- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക്, ഭാവി ഒളിമ്പ്യൻമാരെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് ഒജിക്യൂ-ഫൗണ്ടേഷൻ ഫോർ പ്രൊമോഷൻ ഓഫ് സ്പോർട്സ് ആൻഡ് ഗെയിംസ് (എഫ്പിഎസ്ജി), ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട് (ഐഐഎസ്) എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു.
നിലവിലുള്ള അത്ലറ്റുകളെ ഉയർന്ന തലത്തിൽ മത്സരിപ്പിക്കുന്നതിനും, യുവ ഇന്ത്യൻ അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിനുമാണ് ഇരു പങ്കാളിത്തവും ലക്ഷ്യമിടുന്നത്. ബാങ്കിൻറെ സിഎസ്ആർ പദ്ധതിക്ക് കീഴിൽ ഇതാദ്യമായാണ് കായികരംഗത്തെ പിന്തുണയ്ച്ചുള്ള പങ്കാളിത്തമെന്നതും ശ്രദ്ധേയമാണ്.
ഒജിക്യൂ-എഫ്പിഎസ്ജിയുമായുള്ള പങ്കാളിത്തത്തിലൂടെ ആർച്ചറി, ബാഡ്മിൻറൺ, ബോക്സിങ്, ഷൂട്ടിങ്, ഗുസ്തി, അത്ലറ്റിക്സ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിങ്, സ്ക്വാഷ് തുടങ്ങി രാജ്യത്തിന് മെഡൽ സാധ്യതയുള്ള പത്ത് ഒളിമ്പിക്സ് ഇനങ്ങളിലും, അത്ലറ്റിക്സ്, ആർച്ചറി, ബാഡ്മിൻറൺ, ഷൂട്ടിങ്, പവർലിഫ്റ്റിങ്, ടേബിൾ ടെന്നീസ്, കനോയ്, ബ്ലൈൻഡ് ജൂഡോ എന്നീ എട്ട് പാരാലിംപിക്സ് ഇനങ്ങളിലും നാലു വർഷത്തേക്ക് 150 അത്ലറ്റുകൾക്ക് ആക്സിസ് ബാങ്ക് പിന്തുണ നൽകും. അത്യാധുനിക കളി ഉപകരണങ്ങൾ, വിദഗ്ധ പരിശീലനം, ന്യൂട്രീഷണൽ ഗൈഡിങ്, ഇഞ്ചുറി റീഹാബിലിറ്റേഷൻ പ്രോഗ്രാം തുടങ്ങിയ സേവനങ്ങൾ അത്ലറ്റുകൾക്ക് ലഭ്യമാവും.
ഐഐഎസുമായി സഹകരിച്ച് ഇന്ത്യയിലെ ജൂഡോ പ്രതിഭകളുടെ തട്ടകമായി കണക്കാക്കുന്ന മണിപ്പൂരിൽ ജൂഡോ ഡെവലപ്മെൻറ് പ്രോഗ്രാം ആരംഭിക്കാനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. യുവ ജൂഡോക്കകൾക്കും (ജൂഡോ പരിശീലിക്കുന്നവർ) അടിസ്ഥാന വികസനത്തിന് പിന്തുണ നൽകാനും, അവർക്ക് മികച്ച പരിശീലനത്തിനും പരിശീലന സൗകര്യങ്ങളിലേക്കുമുള്ള ആഭിമുഖ്യം മെച്ചപ്പെടുത്താനും, മികച്ച ഒരു ജൂഡോ താരനിരയെ സൃഷ്ടിക്കാനും മൂന്ന് വർഷത്തെ പ്രോഗ്രാമിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നു. മണിപ്പൂരിൽ നിന്നുള്ള 50 യുവ ജൂഡോകകൾക്കും, ഇന്ത്യയിലുടനീളമുള്ള 40 വനിതാ ജൂഡോകകൾക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും.
ഇന്ത്യയിലെ ഊർജസ്വലമായ സ്പോർട്സ് മേഖലയെ പിന്തുണയ്ക്കുന്നതിനായി ഒജിക്യൂ പ്രോഗ്രാമുമായും ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർടുമായും പങ്കാളിയാകുന്നതിൽ ആക്സിസ് ബാങ്കിന് ഏറെ സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്കിൻറെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഫോർ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആൻഡ് സസ്റ്റയിനബിലിറ്റി വിജയ് മുൽബാഗൽ പറഞ്ഞു.
രാജ്യത്തിൻറെ കായികമികവിനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), നാഷണൽ സ്പോർട്സ് ഫെഡറേഷൻ (എൻഎസ്എഫ്) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒജിക്യുവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആക്സിസ് ബാങ്കിൻറെ പ്രതിബദ്ധത തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് ഒജിക്യൂ-ഫൗണ്ടേഷൻ ഫോർ പ്രൊമോഷൻ ഓഫ് സ്പോർട്സ് ആൻഡ് ഗെയിംസിൻറെ എംഡിയും സിഇഒയുമായ വിരേൻ റാസ്ക്വിൻഹ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സ്പോർട്സ് മേഖലയെ അതിൻറെ യഥാർഥ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിന് കോർപ്പറേറ്റ് ഇന്ത്യയുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട് പ്രസിഡൻറ് മനീഷ മൽഹോത്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.