- Trending Now:
കോട്ടയം: വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തി ലോകശ്രദ്ധ നേടിയ കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകൾ പ്രയോജനപ്പെടുത്തും വിധമാണ് പദ്ധതി വിഭാവനം ചെയ്തത്. ടൂറിസം വകുപ്പിന്റെ അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 'വലിയമട വാട്ടർ ഫ്രണ്ടേജ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിനായി അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു.
കളർമ്യൂസിക്ക് വാട്ടർഫൗണ്ടൻ, ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്ളോട്ടിങ്ങ് വാക്വേ, കുളത്തിലൂടെ രണ്ടു മുതൽ നാലുപേർക്ക് വരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡൽ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികൾ, പത്തോളം ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മഴക്കാലമായാൽ പോലും വിനോദസഞ്ചാരത്തിന് തടസ്സമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവിൽ ക്രമീകരിച്ച് നിർത്താൻ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴപെയ്ത് കുളത്തിൽ വെള്ളം നിറഞ്ഞാൽ അധികമായി വരുന്ന ജലം സമീപത്തെ തോടിലൂടെ ഒഴുക്കി വിടാനും അതിലൂടെ കുളത്തിലെ ജലത്തിന്റെ അളവ് പദ്ധതിക്ക് അനുസൃതമാകും വിധം ക്രമീകരിച്ചു നിർത്താനും ഇതിലൂടെ സാധിക്കും. പ്രാദേശിക വിനോദസഞ്ചാരികളേയും വിദേശ വിനോദ സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്ന വിധമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അയ്മനം എന്ന പേര് ഒരിക്കൽ കൂടി ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.