Sections

കൊച്ചിയിലെ വനിതകൾ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 3.6 മടങ്ങ് വർധനവ്

Friday, Jul 05, 2024
Reported By Admin
Axis Mutual Fund study

കൊച്ചി: കൊച്ചിയിലെ വനിതകൾ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 3.6 മടങ്ങ് വർധനവുണ്ടായതായി ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ പഠനം ചൂണ്ടിക്കാട്ടുന്നു. വനിതാ നിക്ഷേപകരുടെ എണ്ണത്തിലും 3.6 മടങ്ങ് വർധനവ് രേഖപ്പെടുത്തി. 2019 മാർച്ച് 31 മുതൽ 2023 ഡിസംബർ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോർട്ട് വിശകലനം ചെയ്തത്. ഈ കാലയളവിൽ കേരളത്തിലെ വനിതകൾ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 3.7 മടങ്ങ് വർധനവ് രേഖപ്പെടുത്തി.

വനിതാ നിക്ഷേപകരിൽ 72 ശതമാനവും സ്വതന്ത്രമായ നിക്ഷേപ തീരുമാനങ്ങളാണ് ഇപ്പോൾ കൈക്കൊള്ളുന്നതെന്നു പഠനം വ്യക്തമാക്കുന്നു. അന്തിമമായ ഈ സ്വതന്ത്ര തീരുമാനം കൈക്കൊള്ളുന്നതിനു മുൻപ് 70.4 ശതമാനം വനിതകളും പ്രൊഫഷണലുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിക്ഷേപ സംബന്ധിയായ ഉപദേശവും തേടുന്നുണ്ട്. മുൻകാല പ്രകടനങ്ങൾ അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ നിക്ഷേപകരെ കുറിച്ചുള്ള തങ്ങളുടെ പഠനത്തിലൂടെ മനസിലാകുന്നത് ആക്സിസ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 30 ശതമാനം വനിതകളാണെന്നാണെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു. വനിതകളുടെ നിക്ഷേപ മുൻഗണനകൾ കണക്കിലെടുത്തുള്ളതും അവരെ സാമ്പത്തിക രംഗത്തെ യാത്രയിൽ ശാക്തീകരിക്കുന്നതുമായ പദ്ധതികൾ ആക്സിസ് എഎംസി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളാണ് തങ്ങളുടെ വനിതാ നിക്ഷേപകർ കൈക്കൊള്ളുന്നതെന്നു പഠനം ചൂണ്ടിക്കാട്ടുന്നതായും ദീർഘകാല ലക്ഷ്യങ്ങളും സ്ഥിരതയും അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടകങ്ങളാണെന്നും ആക്സിസ് എഎംസി സിഐഒ ആഷിഷ് ഗുപ്ത പറഞ്ഞു.

ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ നിലവിലുള്ള രാജ്യത്തുടനീളമുള്ള 1 കോടിയിലധികം വരുന്ന ആക്സിസ് എംഎഫ് ഉപഭോക്താക്കളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോർട്ട് പുറത്തുവിട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.