Sections

ആക്സിസ് ബാങ്കും നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സും കൈകോർക്കുന്നു: സംരംഭകർക്ക് അനായാസം പ്രവർത്തന മൂലധനം നൽകും

Friday, Sep 27, 2024
Reported By Admin
Axis Bank partners with NexstBharat Ventures to support MSMEs and startups with financial solutions.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ സ്വാധീനം ചെലുത്തുന്ന സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) അനുയോജ്യമായ പ്രവർത്തന മൂലധന സഹായം ലഭ്യമാക്കുന്നതിന് ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഉപകമ്പനിയായ നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സ് ഐഎഫ്എസ്സി പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. പരമ്പരാഗത ഈടില്ലാതെ സുരക്ഷിതമായ വായ്പ ലഭിക്കാനും സാമ്പത്തിക തടസങ്ങൾ കുറച്ച് ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ മൂലധനം കണ്ടെത്താനും ഇതിലൂടെ അനായാസം സാധിക്കും.

ഈ സഹകരണത്തിലൂടെ ഭാരത് വെഞ്ചേഴ്സ് റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായ എംഎസ്എംഇകൾക്കും ആക്സിസ് ബാങ്ക് സഹായം ലഭ്യമാക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിലും അനൗപചാരിക മേഖലകളിലും സ്വാധീനം ചെലുത്താൻ പ്രതിജ്ഞാബദ്ധരായ സംരംഭകരെ ശാക്തീകരിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഈ നാല് മാസ പരിപാടിയുടെ ആദ്യ ഘട്ടം ഒക്ടോബറിൽ ആരംഭിക്കും.

ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ആക്സിസ് ബാങ്കിന്റെ സമഗ്രമായ സാമ്പത്തിക സേവന ശ്രേണികളും ഉൽപന്നങ്ങളും പ്രാപ്യമാകും. ഈ സംരംഭം സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മതിയായ സാമ്പത്തിക സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ ദീർഘകാല സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നെക്സ്റ്റ്ഭാരത് വെഞ്ച്വറുമായുള്ള ഈ സഹകരണം ഇന്ത്യയുടെ ഗ്രാമീണ സമ്പദ്-വ്യവസ്ഥയെ വളർച്ചയിലേക്ക് നയിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണെന്നും ഇതിലൂടെ തങ്ങളുടെ സാമ്പത്തിക വൈദഗ്ധ്യവും വിപുലമായ ബ്രാഞ്ച് ശൃംഖലയും പ്രയോജനപ്പെടുത്തി ഈ സംരംഭകരുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ മുനീഷ് ഷർദ പറഞ്ഞു.

ആക്സിസ് ബാങ്കുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ സ്വാധീനം ചെലുത്തുന്ന സംരംഭകർക്ക് സുസ്ഥിരമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെയ്പാണെന്ന് നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സിൻറെ എംഡിയും സിഇഒയുമായ വിപുൽ നാഥ് ജിൻഡാൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.