Sections

ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള (MoU) പങ്കാളിത്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് 500 ഇന്റേൺഷിപ്പുകൾ പ്രഖ്യാപിച്ചു

Wednesday, Apr 23, 2025
Reported By Admin
BIS Announces 500 Student Internships for 2025–26

  • വ്യവസായസ്ഥാപനങ്ങളിൽ നിന്ന് നേരിട്ട്, ഉത്പന്ന മാനദണ്ഡങ്ങളിൽ അവബോധവും പ്രായോഗിക പരിശീലനവും നേടാനാവും വിധമുള്ളതാണ് ഈ ഇന്റേൺഷിപ്പ് പ്രോഗ്രാം

ഭാരത സർക്കാരിന് കീഴിലുള്ള ദേശീയ മാനദണ്ഡ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), ഗുണ നിലവാര നിർണ്ണയ മേഖലയിൽ പ്രവർത്തിക്കുന്ന പങ്കാളിത്ത സ്ഥാപനങ്ങളിലെ 500 വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ പ്രഖ്യാപിച്ചു. ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഫാക്കൽറ്റി അംഗങ്ങളുടെയും സ്റ്റാൻഡേർഡൈസേഷൻ ചെയർ പ്രതിനിധികളുടെയും അടുത്തിടെ നടന്ന BIS വാർഷിക കൺവെൻഷനിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

4 വർഷത്തെ ഡിഗ്രി കോഴ്സുകൾ, 5 വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ, ബിരുദാനന്തര ബിരുദങ്ങൾ, ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവയിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും. 8 ആഴ്ചത്തെ ഇന്റേൺഷിപ്പിൽ രണ്ട് പ്രധാന വ്യവസായങ്ങളിലെ പ്രീ-സ്റ്റാൻഡേർഡൈസേഷൻ ജോലികൾ ഉൾപ്പെടും. BIS ഓഫീസുകളുമായി സഹകരിച്ചുള്ള QCO (ക്വാളിറ്റി കൺട്രോൾ ഓർഡർ) അനുവർത്തന സർവേകളും വൻകിട യൂണിറ്റുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, ലബോറട്ടറികൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഇന്റേൺഷിപ്പിൽ ഉൾപ്പെടും. നിർമ്മാണ- പരിശോധനാ പ്രക്രിയകൾ, അസംസ്കൃത വസ്തുക്കൾ,പ്രവർത്തനപരമായ നിയന്ത്രണങ്ങൾ, ഉത്പന്ന ഗുണനിലവാരത്തിന്റെയും അനുവർത്തന വിലയിരുത്തലിന്റെയും വശങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾ വിശദമായ പഠനങ്ങൾ നടത്തും.

BIS-അക്കാദമിക ഇടപഴകലിന്റെ പ്രധാന നേട്ടങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

15 സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയിൽ സ്റ്റാൻഡേർഡൈസേഷൻ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

130-ലധികം ഗവേഷണ വികസന പദ്ധതികൾ ആരംഭിച്ചു.

50-ലധികം സ്ഥാപനങ്ങൾ BIS കോർണറുകളും അക്കാദമിക ഡാഷ്ബോർഡുകളും സ്ഥാപിച്ചു.

52 സ്ഥാപനങ്ങളിലായി 198 സ്റ്റാൻഡേർഡ് ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.

74 സ്ഥാപനങ്ങളിൽ നിന്നുള്ള 3,400-ലധികം വിദ്യാർത്ഥികൾ ദേശീയ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു.

2025-26 അധ്യയന വർഷത്തേക്ക് 500 വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

അക്കാദമിക മേഖലയിലുടനീളം ഗുണനിലവാരത്തിന്റെയും മാനദണ്ഡ അനുവർത്തനത്തിന്റെയും സംസ്ക്കാരം ഉൾച്ചേർക്കുക എന്ന സമാനമായ ദേശീയ ദൗത്യമാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ BIS ഡയറക്ടർ ജനറൽ ശ്രീ പ്രമോദ് കുമാർ തിവാരി പറഞ്ഞു. BIS ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (സ്റ്റാൻഡേർഡൈസേഷൻ), ശ്രീ രാജീവ് ശർമ്മ പ്രവർത്തനാധിഷ്ഠിത സഹകരണങ്ങൾ വളർത്തിയെടുക്കാനും രാജ്യത്തിന്റെ ഗുണനിലവാര ആവാസവ്യവസ്ഥയ്ക്ക് സജീവമായി സംഭാവനകൾ നൽകാനും സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.

പാഠ്യപദ്ധതി സമന്വയം, മാനദണ്ഡ രൂപീകരണം, സ്റ്റാൻഡേർഡ് ക്ലബ്ബുകളിലൂടെയുള്ള വിദ്യാർത്ഥി ഇടപെടൽ, മറ്റ് പ്രചാരണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സാങ്കേതിക സെഷനുകൾ കൺവെൻഷനിൽ നടന്നു. ഓപ്പൺ ഹൗസ് ചർച്ചയിൽ, പങ്കാളിത്ത സ്ഥാപനങ്ങൾ അക്കാദമിക സഹകരണത്തിലെ മികച്ച രീതികളും നൂതന മാതൃകകളും പങ്കിട്ടു.

ഇന്ത്യൻ അക്കാദമിക മേഖലയിലുടനീളം ഗുണനിലവാര മാനദണ്ഡത്തിന്റേതായ സംസ്ക്കാരം ശക്തിപ്പെടുത്തുക, ദേശീയ, അന്തർദേശീയ ഗുണനിലവാര സംവിധാനങ്ങളുമായി അർത്ഥവത്തായ വിനിമയങ്ങൾ വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും പ്രാപ്തരാക്കുക തുടങ്ങിയ ദൃഢനിശ്ചയത്തോടെയാണ് പരിപാടി അവസാനിച്ചത്.

58 പങ്കാളിത്ത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. ധാരണാപത്രം പ്രകാരം BIS മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് IIT റൂർക്കി, SSEC ചെന്നൈ, NIT ജലന്ധർ, SVCE ചെന്നൈ, PSNACET ദിണ്ടിഗൽ എന്നീ അഞ്ച് സ്ഥാപനങ്ങളെ അഭിനന്ദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.