- Trending Now:
കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. റെക്കോര്‍ഡ് വില്‍പനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.
രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവില്‍പ്പനയും കുതിച്ചുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത് . ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് വിറ്റത് 117 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട വില്പന 85 കോടി രൂപയുടേതായിരുന്നു. ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടി, കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.
ഇക്കുറി നാല് മദ്യവില്‍പനശാലകളില്‍ വില്‍പന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് . തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട് ലെറ്റില്‍ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരിയ വ്യത്യാസത്തില്‍ കോടി നേട്ടം നഷ്ടമായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഇക്കുറി മദ്യത്തിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും ഔട്ട് ലെറ്റുകള്‍ പലതും സൗകര്യപ്രദമായ രീതിയില്‍ മാറ്റി സ്ഥാപിച്ചതും, എല്ലാ ബ്രാന്റുകളും ഔട്ട് ലെറ്റുകളില്‍ എത്തിക്കാനായതുമാണ് മദ്യവില്‍പ്പന കൂടാന്‍ കാരണമായതെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. കുറഞ്ഞ നിരക്കിലുള്ള മദ്യത്തിന്റെ വിതരണം മദ്യവിതരണക്കാര്‍ നിര്‍ത്തിവച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മദ്യവിതരണക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കുറഞ്ഞ നിരക്കിലുള്ള മദ്യവിതരണം ഓണക്കാലത്ത് പുനസ്ഥാപിച്ചതും വില്‍പ്പന കൂടാന്‍ ഇടയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.