- Trending Now:
പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇനി ആധാര്‍ കൂടിയേ തീരൂ
ആധാര്‍, അതല്ലേ എല്ലാം.. എന്ന് ആരും പറഞ്ഞു പോകും. പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇനി ആധാര്‍ കൂടിയേ തീരൂ. പെന്‍ഷന്‍ കിട്ടാനും പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനും ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ സമര്‍പ്പിക്കണ്ടി വരും. ആടും കോഴിയും പശുവും പച്ചക്കറി വിത്തും പണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഏതു ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടാലും ആധാര്‍ ആധികാരിക രേഖയായി നല്‍കേണ്ടി വരും.
പഞ്ചായത്തിലെ പദ്ധതി വിഹിതത്തിനായി ഗ്രാമസഭകള്‍ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയാണ് നിലവിലെ മാനദണ്ഡം. ഇതിലെ പേരുകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന 5 തരം ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം.
വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായത്തിനും ആധാര്‍ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള അധികൃതരുടെ മുന്‍കരുതലാണിത്. തദ്ദേശ വകുപ്പിന്റെ ഓണ്‍ലൈനായുള്ള പരാതി പരിഹാര സംവിധാനത്തില്‍ അപേക്ഷകരെ തിരിച്ചറിയാനും ആധാര്‍ ഉപയോഗിക്കും. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം (ILGMS) എന്ന ഓണ്‍ലൈന്‍ സേവന സംവിധാനം നടപ്പാക്കിയ 309 പഞ്ചായത്തുകളിലാണ് പരിഷ്‌കാരം ആദ്യം നിലവില്‍ വരിക. ഏപ്രില്‍ മുതല്‍ ബാക്കിയുള്ള പഞ്ചായത്തുകളിലും ഈ സേവനം വ്യാപിക്കുന്നതോടെ പഞ്ചായത്തുതലത്തില്‍ പരിഷ്‌കാരം പൂര്‍ണമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.