Sections

ഫ്ലാറ്റുകളുടെ സ്ഥലപരിമിതി മറികടക്കാനുള്ള മികച്ച വഴികൾ

Thursday, Jul 11, 2024
Reported By Soumya
Best ways to overcome space limitations of flats

വീടിന്റെ അകത്തളങ്ങളിൽ ഒതുക്കി വയ്ക്കാനാകുന്ന വസ്തുക്കൾ നേരെ ഫ്ലാറ്റിന്റെ ഇടങ്ങളിലെത്തിയാൽ എങ്ങനെ ഒതുങ്ങിയിരിക്കണം എന്നറിയാതെ വീർപ്പു മുട്ടും. പല ഫ്ലാറ്റ് കുടുംബങ്ങളും അനുഭവിച്ചിട്ടുള്ള ഒരു ബുദ്ധിമുട്ടു തന്നെയാകും ഇത്. ആകെയുള്ള ഇത്തിരി സ്ഥലത്ത് എന്തൊക്കെ വച്ചാലാണ്. വീടുകളെ അപേക്ഷിച്ച് ഫ്ലാറ്റിന്റെ പോരായ്കയും ഇതു തന്നെ. മുറ്റത്തും വീടിനുള്ളിലുമായി ഒരുക്കാവുന്ന പല സൗകര്യങ്ങളും ഫ്ലാറ്റിന്റെ ഇട്ടാവട്ടത്ത് ഒരുക്കാൻ ഡിസൈനർമാർ പെടുന്ന പാട് ചെറുതൊന്നുമല്ല. വീടിന്റെ വലുപ്പമല്ല ഫ്ലാറ്റിന്, എന്നുള്ളതു കൊണ്ട് അതിനുള്ളിലെ സ്ഥലത്തെ കുറിച്ചും ഭംഗിയേക്കുറിച്ചും ചിന്തിച്ചാൽ മതിയാകും. അതായത് നല്ലൊരു ഇന്റീരിയർ ഡിസൈനർ വിചാരിച്ചാൽ ഫ്ലാറ്റ് അതിമനോഹരമാക്കാം എന്നു സാരം. നിരവധി പുതിയ ശൈലികൾ ഫ്ലാറ്റ് ഇന്റീരിയർ ലോകത്തിലേയ്ക്ക് കടന്നു വന്നിട്ടുണ്ട്. വീടുകളുടെ അടിസ്ഥാന ശൈലീമാറ്റങ്ങളായ കണ്ടംപററി ശൈലി, കൊളോണിയൽ ശൈലി തുടങ്ങിയവയാണ്, ഇന്ന് ട്രെൻഡ്, എന്നാൽ പഴയ ട്രഡീഷണൽ രീതിയ പുതുക്കി ന്യൂജനറേഷനാക്കുന്നവരും കുറവല്ല.

  • മിനിമലിസം എന്ന സമകാലീകശൈലി ഫ്ലാറ്റുകളിൽ വളരെ ഉപയോഗപ്രദമാണ്. അതായത് കുറച്ചു സ്ഥലത്തെ ഏറ്റവും മനോഹരമായി ഒരുക്കി വയ്ക്കുന്ന രീതിയാണ്, മിനിമലിസത്തിൽ സംഭവിക്കുന്നത്. ഓരോ ചെറിയ ഇടങ്ങൾക്കും അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ടാകും, അവിടങ്ങളൊക്കെ ഉപയോഗയുക്തവുമായിരിക്കും.മാത്രമല്ല ഈ ശൈലിയിലെ ഫ്ലാറ്റുകളിൽ ആവശ്യത്തിന്, കാറ്റും വെളിച്ചവും കടന്നു വരാനുള്ള സൗകര്യവുമുണ്ട്. ഏതു ചെറിയ ഇടങ്ങളും ഏറ്റവും പ്രയോജനപ്രദമായ നിലയിൽ മാറ്റാനും ഫ്ലാറ്റിൽ കഴിയണം.
  • ഇപ്പോൾ ചില ഫ്ലാറ്റുകൾ പച്ചപ്പിനു ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്, ചെടികൾ വച്ച് പിടിപ്പിക്കാനായി മാത്രം പ്രത്യേകം ബാൽക്കണി കൊടുത്തിരിക്കുന്ന ഫ്ലാറ്റുകൾ പോലുമുണ്ട്. ബോണസായി ഉൾപ്പെടെയുള്ള ചെടികൾ കൊണ്ട് ഇവിടം നിറഞ്ഞിരിക്കും. വളർത്തു മൃഗങ്ങളെ വളർത്താനും ടെറസ് ഉപയോഗിക്കാൻ കഴിയും.
  • ഫ്ലാറ്റുകളിൽ ഏറ്റവുമധികം ഇപ്പോൾ ട്രെൻഡ് ആയി ചേക്കേറിയിരിക്കുന്നത് സ്ഥലപരിമിതിയുടെ പ്രശ്നങ്ങളെ മറികടന്ന മോഡുലാർ രീതി തന്നെയാണ്. ഈ അടുക്കളയ്ക്ക് ഒരു കൃത്യം അളവുകൾ ഉണ്ടാകും. പ്ലേറ്റ് റാക്കറ്റ്, കബോർഡ്, സിങ്ക് എന്നവിയുടെ ഒക്കെ കൃത്യം അളവനുസരിച്ചാണ്, ഇത്തരം പ്രീ ഫാബ്രിക്കേറ്റഡ് അടുക്കള വരുക.
  • മിക്കവരും ചില പ്രത്യേക തീമുകളെ അനുസരിച്ചാണ്, കുട്ടിമുറി ഒരുക്കുന്നത്. അവർക്കിഷ്ടപ്പെട്ട ഒരു കാർട്ടൂൺ കഥാപാത്രം, സിനിമകൾ എന്നിവ അനുസ്മരിപ്പിക്കുന്ന തീമുകൾക്ക് ഡിമാൻഡുണ്ട്.കണ്ടംപററി ശൈലിയാണെങ്കിൽ നിറമടിച്ച വാൾ പ്രൊജക്ഷനുകളും ഫാൾ സീലിങ്ങുകളും ഒക്കെ ചേർന്ന് കുട്ടിമുറി ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും.
  • ഒറ്റക്കാഴ്ച്ചയിൽ ഉള്ളതിലേറെ ഉയരം തോന്നിക്കുന്ന സീലിങ്ങുകളാണ്, ഇപ്പോഴത്തെ ഒരു ട്രെൻഡ്. മിറർ സീലിങ്ങ് അതിനായി ഉപയോഗിക്കാം.
  • മുറിയ്ക്ക് നിറം നൽകുന്നത് ഒരു കലയാണ്. ഇന്നത്തെ കാലത്ത് ഡിസൈനർമാർ അത് അത്രയും ഭംഗിയായി ചെയ്യുന്നുമുണ്ട്. കണ്ണിൽ കുത്തുന്ന തരത്തിലുള്ള ഇടിവെട്ട് നിറങ്ങളായിരുന്നു ഒരിടയ്ക്കുണ്ടായിരുന്ന ട്രെൻഡ് എങ്കിൽ ഇപ്പോൾ കാലം മാറി. കയറി വരുന്ന മുറിയുടെ സ്പെയ്സ് കൂട്ടാൻ ബ്ലാക്ക് ആൻഡ് വൈറ്റ് കോംബിനേഷൻ ഉപയോഗിക്കുന്നത് മുറിയ്ക്ക് ഒരു പ്രത്യേക പ്രൗഡി നൽകുന്നുണ്ട്.
  • കുട്ടി മുറിയുടെ പോലെ തന്നെ എന്തെങ്കിലും തീമുകൾ വച്ച് പെയിന്റ്, ചെയ്യുന്നവരും ഇന്ന് കുറവല്ല. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വീടിനുള്ളിലുള്ള ഫർണീച്ചറുകൾ കൂടി അനുസരിച്ചായിരിക്കണം നിരം നൽകാൻ എന്നതാണ്.
  • ബാത്റൂമുകളിൽ വലിയ രീതികളിലുള്ള മാറ്റങ്ങൾ പൊതുവേ ഉണ്ടായിട്ടുണ്ടെങ്കിലും ഫ്ലാറ്റുകളുടെ സ്ഥലപരിമിതി കൊണ്ടു തന്നെ വലുപ്പത്തിന്റെ കാര്യത്തിൽ ഒത്തിരി പ്രാധാന്യം കൈവന്നിട്ടില്ല. ഡ്രൈ - വെറ്റ് ഏരിയകളാണ്, ഇപ്പൊഴത്തെ ബാത്ത് റൂം ട്രെൻഡ്. ക്ലോസറ്റ്, വാഷ് ബേസിൻ തുടങ്ങിയ നനവു പറ്റാൻ സാദ്ധ്യത കുറഞ്ഞ സ്ഥലമാണ്, ഡ്രൈ ഏരിയ. പൈപ്പിങ്ങുള്ള കുളിക്കുന്ന സ്ഥലമാണ്, വെറ്റ് ഏരിയ, ഈ ഭാഗമാണ്, നനയാൻ സാദ്ധ്യതയുള്ള ഇടങ്ങൾ. അതുകൊണ്ടു തന്നെ ഈ ഇടങ്ങളിൽ വ്യത്യസ്തമായ ടൈലുകൾ ഉപയോഗികുക. ക്ലോസറ്റിലുമുണ്ട് മാറ്റങ്ങൾ , വാൾമൌണ്ട് ക്ലോസറ്റിൽ തന്നെ ഭിത്തിയ്ക്കുള്ളിൽ ഫ്ലഷ് ടാങ്ക് വരുന്ന ഇനമാണ്, പുതിയ തരംഗം. ഫ്ലഷ്ടാങ്കിനു വേണ്ടി വരുന്ന അധികസഥലം ആവശ്യമില്ലെന്ന പുതുമയും മെച്ചവും ഇതിനുണ്ട്.
  • ട്രഡീഷണൽ രീതിയിലുള്ള മുറികൾക്ക് ആന്റീക് തരത്തിലുള്ള ഫർണീച്ചറുകൾ തന്നെയാണ്, അലങ്കാരം.മൾട്ടി പർപ്പസ് ഫർണീച്ചറുകളും ഇപ്പോൾ തരംഗമാണ്. വളരെ വലിപ്പം കുറവാണെങ്കിലും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഫർണീച്ചറുകളാണിവ.സെറ്റി ആയും സ്റ്റഡി ടേബിൾ ആയും ചിലപ്പോൾ ബെഡ് ആയും ഒക്കെ ഒരേ ഫർണീച്ചർ ഉപയോഗിക്കാൻ കഴിയുന്നതോടെ അത്രയും സ്ഥലത്തിന്റെ ഉപയോഗം ആവശ്യത്തിനാവുന്ന അവസ്ഥ ഫ്ലാറ്റിൽ പ്രയോജനപ്രദമാണ്.
  • ഇത്തിരി സ്ഥലത്തു നിന്നു കൊണ്ട് സൗകര്യങ്ങളൊരുക്കുമ്പോൾ ശ്രദ്ധിക്കാവുന്ന ഒത്തിരി കാര്യങ്ങളുണ്ട്. വാസ്തു എന്നത് വീടു വയ്ക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒന്നാണെങ്കിലും പലപ്പോഴും ഫ്ലാറ്റിന്റെ കാര്യത്തിൽ അത്ര ശ്രദ്ധിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷേ എന്നിരുന്നാലും അടുക്കള ചെയ്യുമ്പോൾ വടക്ക് ഒഴിവാക്കി ചെയ്യുന്നതാണു നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.