Sections

ബേസിൽ ജോസഫ് കാലിക്കറ്റ് എഫ് സി ബ്രാൻഡ് അംബാസിഡർ

Tuesday, Sep 10, 2024
Reported By Admin
Basil Joseph Calicut FC brand ambassador

കോഴിക്കോട്: സുപ്രസിദ്ധ സംവിധായകനും ചലച്ചിത്രതാരവുമായ ബേസിൽ ജോസഫ് സൂപ്പർ ലീഗ് കേരള ഫുട്ബോൾ മാമാങ്കത്തിൽ കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡറായി. ഇന്ന് (സെപ്റ്റംബർ പത്ത്) കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം കാണാനും ടീമിനെയും ആരാധകരെയും പ്രോത്സാഹിപ്പിക്കാനും ബേസിൽ ജോസഫും കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെത്തും.

തിരുവനന്തപുരം കൊമ്പൻസുമായാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം. ആദ്യ മാച്ചിൻറെ ടിക്കറ്റ് വിൽപനയിൽ നിന്നും നടക്കുന്ന നറുക്കെടുപ്പിൻറെ സമ്മാനദാനവും മത്സരവേദിയിൽ വച്ച് ബേസിൽ നിർവഹിക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള ചലച്ചിത്രരംഗത്ത് സജീവമായ ബേസിൽ ജോസഫ്, കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ അദ്ദേഹം പിന്നീട് എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറുകയായിരുന്നു.

യുവത്വത്തിൻറെ പൾസ് അറിയുന്ന ബേസിൽ ജോസഫിനെപ്പോലുള്ള താരത്തിൻറെ സാന്നിദ്ധ്യം കാലിക്കറ്റ് എഫ് സിയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പിൻറെ എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് പറഞ്ഞു.

മത്സരത്തിനുള്ള ടിക്കറ്റ് പേടിഎം ഇൻസൈഡർ ആപ്പ് വഴി ബുക്ക് ചെയ്യാം. വൈകുന്നേരം ഏഴ് മണി മുതൽ ആണ് മത്സരം തുടങ്ങുന്നത്. കാലിക്കറ്റ് എഫ് സി യ്ക്ക് അഞ്ച് ഹോം മാച്ചുകളാണ് ഉള്ളത്.

അന്താരാഷ്ട്ര പ്രശസ്തനായ ഇയാൻ ആൻഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ് സി യുടെ കോച്ച്. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൻറെ കോച്ചായി തിരഞ്ഞെടുത്ത ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റൻറ് കോച്ച്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മഞ്ചേരി എന്നിവിടങ്ങളിലായാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങൾ നടക്കുന്നത്. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനൽ ഉൾപ്പെടെ ആകെയുള്ള 33 മത്സരങ്ങളിൽ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബർ 10ന് കൊച്ചിയിലാണ് ഫൈനൽ. സ്റ്റാർ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

  • കാലിക്കറ്റ് എഫ്സി X തിരുവനന്തപുരം കൊമ്പൻസ് (സെപ്തംബർ 10)
  • കാലിക്കറ്റ് എഫ്സി X കൊച്ചി ഫോർക എഫ്സി (സെപ്തംബർ 18)
  • കാലിക്കറ്റ് എഫ്സി X തൃശൂർ മാജിക്ക് എഫ്സി (സെപ്തംബർ 24)
  • കാലിക്കറ്റ് എഫ്സി X കണ്ണൂർ വാരിയേഴ്സ് എഫ്സി (സെപ്തംബർ 28)
  • കാലിക്കറ്റ് എഫ്സി X മലപ്പുറം എഫ്സി (ഒക്ടോബർ 12)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.