- Trending Now:
ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരമുള്ള ബാഗുകൾ ഉപഭോക്താക്കൾക്ക് നൽകും
കൊച്ചി നഗര പരിധിയിലെ വീടുകളിലെ സാനിറ്ററി, ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയ്ക്ക് കൊച്ചിയിൽ തുടക്കമായി. മാലിന്യ ശേഖരണ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി മേയർ കെ.എ ആൻസിയാ നിർവഹിച്ചു. കേരള എൻവയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെയിൽ)മായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഏകീകൃത സംവിധാനത്തിലൂടെ ശേഖരണ കലണ്ടർ പ്രകാരം സാനിറ്ററി, ഗാർഹിക ബയോമെഡിക്കൽ മാലിന്യ ശേഖരണത്തിനാണ് കൊച്ചി നഗരസഭയിൽ തുടക്കം കുറിച്ചിരിക്കുന്നത്.
അംഗീകൃത ഏജൻസികൾ മുഖേന കലണ്ടർ അടിസ്ഥാനത്തിൽ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയാണ് കെയിൽ ശേഖരണം നടത്തുന്നത്. ഉപഭോക്താക്കൾക്ക് ടോൾ ഫ്രീ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്ത് ശേഖരണം ഉറപ്പാക്കാനാകും. ശേഖരിക്കുന്ന ഏജൻസി തന്നെ ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരമുള്ള ബാഗുകൾ ഉപഭോക്താക്കൾക്ക് നൽകും.
കിലോഗ്രാമിന് എല്ലാ നികുതികളും ഉൾപ്പടെ 12 രൂപ യൂസർ ഫീ നിരക്കിലാണ് ശേഖരണം. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്വകാര്യ ഏജൻസികൾ ശേഖരണം ആരംഭിച്ചിരുന്നെങ്കിലും കിലോഗ്രാമിന് 54 രൂപ വരെയായിരുന്നു യൂസർ ഫീ നൽകേണ്ടി വന്നിരുന്നത്. അതിനാൽ സാധാരണക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നില്ല. സംസ്‌ക്കരണ ചിലവ് നഗരസഭ വഹിച്ചു കൊണ്ട് ശേഖരണ ചിലവ് മാത്രം ഗുണ ഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനാലാണ് കുറഞ്ഞ തുകയ്ക്ക് സേവനം ലഭ്യമാക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നത്.
തിങ്കൾ 1, 2, 3, 4, 5, 6, 7, 8, 9, 10, 24, 25, 26, 27, 28 എന്നീ ഡിവിഷനുകളിൽ ശേഖരണം നടക്കും. 50 മുതൽ 64 വരെയുള്ള ഡിവിഷനുകളിൽ ചൊവ്വാഴ്ചയും, 31, 32, 33 ഡിവിഷനുകളിലും 65 മുതൽ 74 വരെയുള്ള ഡിവിഷനുകളിലും ബുധനാഴ്ചയും, 34 മുതൽ 41 വരെയുള്ള ഡിവിഷനുകളിൽ വ്യാഴാഴ്ചയും ആയിരിക്കും ശേഖരണം. വെള്ളിയാഴ്ച ദിവസങ്ങളിൽ 11 മുതൽ 23 വരെയുള്ള ഡിവിഷനുകളിലും, 42 മുതൽ 49വരെയുള്ള ഡിവിഷനുകളിലും, 29, 30 ഡിവിഷനുകളിലും ശേഖരണം നടക്കും.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പിന്നാലെ സാനിറ്ററി, ബയോമെഡിക്കൽ മാലിന്യ ശേഖരണവും ആരംഭിച്ചതോടെ കൊച്ചി അടിമുടി മാറാൻ ഒരുങ്ങുകയാണ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്. അഡീ. സെക്രട്ടറി വി.പി ഷിബു, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.