- Trending Now:
കൊച്ചി: ആഗോള ടാക്സ് കൺസൽട്ടന്റ് കമ്പനി ബേക്കർ ടില്ലി-പൈയേറിയൻ(ബിടി-പൈ) മാനേജ ഡ് സർവീസസ് എൽഎൽപിയുടെ കേരളത്തിലെ ആദ്യ ഓഫീസ് ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. 1000 ൽപ്പരം തൊഴിലവസരങ്ങളാണ് ഇതു വഴി ഇൻഫോപാർക്കിൽ സൃഷ്ടിക്കപ്പെടുന്നത്.
വിദ്യാസമ്പന്നമായ കേരള സമൂഹത്തിന്റെ വിജ്ഞാന ശേഷി പൂർണമായും ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് കമ്പനിയുടെ ആഗോള മേധാവി ഡിയേന്ന മെറിഫീൽഡ് പറഞ്ഞു.
ബംഗളുരുവിനപ്പുറത്തേക്ക് ഓഫീസ് പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കമ്പനിയുടെ യുഎസ് ഓഫീസ് വഴിയാണ് കൊച്ചിയെ തെരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ ആയിരം പേരെയെങ്കിലും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻഫോപാർക്ക് ഫേസ് ഒന്ന് കാമ്പസിലെ ലുലു സൈബർ ടവർ ഒന്നിലെ പതിനായിരം ചതുരശ്രയടി സ്ഥലത്താണ് ബിടി-പൈ പ്രവർത്തനം തുടങ്ങുന്നത്. തുടക്കത്തിൽ 85 ജീവനക്കാരാണുണ്ടാകുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേക്കർ ടില്ലിയും ഇന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൈയേറിയൻ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ബിടി-പൈ. അമേരിക്കൻ നികുതി സംബന്ധമായ സേവനങ്ങളാണ് കമ്പനി നൽകുന്നത്. വരും ദിവസങ്ങളിൽ തുടക്കക്കാർക്കും പരിചയസമ്പന്നർക്കും ഒരു പോലെ അവസരമുണ്ടാകുമെന്നും കമ്പനിയുടെ ഇന്ത്യ മേധാവി ഗുരുനാഥ് കനത്തൂർ പറഞ്ഞു.
ബിടി-പൈ ടാക്സ് മേധാവി ക്രിസ് ജോൺസൺ, ക്രേസെൻ ബോഷിലോവ്, ബ്രിജിഡ് എലിയട്ട്, ലൈജിയ വെയിൽ തുടങ്ങിയ ബിടി-പൈയുടെ ആഗോള നേതൃനിരയും ചടങ്ങിൽ സംബന്ധിച്ചു.
ബംഗളുരു ഓഫീസിലെ ടാക്സ് ഡയറക്ടർ ഭാരതി ചന്ദ്രൻ, കൊച്ചി സെന്റർ ലീഡ് സൈബിൻ പൗലോസ്, മാനേജർ രാജ്കുമാർ കെ എന്നിവരാണ് കമ്പനിയുടെ കൊച്ചിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.