Sections

50 കോടിയിലേറെ വില വരുന്ന ഭീമന്‍ കറുത്ത വജ്രം ലേലത്തിന്

Thursday, Jan 20, 2022
Reported By admin
black diamond

വജ്രത്തിന് കുറഞ്ഞത് 50 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (50 കോടി ഇന്ത്യന്‍ രൂപ) ആണ് പ്രതീക്ഷിക്കുന്ന വില

 

ഭൂമിക്ക് പുറത്തു നിന്നും എത്തിയെന്ന് കരുതപ്പെടുന്ന ദി എനിഗ്മയുടെ പ്രദര്‍ശനം ദുബായില്‍.555.55 കാരറ്റുള്ള ഈ അത്യപൂര്‍വ്വ വജ്രം ലേല സ്ഥാപനമായ സോത്‌ബേയാണ് ദുബായില്‍ എത്തിച്ചിരിക്കുന്നത്.ആദ്യമായി പ്രദര്‍ശിക്കപ്പെടുന്ന ദി എനിഗ്മ കറുത്ത വജ്രം എന്ന പേരില്‍ അറിയപ്പെടുന്നു.

ഫെബ്രുവരിയില്‍ ലണ്ടനില്‍ ലേലം ചെയ്യപ്പെടുന്നതിന് മുന്‍പായി ദുബായിലെയും ലോസ് ഏഞ്ചല്‍സിലെയും പര്യടനത്തിന്റെ ഭാഗമായാണ് രത്‌നം എത്തിച്ചിരിക്കുന്നത്. വജ്രത്തിന് കുറഞ്ഞത് 50 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (50 കോടി ഇന്ത്യന്‍ രൂപ) ആണ് പ്രതീക്ഷിക്കുന്ന വില. ലേലത്തില്‍ ക്രിപ്‌റ്റോ കറന്‍സിയും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

55 മുഖങ്ങളുള്ള വജ്രത്തിന് അഞ്ച് എന്ന അക്കത്തിന് ഒരു പ്രാധാന്യമുണ്ടെന്ന് ആഭരണരംഗത്തെ വിദഗ്ദ്ധയായ സോഫി സ്റ്റീവന്‍ പറഞ്ഞു. അതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും കാഠിന്യമേറിയ വജ്രം എന്ന സ്ഥാനവും എനിഗ്മയ്ക്ക് സ്വന്തമായതാണ്.ഈ വജ്രത്തിന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കാണുന്ന ഈന്തപ്പന ചിഹ്നമായ ഖംസയുടെ സാമ്യതയുണ്ട്.ശക്തിയെയും സംരക്ഷണത്തെയും പ്രതിനിധീകരിക്കുന്ന ഖംസ അറബിയില്‍ അഞ്ച് എന്നാണ് അര്‍ത്ഥമാക്കുന്നത്.

കറുത്ത വജ്രം എന്നറിയപ്പെടുന്ന കാര്‍ബണഡോ വജ്രങ്ങള്‍ വളരെ അപൂര്‍വമായി മാത്രമാണ് കാണപ്പെടുന്നത്. ഇത് സ്വാഭാവികമായും കണ്ടെത്തിയിട്ടുള്ളത് ബ്രസീലിലും മധ്യ ആഫ്രിക്കയിലും മാത്രമാണ്.

ദുബായിലെ പ്രദര്‍ശനത്തിന് ശേഷം ഇത് അമേരിക്കയിലെ ലോസാഞ്ചല്‍സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് ശേഷമാകും തിരികെ ലണ്ടനിലേക്ക് എത്തിക്കുന്നത്. ലേല നടപടികള്‍ ഫെബ്രുവരി മൂന്ന് മുതല്‍ ഒമ്പത് വരെയാകും നടക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.