Sections

ബസ് ചാര്‍ജ്ജ് മാത്രമല്ല ഓട്ടോ-ടാക്‌സി നിരക്കും വര്‍ദ്ധിക്കും; ജനജീവിതം ദുരിതത്തിലേക്കോ

Tuesday, Mar 22, 2022
Reported By admin
TAXI AUTO FAIR

നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണ

 

ബസ് ചാര്‍ജ്ജിനൊപ്പം കേരളത്തിലെ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന സൂചനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു.ഇന്ധന വിലകൂടി ഉയര്‍ന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ ഉയര്‍ന്നേക്കും.ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാജമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി ആന്റണി രാജു.ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചര്‍ച്ചകള്‍ നടത്തിയതിനുശേഷം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്.

നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണ. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയില്‍ നിന്നും 15 രൂപയായി വര്‍ധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും, രാത്രി കാല യാത്രയില്‍ നഗരപരിധിയില്‍ 50% അധിക നിരക്കും നില നിര്‍ത്തണമെന്നും വെയ്റ്റിംഗ് ചാര്‍ജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവില്‍ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിര്‍ദ്ദേശം. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് നിലവിലുള്ള 175 രൂപയില്‍ നിന്ന് 210 ആയും കിലോമീറ്റര്‍ ചാര്‍ജ്ജ് 15 രൂപയില്‍ നിന്ന് 18 രൂപയായും 1500 സിസിയില്‍ അധികമുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയില്‍ നിന്ന് 240 രൂപയായും, കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 ആയും വര്‍ധിപ്പിക്കാനാണ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

വെയ്റ്റിംഗ് ചാര്‍ജ്ജ് നിലവില്‍ ഉള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. കമ്മറ്റി സമര്‍പ്പിച്ച വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ജസ്റ്റിസ് എം. രാമചന്ദ്രന്‍, ഗതാഗത കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഐപിഎസ്, കമ്മറ്റിയംഗങ്ങളായ എന്‍. നിയതി, ടി. ഇളങ്കോവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം സര്‍ക്കാര്‍ വൈകാതെ തീരുമാനിച്ചേക്കും. സ്വകാര്യ ബസ് ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.