Sections

ആക്‌സിസ് മ്യൂചൽ ഫണ്ട് ഒഎൻഡിസി ശൃംഖലയിൽ

Wednesday, Apr 16, 2025
Reported By Admin
Axis Mutual Fund Joins ONDC to Expand Digital Mutual Fund Access Across India

കൊച്ചി: രാജ്യത്തെ മുൻനിര അസറ്റ് മാനേജ്മെൻറ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂചൽ ഫണ്ട് വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപിഐഐടിയുടെ ആഭിമുഖ്യത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓപ്പൺ നെറ്റ് വർക്കായ ഒഎൻഡിസിയിൽ പങ്കാളിയായി. മ്യൂചൽ ഫണ്ട് നിക്ഷേപങ്ങൾ പ്രത്യേകിച്ച് ആക്സിസ് മ്യൂചൽ ഫണ്ട് നിക്ഷേപങ്ങൾ, കൂടുതൽ മേഖലകളിൽ ലഭ്യമാക്കുന്നതിനുള്ള നിർണായക ചുവടു വെപ്പാണിത്. നിക്ഷേപവുമായി ബന്ധപ്പെട്ട് സാധാരണയായുള്ള തടസങ്ങൾ ഒഴിവാക്കി വിവിധ മ്യൂചൽ ഫണ്ട് പദ്ധതികൾ ലളിതമായി പ്രയോജനപ്പെടുത്താൻ ഇതു നിക്ഷേപകരെ സഹായിക്കും.

ഇന്ത്യയിൽ എല്ലാവർക്കും ഔപചാരിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള പാതയിലെ നിർണായക നീക്കമാണിതെന്ന് ആക്സിസ് അസറ്റ് മാനേജ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാർ പറഞ്ഞു. ഇപ്പോൾ സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലും വിദൂര മേഖലകളിലും ഉള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് നിക്ഷേപം സാധ്യമാക്കുന്നതാണ് ഈ നീക്കം. സമ്പത്തു സൃഷ്ടിക്കുന്നതിനെ ജനാധിപത്യവൽക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലെത്തുന്ന കാര്യത്തിൽ പുതിയ നിർവചനങ്ങൾ കൊണ്ടു വരുന്നതാണ് ഒഎൻഡിസി ശൃംഖലയുടെ പ്രവർത്തനങ്ങളെന്ന് ഒഎൻഡിസി ഫിനാൻഷ്യൽ സർവീസസ് എസ് വി പി ഹൃഷികേഷ് മെഹ്ത പറഞ്ഞു.

രാജ്യത്തിൻറെ വിദൂര മേഖലകളിലുള്ളവർ ഉൾപ്പെടെ എല്ലാവർക്കും സുഗമമായി മ്യൂചൽ ഫണ്ട് നിക്ഷേപം നടത്താൻ ഇതു സഹായകമാകും. ചെലവു കുറഞ്ഞ രീതിയിൽ നിക്ഷേപം സാധ്യമാകുന്നു, കൂടുതൽ സുതാര്യത ലഭിക്കുന്നു തുടങ്ങിയ നിരവധി ഗുണങ്ങളും ഇതിന്റെ പ്രത്യേകതകളാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.