Sections

4.7 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ നേട്ടവുമായി ബില്‍ഡെസ്‌ക്ക് സ്ഥാപകര്‍

Saturday, Sep 04, 2021
Reported By Gopika
billdesk

ഫിന്‍ടെക് സ്ഥാപനമായ ബില്‍ഡെസ്‌ക്ക് ഇനി 'പേ യു'വിന് സ്വന്തം


പേയ്മെന്റ് ഗേറ്റ് വേയായ ബില്‍ഡെസ്‌ക്കിന്റെ സ്ഥാപകര്‍ക്ക് ഇത് സുവര്‍ണ്ണകാലം. ദക്ഷിണാഫ്രിക്കന്‍ ടെക് ഭീമനായ നാസ്പേഴ്സിന്റെ നിക്ഷേപ സ്ഥാപനമായ പ്രോസസ് 4.7 ബില്യണ്‍ ഡോളറിറിന്റെ ഇടപാടിലൂടെ ബില്‍ഡെസ്‌ക്കിനെ സ്വന്തമാക്കിയിരിക്കുകയാണ്‌.

പേയ്മെന്റ് ഗേറ്റ് വേയായ 'പേയു' വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് നടത്തിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100 ശതമാനം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ബില്‍ഡെസ്‌ക്കിന്റെ സ്ഥാപകരായ എം.എന്‍. ശ്രീനിവാസു, കാര്‍ത്തിക് ഗണപതി, അജയ് കൗശല്‍ എന്നിവര്‍ നേടിയത് 500 മില്യണ്‍ ഡോളര്‍ വീതമാണ്. ആര്‍തര്‍ ആന്‍ഡേഴ്‌സണ്‍ എന്ന യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മൂവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് മൂന്ന് പേരും ജോലി ഉപേക്ഷിച്ച് സംരംഭക പാത തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് ഐഐഎം ബിരുദധാരികളും ചേര്‍ന്ന് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് എന്ന ആശയം നടപ്പിലാക്കുമ്പോള്‍ 'ഫിന്‍ടെക്' എന്ന വാക്ക് പോലും ആരും ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കേവലം 50,000 മാത്രമായിരുന്നു. 2000ല്‍ തങ്ങളുടെ  സംരംഭം ആരംഭിച്ചപ്പോള്‍ ധനകാര്യ സാങ്കേതികവിദ്യ മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നത് മികച്ച അവസരമാകുമെന്ന് തോന്നിയിരുന്നുവെന്ന്''ശ്രീനിവാസു ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്പനിക്ക് ഇന്ത്യയിലെ പേയ്മെന്റ് ഗേറ്റ്വേകളില്‍ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് ക്ലയന്റുകളാണുള്ളത്. കൂടാതെ രാജ്യത്തെ എല്ലാ ബില്ലിംഗ് ഇടപാടുകളിലും ഏകദേശം 60 ശതമാനം ഇവരുടെ കമ്പനിയ്ക്ക് കീഴിലാണ്.

ഫിന്‍ടെക് സ്ഥാപനമായ പേയു ഡിജിറ്റല്‍ പേയ്മെന്റ് ദാതാക്കളായ ബില്‍ഡെസ്‌കിനെ 4.7 ബില്യണ്‍ ഡോളറിന് (ഏകദേശം 34,376.2 കോടി രൂപ) ആണ് വാങ്ങുന്നത്. ബില്‍ഡെസ്‌കിന്റെയും പേയുവിന്റെയും ലയനത്തിന് ശേഷം, വാര്‍ഷിക മൊത്ത പേയ്‌മെന്റ് വോളിയം (ടിവിപി) 147 ബില്യണ്‍ ഡോളറുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയായി മാറും.

ബില്‍ഡെസ്‌ക് ഒരു പേയ്മെന്റ് പ്ലാറ്റ്‌ഫോമാണ്, അത് മറ്റ് കമ്പനികളില്‍ നിന്ന് ബില്ലിംഗ് ഡാറ്റ ശേഖരിക്കുകയും തുടര്‍ന്ന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് പേയ്മെന്റുകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇത് തടസ്സരഹിതമായ ഇടപാടിന് സഹായിക്കും. 2007 മുതല്‍ കമ്പനി വന്‍ ലാഭമുണ്ടാക്കുകയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 253 മില്യണ്‍ ഡോളര്‍ മൊത്ത വരുമാനം നേടുകയും ചെയ്തു.

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നയിക്കുന്നതില്‍ കമ്പനി മുന്‍നിരയിലാണെന്ന് ബില്‍ഡെസ്‌കിന്റെ സഹസ്ഥാപകനായ എം.എന്‍ ശ്രീനിവാസു പറഞ്ഞു. 'പ്രോസസിന്റെ ഈ നിക്ഷേപം ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നടപ്പാക്കിയ നവീകരണവും പുരോഗമനപരമായ നിയന്ത്രണ ചട്ടക്കൂടുകളും ഉപയോഗിച്ച് ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കുള്ള ഇന്ത്യയിലെ സുപ്രധാന അവസരത്തെ സാധൂകരിക്കുന്നതാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.