Sections

കേരളത്തില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു; ബട്ടര്‍ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച ആദായം നേടാം

Monday, Apr 11, 2022
Reported By ad
farming

രോഗികള്‍ മുതല്‍ ആരോഗ്യ സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നവര്‍ വരെ അവക്കാഡോയ്ക്കായി രംഗത്തെത്തിയതോടെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്.

 

കേരളത്തില്‍ അത്ര പ്രചാരത്തിലുണ്ടായിരുന്ന ഒരു ഫലമല്ല അവക്കാഡോ.ഒരു പക്ഷെ ബട്ടര്‍ഫ്രൂട്ട് ,വെണ്ണപ്പഴം എന്നൊക്കെ പറഞ്ഞാല്‍ പലര്‍ക്കും ഈ ഫ്രൂട്ടിനെ കുറിച്ച് കേട്ടുകേള്‍വിയെങ്കിലുമുണ്ടാകും.ഇന്ന് കേരളത്തില്‍ പലയിടത്തും അവക്കാഡോ കൃഷി ചെയ്യുന്നുണ്ട്. വളരെ പോഷക ഗുണങ്ങളുള്ള അവക്കാഡോ ഏറെ വൈകിയാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും വളര്‍ച്ച അതിവേഗമാണ്. പ്രോട്ടിന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവകൊണ്ട് സമ്പുഷ്ടമായ അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നവരും ഏറെയാണ്.രോഗികള്‍ മുതല്‍ ആരോഗ്യ സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നവര്‍ വരെ അവക്കാഡോയ്ക്കായി രംഗത്തെത്തിയതോടെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്. കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെ പ്രാദേശിക വിപണികളില്‍ ലഭിക്കും. അതേസമയം ഏറെ കയറ്റുമതി സാധ്യതയുള്ള അവക്കാഡോയ്ക്കു വിദേശ വിപണികളില്‍ മികച്ച വരുമാനം സമ്മാനിക്കാന്‍ സാധിക്കും.

കേരളത്തിലെ കാലവസ്ഥ തന്നെ അവക്കാഡോയ്ക്ക് അനുകൂലമാണ്. തമിഴ്‌നാടും കേരളവും അവക്കാഡോ കൃഷിയ്ക്ക് വളരെ അനുയോജ്യമായി കരുതപ്പെടുന്നു.പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത ഒന്നാണ് അവക്കാഡോ കൃഷി.  പ്രധാനമായും മൂന്നു വിഭാഗം അവക്കാഡോകളാണുള്ളത്- മെക്‌സിക്കന്‍, വെസ്റ്റ് ഇന്‍ഡീസ്, ഗ്വാട്ടിമാലന്‍. ഇതില്‍ മെക്‌സിക്കന്‍ അവക്കാഡോ 200- 300 ഗ്രാം ഭാരം വയ്ക്കുമ്പോള്‍ ഗ്വാട്ടിമാലന്‍ 600 ഗ്രാമിന് മുകളില്‍ വളരും. അ‌തേസമയം ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഒരു കിലോയോളം തൂക്കം വരുന്ന ഫലങ്ങൾ നൽകും.

വീട്ടില്‍ തരിശായി കിടക്കുന്ന അല്‍പം സ്ഥലുണ്ടെങ്കില്‍ സുഖമായി അവക്കാഡോ വഴി വരുമാനം കണ്ടെത്താം. വലിയ രീതിയില്‍ കൃഷി ചെയ്യാന്‍ തയാറാണെങ്കില്‍ ഒരു ഏക്കറില്‍ നിന്നു ഒറ്റ വിളവെടുപ്പില്‍ ഏറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന കര്‍ഷകര്‍ കേരളത്തിൽ തന്നെയുണ്ട്.ഒരു ഏക്കറില്‍ 200 അവക്കാഡോ ചെടികള്‍ വരെ നടാം. 15*15 അടി അകലത്തില്‍ ചെടികള്‍ നടന്നതാണ് അ‌ഭികാമ്യം. നന്നായി നോക്കിയാല്‍ മൂന്നാം വര്‍ഷം മുതല്‍ തന്നെ ഫലം ലഭിക്കും. അഞ്ചു വര്‍ഷം ആകുമ്പോഴേക്കും ഒരു ചെടിയില്‍നിന്നു കുറഞ്ഞത് 50 കിലോ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ങനെ നോക്കിയാല്‍ 200 ചെടികളില്‍ നിന്ന് കുറഞ്ഞത് 10 ടണ്‍ അവക്കാഡോ ലഭിക്കും.വേനല്‍ക്കാലത്ത് ഫലങ്ങള്‍ ലഭിക്കുന്നവിധം കൃഷി ആരംഭിക്കുന്നതാണ് ലാഭം വര്‍ധിപ്പിക്കാന്‍ നല്ലത്. കാരണം ഈ സമയത്ത് അവക്കാഡോയ്ക്ക് ആവശ്യക്കാരും വിലയും വര്‍ധിക്കും. ഇതിനായി പ്രത്യേകം ഗ്രാഫ്റ്റ് ചെയ്ത ചെടികള്‍ ഉപയോഗിക്കാം.


ചെറുകിട ജ്യൂസ് കടകള്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും, വന്‍കിട ഹെല്‍ത്ക്ലബുകളും വരെ ഇന്ന് ആവശ്യക്കാരുണ്ട്. വലിയ തോതില്‍ തുടങ്ങുന്നവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കയറ്റുമതി. ഭക്ഷ്യ ഉല്‍പ്പാദനത്തിനും, സംസ്‌കരണത്തിനും, കയറ്റുമതിക്കും സര്‍ക്കാര്‍ അകമഴിഞ്ഞ സഹായങ്ങള്‍ പ്രഖ്യാപിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ നേട്ടം ഇരട്ടിയാകും.ചെറുകിട കര്‍ഷകര്‍ക്ക് ഫലം നേരിട്ട് വിപണിയിലെത്തിക്കുന്നതിനെക്കാള്‍ അവക്കാഡോയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നതാകും നല്ലത്.ഭക്ഷണ പദാര്‍ത്ഥങ്ങളും ഐസ്‌ക്രീമുകളിലും അവക്കാഡോ ഉപയോഗിക്കുന്നുണ്ട്.ചില സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളിലും ഈ പഴം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.വിപണിയില്‍ അവക്കാഡോ കിലോയ്ക്ക് 200- 300 രൂപ വിലയുണ്ട്.കുറച്ച് തുക കൃഷിയുടെ തുടക്കത്തില്‍ കര്‍ഷകര്‍ക്ക് ചെലവാകും.ചെടിയുടെ വില, നിലമൊരുക്കല്‍, നടല്‍, വളം, പരിചരണം അടക്കമാണ് ഈ ചെലവ്. ഒരിക്കല്‍ നട്ടാല്‍ 15- 20 വര്‍ഷത്തോളം ഫലം ഉറപ്പാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.