- Trending Now:
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു
പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ - 64 കിലോമീറ്റര്‍ ആകാശയാത്ര. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദര്‍ശകരും പഴനി ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്. ഇനി പഴനിയില്‍ പോകുന്നവര്‍ക്ക് എളുപ്പത്തില്‍ കൊടൈക്കനാലിലേക്കും എത്താം, പഴനി മുതല്‍ കൊടൈക്കനാല്‍ വരെ റോപ് കാര്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
6 മാസത്തിനകം റിപ്പോര്‍ട്ട്
ദിണ്ടിഗല്‍ ജില്ലയിലെ രണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഇത്രയും വലിയൊരു റോപ് കാര്‍ പദ്ധതി വരുന്നത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓസ്‌ട്രേലിയയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും നാഷനല്‍ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിലെ(NHLM) ഉദ്യോഗസ്ഥരും ചേര്‍ന്നു പഠനം നടത്തി 6 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ഏരിയല്‍ സര്‍വേ നടത്തും. തുടര്‍ന്ന് ടെന്‍ഡര്‍ പ്രഖ്യാപിക്കും. പണി പൂര്‍ത്തിയാവാന്‍ മൂന്ന് വര്‍ഷം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.
കാടിന് മുകളിലൂടെ ആകാശയാത്ര !
പഴനിയില്‍ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. റൂട്ടില്‍ ഹെയര്‍പിന്‍ വളവുകള്‍ കൂടുതലായതിനാല്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ സാധാരണയായി ഏകദേശം മൂന്ന് മണിക്കൂര്‍ എടുക്കും. റോപ് കാര്‍ വന്നാല്‍ യാത്രാസമയം 40 മിനിറ്റായി കുറയും.കാടിനുള്ളിലൂടെയുള്ള ഈ ആകാശയാത്ര കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും, അതിലൂടെ സര്‍ക്കാരിന് നല്ലൊരു വരുമാനം നേടാനാവും. പഴനിയിലെ അഞ്ചുവീട്ടില്‍ നിന്നും തുടങ്ങി കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രത്തില്‍ ലാന്‍ഡ് ചെയ്യുന്ന രീതിയിലാണ് റോപ് കാര്‍ പ്ലാന്‍ ചെയ്യുന്നത്. രണ്ടു റോപ്പ് കാര്‍ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കാന്‍ പ്ലാനുണ്ട്, ഇതെവിടെ വേണമെന്ന് തീരുമാനമായിട്ടില്ല.പഴനി-കൊടൈ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ റോപ്പ് കാര്‍ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരാഖണ്ഡില്‍ അഞ്ചിടങ്ങളില്‍ എന്‍എച്ച്എല്‍എം സമാനമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
പഴനിയിലെ റോപ്കാര്‍ യാത്ര
നിലവില്‍ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തില്‍ റോപ്പ് കാര്‍ സര്‍വീസുണ്ട്. അടിവാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കെത്താന്‍ റോപ് കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്ക് 15 രൂപയാണ് ഇതിനുള്ള ഫീസ്. മുരുകന്റെ ആറു വാസസ്ഥലങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ഏകദേശം 300 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു മണിക്കൂറില്‍ 250 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന എട്ട് കാറുകളാണ് ഇവിടെയുള്ളത്. ഉച്ചയ്ക്ക് 1.30 മുതല്‍ ഒരു മണിക്കൂര്‍ ഇടവേളയോടെ രാവിലെ 7 മുതല്‍ രാത്രി 9 വരെ ഈ സേവനം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.