Sections

നാല് നാൾ നീളുന്ന ജലപ്പരപ്പിലെ ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റിവലിന് ഇന്ന് (ചൊവ്വ) തുടക്കം

Tuesday, Dec 26, 2023
Reported By Admin
Beypore International Water Fest

ഇനി ഓളപ്പരപ്പിലും തീരത്തും ആവേശം അലതല്ലുന്ന നാല് ദിനരാത്രങ്ങൾ. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ സീസൺ മൂന്നിന് ഇന്ന് (ഡിസംബർ 26) പ്രൗഡഗംഭീര തുടക്കമാകും. മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂർ ബീച്ചിൽ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണാഭമായ ഘോഷയാത്ര ഉണ്ടാകും. വൈകീട്ട് അഞ്ചിന് ബേപ്പൂർ കയർ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയായ പുലിമുട്ടിൽ അവസാനിക്കും. തുടർന്ന് 7 മണിക്ക് ഹരിചരൺ ബാന്റിന്റെ സംഗീത പരിപാടി ബേപ്പൂർ ബീച്ചിലും തേജ് മെർവിൻ & അൻവർ സാദത്ത് ആന്റ് ടീം ഒരുക്കുന്ന എ ആർ റഹ്മാൻ നൈറ്റ് ചാലിയം ബീച്ചിലും വയലി ബാംബൂ മ്യൂസിക് നല്ലൂരിലും അരങ്ങേറും. 29 ഡിസംബർ വരെ നീളുന്ന മേളയുടെ അവസാന ഒരുക്കങ്ങളും പൂർത്തിയായി. വാട്ടർ സ്പോർട്സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാണ് സംഘടിപ്പിക്കുന്നത്.

ബേപ്പൂരിൽ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് നടക്കുക. ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിക്ക് കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ ബീച്ചിലേക്ക് നടക്കുന്ന സൈക്കിൾ റാലിയോടെ വാട്ടർ ഫെസ്റ്റിന് ഔപചാരിക തുടക്കമാകും. ബേപ്പൂർ ബീച്ചിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പാതകയുയർത്തും. ഉച്ച 2 മുതൽ സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്ളൈബോർഡ് ഡെമോ, റോവിംഗ് ഡെമോ, സർഫിംഗ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സർഫിംഗ് ഡെമോ എന്നിവ നടക്കും.

'ആര്യമാൻ' കപ്പലിൽ കയറാം

ഉദ്ഘാടന ദിവസമായ ഇന്ന് ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ കോസ്റ്റ്ഗാർഡിന്റെ 'ആര്യമാൻ' കപ്പലിൽ ബേപ്പൂർ തുറമുഖത്ത് നിന്ന് ജനങ്ങൾക്ക് പ്രവേശിക്കാം. 2016 ഒക്ടോബറിൽ കൊച്ചിയിൽ കമ്മീഷൻ ചെയ്ത ആര്യമാൻ കൊച്ചിൻ ഷിപ്പ്യാർഡിലാണ് നിർമിച്ചത്. വൈകീട്ട് മൂന്നു മണിക്ക് ഭക്ഷ്യമേള കൗണ്ടറുകൾ സജ്ജമാകും. ബേപ്പൂർ പാരിസൺ ഗ്രൗണ്ടിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം വൈകുന്നേരം നാലിന് നടക്കും.

ഉത്തരവാദിത്ത ടൂറിസം, ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ് 30 വരെ

ഉത്തരവാദിത്ത ടൂറിസം മിഷൻ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിലാണ്. അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ ഇരുപതോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ടെക്സ്റ്റൈൽ കരകൗശല വിദഗ്ദ്ധർ പങ്കെടുക്കുന്ന ഫെസ്റ്റ് ഡിസംബർ 27ന് വൈകുന്നേരം 4.30 ന് നല്ലൂർ സ്റ്റേഡിയത്തിൽ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.