- Trending Now:
പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം അടുത്ത മാസം വരുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. കെല്‍ട്രോണ്‍ മുന്‍കൈ എടുത്താണ് പ്ലാറ്റ് ഫോം രൂപീകരിക്കുന്നത്. ഈ പ്ലാറ്റ് ഫോം വഴി ബാംബൂ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 92000 സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 5400 കോടിയുടെ നിക്ഷേപം വന്നു. രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഇതൊരു ചരിത്ര നേട്ടമാണ്.മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും സംരംഭക വര്‍ഷം പദ്ധതുയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബാംബൂ എന്ന പേരില്‍ മുളയെ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനത്തില്‍ വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന 19-ാമത് കേരള ബാംബുഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബാംബൂ കോര്‍പ്പറേഷന്റെ യൂ ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബു ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.സംസ്ഥാന ബാംബു മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്.
ചടങ്ങില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍ പ്രത്യേക പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല ഐഎഎസ്,എപി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, നാഷണല്‍ ബാംബൂ മിഷന്‍ അസി.കമ്മീഷണര്‍ ശ്രീകാന്ത് കെ എസ്, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, കെബിപ്പ്/ കേരള സംസ്ഥാന ബാംബൂ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.