Sections

ബിഎസ്എൻഎൽ അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷൻ എല്ലാ ഗ്രാമങ്ങളിലേക്കും

Saturday, Dec 17, 2022
Reported By admin
bsnl

ഗ്രാമീണ മേഖലയിലെ നിരവധി ഉപഭോക്താക്കൾക്ക് സഹായകരമാകും


സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎൽ അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷൻ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. ഗ്രാമീണ മേഖലകളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നിർമ്മിക്കാൻ ശ്രമിക്കുന്ന ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ആണിത് . പദ്ധതിയിലൂടെ രാജ്യത്തെ ഏകദേശം 1.9 ലക്ഷം ഗ്രാമങ്ങളിലേക്ക് ടെലികോം സേവനങ്ങൾ എത്തിക്കാനായി. അടുത്ത വർഷം പകുതിയോടെ 2.2 ലക്ഷം ഗ്രാമങ്ങളിലേക്ക് സേവനം എത്തിക്കുകയാണ് ലക്ഷ്യം.

അടുത്ത വർഷത്തോടെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ബിഎസ്എൻഎലിന് എത്തിക്കാൻ ആയാൽ അത് നിരവധി സാധാരണക്കാർക്ക് പ്രയോജനകരമാകും. കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെൻറിന്റെ നിലവിലെ പദ്ധതികൾ അനുസരിച്ച് വൈകാതെ തന്നെ ഭാരത് നെറ്റ്വർക്ക് ആറ് ലക്ഷം ഇന്ത്യൻ ഗ്രാമങ്ങളിലും എത്തിച്ചേരും.

പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി 600 ബ്ലോക്കുകളിൽ ആയി ഭാരത്നെറ്റ് ഫൈബർ കണക്ഷനുകളുള്ള 30,000-ത്തിലധികം വീടുകളിൽ തുടക്കത്തിൽ കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഗ്രാമീണ ഫൈബർ കണക്ഷനുകളുടെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോഗം 45 ജിബിക്ക് അടുത്തായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലീകരിക്കുന്നതിന് സർക്കാർ ഈ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്.

അതേസമയം ലോകം 5ജിയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുമ്പോൾ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഇഴയുന്നു എന്ന പരാതിയുണ്ട്. 4ജി സേവനങ്ങൾ നവംബറോടെ നൽകിത്തുടങ്ങും എന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും ഇത് പൂർണമായി നടപ്പാക്കാനായിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നത് ഗ്രാമീണ മേഖലയിലെ നിരവധി ഉപഭോക്താക്കൾക്ക് സഹായകരമാകും. മുൻനിര ടെലികോം കമ്പനികൾ എല്ലാം തന്നെ ഇപ്പോൾ 4ജി സേവനങ്ങൾ നൽകുകയും 5ജി സേവനങ്ങൾക്കായുള്ള പൈലറ്റ് പ്രോജക്ടുകൾ തുടങ്ങുകയും ചെയ്യുന്നുണ്ട്.

ബിഎസ്എൻഎലിന് 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ടിസിഎസ് സഹായം നൽകും. ടിസിഎസ്, സിഡോട്ട് എന്നിവ ചേർന്നാണ് സേവനങ്ങൾ നൽകുക. നോക്കിയ ബിഎസ്എൻഎൽ 4ജിക്ക് സാങ്കേതിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിം കാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ബിഎസ്എൻഎൽ നിർദേശം നൽകിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.