Sections

വായ്പ നൽകാൻ ഓടി എത്തുന്ന ആപ്പുകൾ, കരുതി ഇരുന്നില്ലെങ്കിൽ പണി കിട്ടും

Saturday, Feb 18, 2023
Reported By admin
loan

വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും  ഈ ആപ്പുകൾ


ആയിരക്കണക്കിന് ആപ്പുകളാണ് ഇന്ന് വായ്പകൾ നൽകാൻ മാത്രം കാത്തുനിൽക്കുന്നത്. ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ തന്നെ വായ്പ വേണോ എന്ന് ചോദിക്കുന്ന നിരവധി ആപ്പുകൾ. ഡെബിറ്റ് കാർഡുകളുപയോഗിച്ചു ഷോപ്പിങ് നടത്തുമ്പോൾ തവണ വ്യവസ്ഥയിൽ വായ്പ നൽകാൻ തയ്യാറായി നിൽക്കുന്നവർ.  ക്രെഡിറ്റ് കാർഡ് കൊണ്ട് വാങ്ങിയ വസ്തുവിന്റെ വില വായ്പ ആയി തരാമെന്ന് സ്നേഹത്തോടെ പറയുന്ന ആപ്പുകൾ.  പന്തയ ആപ്പുകൾ.  ചെറിയ ചെറിയ വ്യക്തിഗത വായ്പകൾ പണമായി ഞൊടിയിടയിൽ തരാമെന്ന് പറഞ്ഞു നമ്മെ മോഹിപ്പിക്കുന്ന ആപ്പ് കൂട്ടങ്ങൾ. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും  ഈ ആപ്പുകൾ പലതും രാജ്യത്തിനും സമ്പദ് വ്യവസ്ഥക്കും ഭീഷണിയായി.

ഇങ്ങനെയുള്ള ധാരാളം ആപ്പുകൾ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തവയോ,  സത്യസന്ധമായി ബിസിനസ്സ് ചെയ്യുവാൻ ഉദ്ദേശിച്ചുട്ടുള്ളവയോ അല്ലെന്ന് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത്തരം അറുനൂറിലധികം ആപ്പുകളെ ഏകദേശം ഒരു വർഷം മുൻപ് ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു.വായ്പ ആപ്പുകളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങളും കൊണ്ടുവന്നു. എന്നാൽ ഈ നടപടികൾ കൊണ്ട് കുഴപ്പക്കാരായ വായ്പ ആപ്പുകളുടെ പ്രവർത്തനം പൂർണമായും തടയുവാൻ കഴിഞ്ഞില്ല.  അവ പുതിയ കെട്ടിലും മട്ടിലും വീണ്ടും രംഗത്ത് വന്നു.  

ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇത്തരം ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്.  ചൈനയുമായുള്ള ബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണി എന്നീ കാരണങ്ങളാൽ ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഇരുനൂറ്റി മുപ്പതിലധികം പന്തയ ആപ്പുകളും വായ്പ ആപ്പുകളും ബ്ലോക്ക് ചെയ്ത് നിർത്തലാക്കി. നിലവിലുള്ള ആപ്പുകൾ പരിശോധിച്ച് നിബന്ധനകൾക്ക് വിധേയമായും വേണ്ടത്ര സുരക്ഷ സംവിധാനങ്ങളോടും കൂടെ പ്രവർത്തിക്കുന്ന ആപ്പുകൾക്കു റിസർവ് ബാങ്ക് പ്രവർത്താനുമതി നൽകി. റിസർവ് ബാങ്ക് അംഗീകരിച്ചതോ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതോ ആയ ആപ്പുകൾ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഇടാവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.  

കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഈ രീതിയിൽ കൂടുതൽ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നെങ്കിലും ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന ആപ്പുകളെ മുഴുവനായും ഇപ്പോഴും നിർത്തലാക്കുവാനോ പിഴുതെറിയുവാനോ കഴിഞ്ഞിട്ടില്ല.  മാത്രമല്ല, നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പഴുതുകളിലൂടെ അവ ഇനിയും പുറത്തു വരാം. അതിനാൽ ഡിജിറ്റൽ, ഓൺലൈൻ ഓഫറുകളിൽ  ആവേശത്തോടെ ചെന്ന് ചാടരുത്. ശ്രദ്ധയോടെ, ജാഗ്രതയോടെ ആപ്പുകളെ സമീപിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.