- Trending Now:
കൈയിലുള്ള ചെറിയ സമ്പാദ്യം കൊണ്ട് സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് നമ്മളില്‍ ഒട്ടുമിക്ക ആളുകളുടെയും വലിയ സ്വപ്‌നം ആയിരിക്കും.അത്തരത്തില്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്‌സ് നിര്‍മാണം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്‌സ്. അതുകൊണ്ട് തന്നെ വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. അസംസ്‌കൃത വസ്തുക്കള്‍ നമ്മുടെ നാട്ടില്‍ തന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ലഭിക്കും എന്നത് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ മികവാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഏത്തവാഴ കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്, അവരെ കണ്ടെത്തി ആവശ്യമുള്ളവ നേരിട്ട് വാങ്ങിക്കുന്നതിലൂടെ സംരംഭകന് ഗുണമേന്മയുള്ള ഏത്തക്കായ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. ഇത് വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുന്നു.ചുരുക്കി പറഞ്ഞാല്‍ ഒരുപാട് പേര്‍ക്ക് സഹായം ആകുകയും അതിനൊപ്പം സ്വന്തം പോക്കറ്റിലേക്ക് ലാഭം ഒഴുകുകയും ചെയ്യുന്ന ചെറുകിട സംരംഭം തന്നെയാണ് ചിപ്‌സ് നിര്‍മ്മാണം.
ചെറിയ രീതിയില്‍ ആരംഭിക്കുന്നത് കൊണ്ട് തന്നെ വീടുകളിലെ അടുക്കളയില്‍ നിന്ന് ഉത്പന്നം തയ്യാറാക്കി തുടങ്ങുന്നതാകും നല്ലത്.ചെറിയ തോതില്‍ മാത്രം തുടക്കത്തില്‍ ചിപ്‌സ് നിര്‍മിച്ചു, സാധ്യതകള്‍ മനസിലാക്കിയ ശേഷം സംരംഭം വിപുലീകരിക്കുക.ചിപ്‌സ് നിര്‍മാണത്തിന് ആവശ്യമാകുന്നത് ഏത്തക്കായയും, വെളിച്ചെണ്ണയും, ഉപ്പും മാത്രമാണ്.
മികച്ച ഗുണമേന്മ എപ്പോഴും നിലനിര്‍ത്തുക എന്നതാണ് ഈ സംരംഭത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്. തുടക്കത്തില്‍ തന്നെ യന്ത്രങ്ങള്‍ വാങ്ങി നിര്‍മാണം നടത്തേണ്ട ആവശ്യമില്ല. വീട്ടിലെ അംഗങ്ങളുടെയോ, ജോലിക്കാരുടെയോ സഹായത്തോടെ നിര്‍മാണം തുടങ്ങി വിപണിയില്‍ എത്തിക്കാം. വിപണി വികസിക്കുന്നതിന് ഒപ്പം ചിപ്‌സ് തയ്യാറാക്കാനുള്ള മെഷീനുകളുടെ സഹായം തേടാം.ഈ സംരംഭത്തില്‍ പ്രധാനമായും ആവശ്യമാകുന്ന യന്ത്രം 'ബനാന സ്ലൈസിങ് മെഷീന്‍' ആണ്. ഒരേ വലിപ്പത്തില്‍ ഏത്തക്കായ മുറിച്ചു കിട്ടുവാന്‍ ഇത് സഹായിക്കുന്നു. സ്ലൈസിങ് മെഷീന്‍ ഉപയോഗിച്ച് 100-150 കിലോഗ്രാം കായ ഒരു മണിക്കൂറില്‍ മുറിക്കുവാന്‍ സാധിക്കും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ 1 HP പവര്‍ ആണ് ആവശ്യമുള്ളത്. ഇതിന്റെ വില ഏകദേശം 10000 രൂപയാണ്. പിന്നീട് ആവശ്യമായത് 'പാക്കിങ് മെഷീനും', 'ഇലക്ട്രോണിക് വെയ്യിങ് മെഷീനുമാണ്'. പാക്കിങ് മെഷീന് വാങ്ങാന്‍ 3000 രൂപയും, വെയിങ് മെഷീന്‍ വാങ്ങാന്‍ 3000 രൂപയും ചിലവ് വരും. കൂടാതെ കായ വറുക്കാന്‍ ആവശ്യമായ പാത്രങ്ങളും വാങ്ങേണ്ടതുണ്ട്. വിറകടുപ്പ് തന്നെയാണ് ചിപ്‌സ് നിര്‍മാണത്തില്‍ ഏറെ അനുയോജ്യം. ബനാന സ്ലൈസര്‍ ഉപയോഗിക്കുന്നതിലൂടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുവാനും ഒപ്പം ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. സ്ലൈസര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത കായ മഞ്ഞള്‍ പൊടി കലക്കിയ വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നത് കായയുടെ കറ ഒഴിവാക്കുന്നതിനും, ചിപ്‌സിന് നിറം ലഭിക്കുവാനും സഹായിക്കുന്നു.
ഈ സംരംഭം വിജയകരമാക്കുന്നത് ഗുണമേന്മ നിലനിര്‍ത്തുന്നതിലൂടെയും, ദിവസ ചിലവ് കുറയ്ക്കുന്നതിലൂടെയും ആണ്. 100 കിലോഗ്രാം കായ വറുക്കാന്‍ ഏകദേശം 15 ലിറ്റര്‍ വെളിച്ചെണ്ണ ആവശ്യമായി വരും. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വില നല്‍കി തിരികെ വാങ്ങുന്ന ഏജന്‍സികളുണ്ട്, അത്തരക്കാര്‍ക്ക് ഉപയോഗിച്ച എണ്ണ നല്‍കി പ്രവര്‍ത്തന ചിലവുകള്‍ കുറയ്ക്കുവാന്‍ സാധിക്കും.
സ്റ്റേഷനറി കടകള്‍, ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോള്‍സെയില്‍ കടകള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ ചിപ്‌സ് വില്‍ക്കാം. വൃത്തിയോടെയും, അളവില്‍ കൃത്യതയോടെയും പാക്ക് ചെയ്ത് വേണം ചിപ്‌സ് വിപണിയില്‍ എത്തിക്കാന്‍. ആകര്‍ഷകമായി ബ്രാന്‍ഡ് ചെയ്ത് ഗുണനിലവാരമുള്ള പാക്കിങ് കവറുകളില്‍ ചിപ്‌സ് വിപണിയില്‍ എത്തിച്ചാല്‍ ആവശ്യക്കാര്‍ കൂടും എന്നത് തീര്‍ച്ചയാണ്. ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ചു ഉത്പാദനം വര്‍ദ്ധിപ്പിക്കാം, ഒപ്പം കൂടുതല്‍ ലാഭവും ലഭിക്കും.
സംരംഭം തുടങ്ങുന്നതിന് മുന്നേ തന്നെ എഫ്.എസ്.എസ്.എ.ഐ യുടെ ഫുഡ് സേഫ്റ്റി ലൈസന്‍സ്,ഉത്പന്നം പാക്കറ്റുകളില്‍ വില്‍ക്കുന്നതിനാല്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പാക്കിങ് ലൈസന്‍സ് എന്നിവ നേടിയിരിക്കണം. ഇവയൊക്കെ വളരെ വേഗത്തില്‍ ലഭ്യമാകും. കൂടാതെ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ധാരാളം വായ്പ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂലധനത്തെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടി വരില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.