Sections

ബയോ ഇ3 നയം; ആറുവർഷം കൊണ്ട് 25 ലക്ഷം കോടി രൂപയായി ബയോ ഇക്കോണമി മാറും

Friday, Aug 30, 2024
Reported By Admin
Experts discuss the impact of India's Bio E3 policy on the bioeconomy at a seminar held at RGCB

  • നയം സംസ്ഥാനത്ത് നടപ്പാക്കാൻ ആർജിസിബി

കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ബയോ ഇ3 നയം വഴി ബയോ സാമ്പത്തിക മേഖലയിലേക്ക് എത്തുന്നത് വൻതോതിലുള്ള നിക്ഷേപസാധ്യതകളും നൂതനത്വ അവസരങ്ങളുമാണെന്ന് ശാസ്ത്രസമൂഹം അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഈ മേഖല 25 ലക്ഷം കോടി രൂപയുടെ വളർച്ച നേടുമെന്നും രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർജിസിബി) നടത്തിയ ചർച്ചയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ബയോ ഇ3 നയം കേരളത്തിൽ നടപ്പാക്കാൻ ആർജസിബി മുൻകയ്യെടുക്കുമെന്ന് ഡയറക്ടർ ചന്ദ്രഭാസ് നാരായണ അറിയിച്ചു. പുതിയ നയത്തെക്കുറിച്ച് ഗവേഷണ-വ്യവസായ-സംരംഭക-സ്റ്റാർട്ടപ്പ് സമൂഹങ്ങളിൽ പ്രചാരണം നൽകുന്നതിന് ചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ ഗവേഷണ വികസന പദ്ധതികൾ ത്വരിതപ്പെടുത്താനും അതുവഴി ഉത്പാദനക്ഷമത കൂട്ടാനുമാണ് കേന്ദ്രസർക്കാർ ബയോ ഇ3 നയം അവതരിപ്പിച്ചത്. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, തൊഴിലവസരം എന്നിവയിലൂന്നിയാണ് നയം രൂപീകരിച്ചത്.

2014 ൽ 84,000 കോടി (10 ബില്യൺ ഡോളർ) രൂപയായിരുന്നു ഈ മേഖലയുടെ സംഭാവന. എന്നാൽ അത് 2024 ൽ പത്ത് ലക്ഷം കോടി (130 ബില്യൺ ഡോളർ) രൂപയുടെതായി മാറി. പുതിയ നയം പ്രാബല്യത്തിൽ വരുമ്പോൾ അത് 25 ലക്ഷം കോടി രൂപയുടേതായി മാറുമെന്നാണ് കണക്ക് കൂട്ടൽ.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ ടിടിഐ മേധാവി പ്രവീൺ റോയി, സയൻറിസ്റ്റുകളായ പ്രമോദ് എസ്, ശാർദൂൽ റാവു, ആർജിസിബി സീനിയർ സയൻറിസ്റ്റ് ഡോ. സന്തോഷ് കുമാർ, ബയോനെസ്റ്റ് സിഇഒ ഡോ. കെ അമ്പാടി, വിവിധ സ്റ്റാർട്ടപ്പ് പ്രതിനിധികൾ തുടങ്ങിയവരാണ് കൊച്ചിയിലെ ആർജിസിബിയുടെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ക്രിബ്സ് ബയോനെസ്റ്റിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.

ബയോ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കും വലിയ അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നതെന്ന് ഡോ. പ്രവീൺ റോയി പറഞ്ഞു. രാസപദാർഥങ്ങളിലൂന്നിയ ഉത്പാദനമേഖയിൽ നിന്ന് ജൈവരാസവസ്തുക്കളിലേക്കുള്ള മാറ്റം ഏറെ പ്രധാനമാണ്. ഇതു വഴി കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കെത്താനുള്ള രാജ്യത്തിൻറെ യാത്ര ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബയോ ഇക്കോണമി, ബയോ മാനുഫാക്ചറിംഗ്, ബയോ എഐ എന്നിവ പുതിയ നയത്തിൻറെ ഭാഗമായി നിലവിൽ വരും. ജീൻ തെറാപ്പി, ഭക്ഷ്യസംസ്ക്കരണം തുടങ്ങിയ മേഖലയിലും ഭീമമായ ഡാറ്റ വിശകലനത്തിലും ബയോ എഐ ഹബ്ബുകൾ സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബയോ ഇ3 നയവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഡോ. സന്തോഷ് കുമാർ പാനലിൽ വിശദീകരിച്ചു. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-മധ്യവർഗ വ്യവസായങ്ങൾക്കും ഏറെ സാധ്യതകളാണുള്ളത്. ഗവേഷണ മേഖലയും വ്യവസായ സംരംഭങ്ങളുമായുള്ള സഹകരണം വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വരാൻ പോകുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം നിലവിലുള്ള പല പ്രായോഗിക ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ സംരംഭങ്ങളെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബയോ സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗ്, ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിവിധ അനുമതികൾ, നൂതനത്വം തുടങ്ങിയ വിഷയങ്ങളിൽ സ്റ്റാർട്ടപ്പുകൾ ഉന്നയിച്ച സംശയങ്ങൾക്കും വിദഗ്ധർ മറുപടി നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.