Sections

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 40 നഗരസഭകളുടെ ആക്ഷൻ പ്ലാനിന് അംഗീകാരം

Thursday, Dec 08, 2022
Reported By admin
 Ayyankali Urban Employment Guarantee Scheme

ഈ സാമ്പത്തിക വർഷത്തിൽ നവംബർ 30 വരെ സംസ്ഥാനത്താകെ 23.02 ലക്ഷം തൊഴിൽദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരസഭകളിൽ സൃഷ്ടിച്ചത്

 

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി 40 നഗരസഭകളുടെ ആക്ഷൻ പ്ലാനും 62.8 കോടിയുടെ ലേബർ ബഡ്ജറ്റും അംഗീകരിച്ചതായി തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭകൾക്ക് ഒന്നാം ഗഡു അനുവദിക്കാനും സംസ്ഥാന തൊഴിലുറപ്പ്കൗൺസിലിന്റെ യോഗം തീരുമാനിച്ചു.

ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസവേതനം 311 രൂപയാക്കി ഇതിനകം വർധിപ്പിച്ചിട്ടുണ്ട്.  സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ദാരിദ്ര ലഘൂകരണ പ്രക്രീയയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകും. കോവിഡാനന്തര കാലഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതി സാധാരണക്കാർക്ക് വലിയ തോതിൽ സഹായകരമാണ്. കേരളം പദ്ധതിയിലൂടെ രാജ്യത്തിന് പുത്തൻ മാതൃകയാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ നഗരസഭകളുടെയും പ്രവൃത്തിയിലെ പുരോഗതി കൗൺസിൽ വിലയിരുത്തി. ഈ സാമ്പത്തിക വർഷത്തിൽ നവംബർ 30 വരെ സംസ്ഥാനത്താകെ 23.02 ലക്ഷം തൊഴിൽദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരസഭകളിൽ സൃഷ്ടിച്ചത്. ഇതിനായി 75.13 കോടിയാണ് ചെലവായത്. ഇതിൽ 20.44 ലക്ഷം തൊഴിൽദിനങ്ങൾ മുൻസിപ്പാലിറ്റികളിലും 2.57 ലക്ഷം തൊഴിൽദിനങ്ങൾ കോർപറേഷനിലുമാണ്. 55,059 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച കൊല്ലമാണ് കോർപറേഷനുകളിൽ ഒന്നാം സ്ഥാനത്ത്. മുൻസിപ്പാലിറ്റികളിൽ 52,830 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച കൊട്ടാരക്കരയാണ് ഒന്നാം സ്ഥാനത്ത്. 1093 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച ആലുവ നഗരസഭയാണ് നഗരസഭകളിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. ഈ വർഷം ഇതിനകം 79.7കോടി രൂപയാണ് പദ്ധതിക്കായി നഗരസഭകൾക്ക് അനുവദിച്ചുനൽകിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.