും അഭികാമ്യം.
തൊഴുത്ത്
പശുക്കള്‍ക്കും എരുമകള്‍ക്കും ഒരുക്കുന്ന രീതിയിലുള്ള വിപുലവും ആധുനികവുമായ തൊഴുത്തുകളൊന്നും പോത്തുകള്‍ക്ക് വേണ്ടതില്ല. അര്‍ധ ഊര്‍ജിത രീതിയില്‍ പകല്‍ മുഴുവന്‍ പാടത്തോ പറമ്പിലോ അഴിച്ചുവിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ പോത്തുകള്‍ക്ക് മഴയും, മഞ്ഞുമേല്‍ക്കാത്ത പരിമിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ മതി. മുഴുവന്‍ സമയവും തൊഴുത്തില്‍ തന്നെ പാര്‍പ്പിച്ചാണ് വളര്‍ത്തുന്നതെങ്കില്‍ അല്പം കൂടി മെച്ചപ്പെട്ട തൊഴുത്തുകള്‍ ഒരുക്കേണ്ടിവരും. ശുദ്ധജലം ലഭ്യമാവുന്ന സ്ഥലങ്ങള്‍ വേണം പോത്ത് കൃഷി തുടങ്ങുന്നതിനായി തെരഞ്ഞെടുക്കേണ്ടത്. ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്ന, വെള്ളക്കെട്ടുണ്ടാവാത്ത സ്ഥലത്ത് വേണം തൊഴുത്തുകള്‍ നിര്‍മ്മിക്കേണ്ടത്.
ഭക്ഷണം
ഫാമിനോട് ചേര്‍ന്ന് തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങള്‍, തെങ്ങ്, കവുങ്ങ്,റബ്ബര്‍, എണ്ണപ്പന തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ പോത്തുകളെ ഇവിടെ മേയാന്‍ വിട്ട് വളര്‍ത്താം. മതിവരുവോളം മേഞ്ഞ് പോത്തുകള്‍ വയറ് നിറക്കും. അധികാഹാരമായി രാവിലെയും വൈകീട്ടും കുറഞ്ഞ അളവില്‍ സാന്ദ്രീകൃത തീറ്റ നല്‍കിയാല്‍ മതിയാവും. എന്നാല്‍ തൊഴുത്തില്‍ തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയിലും, മേച്ചില്‍ പുറങ്ങളില്‍ തീറ്റപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിലും പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍ കൃഷിയേയും വൈക്കോലിനേയും ആശ്രയിക്കേണ്ടിവരും.തീറ്റപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയ്യാറാക്കി ഒരു പോത്തിന് ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തില്‍ 2 - 3 കിലോഗ്രാം വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം. പുളിങ്കുരുപ്പൊടി, ചോളപ്പൊടി, മരച്ചീനിപ്പൊടി, ഗോതമ്പ് തവിട് തുടങ്ങിയ ഊര്‍ജ്ജസാന്ദ്രതയുയര്‍ന്ന തീറ്റകള്‍ ഒറ്റക്കോ മിശ്രിതമായോ ഒന്ന് മുതല്‍ ഒന്നര കിലോഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ വളര്‍ച്ച വേഗത്തിലാവും. ഒപ്പം മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവക മിശ്രിതം പതിവായി തീറ്റയില്‍ നല്‍കുന്നതും വളര്‍ച്ച വേഗത്തിലാക്കും. ഒപ്പം വേണ്ടുവോളം ശുദ്ധമായ കുടിവെള്ളം പോത്തിന്‍ കിടാക്കള്‍ക്ക് ഉറപ്പാക്കണം. പോത്തിന്‍ കിടാക്കളെ മേയ്ക്കാന്‍ വിടുന്ന പറമ്പുകളില്‍ ചെറിയ സിമന്റ് ടാങ്കുകള്‍ പണിത് അവയ്ക്ക് കുടിക്കാനുള്ള വെള്ളം നിറച്ചുകൊടുക്കണം.
പരിചരണം
ഒരു വയസ്സ് പ്രായമെത്തുന്നത് വരെ പോത്തിന്‍ കുട്ടികളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തൊഴുത്ത് ദിവസവും ജൈവമാലിന്യങ്ങള്‍ നീക്കി ബ്ലീച്ചിംഗ് പൗഡറോ കുമ്മായമോ ചേര്‍ത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. ശരീരത്തില്‍ നിന്നും ബാഹ്യപരാദങ്ങളെ അകറ്റാനായി വേപ്പെണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ ജൈവപരാദനാശിനികളും പൈറത്രോയിഡ് ഗണത്തില്‍പ്പെട്ട ഫ്ളുമത്രിന്‍, ഡെല്‍റ്റാമെത്രിന്‍, സൈപെര്‍മെത്രിന്‍ തുടങ്ങിയ രാസപരാദനാശിനികളും ഉപയോഗിക്കാം.
നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ എന്നിങ്ങനെ പോത്തുകളുടെ ശരീരത്തില്‍ കയറിക്കൂടുന്ന പരാദങ്ങള്‍ ഏറെയുണ്ട്. ഉന്‍മേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം എന്നിവയെല്ലാം വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പോത്തിന്‍കുട്ടികളുടെ വളര്‍ച്ചനിരക്ക് കുറയുന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന പോത്തിന്‍കുട്ടികളില്‍ വിരബാധ വളരെ കൂടുതലായാണ് പൊതുവെ കാണാറുള്ളത്. വാങ്ങി ഫാമിലെത്തിച്ചതിന് മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞ് ആന്തര പരാദങ്ങളെയും ബാഹ്യ പരാദങ്ങളെയും നശിപ്പിക്കാനുള്ള വിരമരുന്നുകള്‍ നല്‍കണം.
നാടന്‍ പോത്തുകളുടെ ശരീര വളര്‍ച്ച മൂന്ന് വയസ്സ് പ്രായമെത്തുന്നതോടെ നിലക്കുമ്പോള്‍ അഞ്ച് വയസ്സ് വരെ വളരാനും ശരീരതൂക്കം വര്‍ദ്ധിപ്പിക്കാനുമുള്ള ശേഷി മുറകള്‍ക്കുണ്ട്. പൂര്‍ണ്ണ വളര്‍ച്ച കൈവരിച്ച ഒരു മുറ പോത്തിന് ശരാശരി 750-800 കിലോഗ്രാം ശരീരത്തൂക്കമുണ്ടാകും. മുറയുമായി വര്‍ഗ്ഗസങ്കരണം ചെയ്തെടുത്ത സങ്കരയിനം പോത്തുകള്‍ നാടന്‍ പോത്തുകളെ അപേക്ഷിച്ച് വളര്‍ച്ചയില്‍ മുന്നിലാണ്. വിപണി സാധ്യതയും ഇറച്ചിയുടെ സ്വാദും മേന്മയുമൊക്കെ പരിഗണിച്ച് രണ്ടര- മൂന്ന് വയസ് പ്രായമെത്തുമ്പോള്‍ പോത്തുകളെ മാംസവിപണിയില്‍ എത്തിക്കുന്നതാണ് അഭികാമ്യം. പെരുന്നാള്‍, ക്രിസ്തുമസ്, മറ്റ് വിശേഷ ഉത്സവങ്ങള്‍ തുടങ്ങി പോത്തിന് വിപണിയില്‍ മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്റെ നേട്ടം
Story Highlights: Buffalo farming is an important occupation for many people in the Indian subcontinent. There are at least 130 million domestic buffaloes.Buffalo farming is good for producing many types of milk, meat and skin products. But mostly the buffaloes are used for producing dairy products
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.