- Trending Now:
ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്‌ലേരി ഇന്റർനാഷണല്‍ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 7000 കോടിയോളം മൂല്യമുള്ള കമ്പനി വാങ്ങാന്‍ ആളെ തിരയുകയാണ് വ്യവസായിയായ രമേഷ് ചൗഹാൻ എന്നാണ് വാര്‍ത്ത. നിരവധി കക്ഷികളുമായി ചർച്ചകൾ നടത്തിവരികയാണ് ഇദ്ദേഹം എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ മകൾ ജയന്തിക്ക് ബിസ്‌ലേരി കൈകാര്യം ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലാണ് ഈ നീക്കം രമേഷ് ചൗഹാൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്.
ബിസ്‌ലേരി ഇന്റർനാഷണലിന്റെ നിലവിലെ വൈസ് ചെയർപേഴ്‌സണ്‍ ആണ് ജയന്തി. ചെറുപ്പത്തില്‍ ഭൂരിഭാഗവും ദില്ലിയിലും മുംബൈയിലും ന്യൂയോർക്ക് സിറ്റിയിലുമാണ് ഇവര്‍ ചെലവഴിച്ചത്. ബിരുദം നേടിയ ശേഷം, ജയന്തി ചൗഹാൻ ഷാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിനായി ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൻഡൈസിംഗിൽ (എഫ്ഐഡിഎം) ചേർന്നു. പിന്നീട് ഫാഷൻ സ്‌റ്റൈലിംഗ് പഠിക്കാൻ ഇസ്‌റ്റിറ്റ്യൂട്ടോ മരങ്കോണി മിലാനോയിലും ചേര്‍ന്നു.
ബിസ്ലേരിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്. ജയന്തി ചൌഹാന്‍ "ജെആർസി" എന്നാണ് കമ്പനിയില്‍ അറിയപ്പെടുന്നത്. 24 വയസ്സുള്ളപ്പോഴാണ് ജയന്തി ബിസ്ലേരിയുടെ ഡയറക്ട് ബോര്‍ഡിലേക്കും മറ്റും എത്തുന്നതും. വൈസ് ചെയർപേഴ്‌സണ്‍ ആകുന്നതും.
ബിസ്‌ലേരി വെബ് സൈറ്റ് പ്രകാരം ദില്ലി ഓഫീസ് കേന്ദ്രീകരിച്ചാണ് ജയന്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ബിസ്ലേരി ഫാക്ടറി നവീകരണം. വിവിധ ജോലികളില്‍ ഓട്ടോമേഷൻ കൊണ്ടുവരുന്നതിനുമുള്ള ദൌത്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുത്തതായി പറയുന്നു. എച്ച്ആർ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളും ജയന്തി ചൗഹാൻ പുനഃക്രമീകരിച്ചതായി പറയുന്നു. 2011-ൽ അവർ മുംബൈ ഓഫീസിന്റെ ചുമതല ഏറ്റെടുത്തുവെന്നും വെബ്‌സൈറ്റ് പറയുന്നു.
ബിസ്‌ലേരി മിനറൽ വാട്ടർ, ഹിമാലയത്തിൽ നിന്നുള്ള വേദിക നാച്ചുറൽ മിനറൽ വാട്ടർ, ഫിസി ഫ്രൂട്ട് ഡ്രിങ്ക്‌സ്, ബിസ്‌ലേരി ഹാൻഡ് പ്യൂരിഫയർ എന്നിവയാണ് ബിസ്ലേരിയുടെ പ്രധാന ഉത്പന്നങ്ങള്‍. ബിസ്‌ലേരിയിൽ പരസ്യങ്ങളിലും മറ്റും ജയന്തി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി വെബ് സൈറ്റ് പറയുന്നുണ്ട്.
ജയന്തി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമുകൾക്ക് നേതൃത്വം നൽകുന്നു, വിപണിയിലെ ഇടപെടലും ബ്രാൻഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതും അവര്‍ ഉറപ്പാക്കുന്നു. ബിസ്‌ലേരിയുടെ പുതിയ ബ്രാൻഡ് ഇമേജിനും വളർന്നുവരുന്ന ശക്തിക്കും അടിസ്ഥാനം ജയന്തിയാണെന്ന് വെബ്‌സൈറ്റ് പറയുന്നു.
അതേ സമയം ബിസ്ലേരിയെ ടാറ്റ വാങ്ങും എന്നാണ് വിവരം. ഏറ്റെടുക്കൽ വിവരം ബിസ്ലേരി ചെയർമാൻ രമേഷ് ചൗഹാൻ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്. വളരെ വേദനയോടെയാണ് താൻ ഈ തീരുമാനം എടുത്തത്. എന്നാൽ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബിസ്ലേരി വെബ് സൈറ്റ് പ്രകാരം കമ്പനിയില്‍ സുപ്രധാന റോള്‍ ഉള്ള ജയന്തി കമ്പനി ഏറ്റെടുക്കാത്തത് എന്താണ് എന്ന ചോദ്യം ബിസിനസ് വൃത്തങ്ങളില്‍ സജീവമാണ്. അവരുടെ ഭാവി പദ്ധതികള്‍ എന്ത് എന്ന കൌതുകവും ബിസിനസ് ലോകത്തുണ്ട്.
മുംബൈയില്‍ 1965 ലാണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അതൊരു ഇറ്റാലിയൻ ബ്രാന്റായിരുന്നു അന്ന് വരെ. 1969 ൽ പാർലെ കമ്പനിയുടെ ഉടമകളായ ചൗഹാൻ ബ്രദേർസ് ഈ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടർ പ്ലാന്റ് സ്ഥാപിച്ചു. നാല് വർഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്പനിയെ രമേഷ് ചൗഹാൻ സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ കമ്പനിയെ മുന്നോട്ട് നയിച്ച ശേഷം രാജ്യത്തെ ഏറ്റവും കേൾവികേട്ട ബിസിനസ് കുടുംബത്തിന് ബിസ്ലേരിയെ ചൗഹാൻ കൈമാറുകയാണ്.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡാവും ബിസ്ലേരിയെ ഏറ്റെടുക്കുക. കൊക്കക്കോളയ്ക്ക് മൂന്ന് വർഷം മുൻപ് ബിസ്ലേരിക്ക് കീഴിലെ ശീതളപാനീയ ബിസിനസ് ചൗഹാൻ വിറ്റിരുന്നു. തംസ് അപ്, ഗോൾഡ് സ്പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ ചൗഹാൻ അറ്റ്ലാന്റ ആസ്ഥാനമായ കമ്പനിക്ക് നൽകിയത് 1993 ലാണ്. 2016 ൽ ശീതള പാനീയ ബിസിനസിലേക്ക് മടങ്ങാൻ നടത്തിയ ശ്രമം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.