Sections

കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു

Tuesday, Feb 28, 2023
Reported By Admin
Vaiga AgriHack 2023

വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്


സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പിട്ടു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഉത്പന്നങ്ങൾ പാഴായി പോകുന്നത് തടയുന്നതിനോടൊപ്പം കൂടുതൽ കാലയളവിലേക്ക് അത് ലഭ്യമാക്കുന്നതിനും ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും ഉല്പാദന സംസ്കരണ വിപണന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധനവ് സഹായകമാകും. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കൃഷി ലാഭകരമായ സംരംഭം ആക്കുന്നതിന് മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. കർഷകരുടെ കൂട്ടായ്മയോടെ കാർഷിക ഉല്പാദനവും വിപണനവും സമന്വയിപ്പിച്ച് കാർഷികോല്പാദനം കൂടുതൽ ലാഭകരമാക്കാം.

ഉല്പന്നത്തിന്റെ ഗുണനിലവാരവും ആവശ്യകതയും നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളായ പാക്കേജിംഗും ബ്രാൻഡിംഗും ഉല്പാദകനെയും ഉപഭോക്താവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളാണ്. ഉപഭോക്താക്കളിൽ മൂല്യവർധിത ഉല്പന്നങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ച് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിൽ പാക്കേജിംഗിനും ബ്രാൻഡിംഗിനും വലിയ പങ്കുണ്ട്.

ഈ ഉദ്ദേശത്തോടെയാണ് പാക്കേജിംഗിലെ നൂതനരീതികളെപ്പറ്റി സംസാരിക്കുന്നതിന് ഇന്ത്യയിലെ പാക്കേജിംഗ് മേഖലയിലെ പ്രഗൽഭർ ആയ Mumbai, Indian Institute of Packaging (IIP), ലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വൈഗ 23യിലേക്ക് എത്തിച്ചേർന്നത്. ധാരണാപത്രം ഒപ്പുവെച്ചതിലൂടെ പാക്കേജിംഗ് മേഖലയിലെ നൂതനരീതികൾ പഠിക്കാനും ടെക്നോളജി കൈമാറ്റത്തിനും ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താൻ സഹായിക്കുന്ന ആധുനിക രീതികൾ കേരളത്തിലെ കൃഷി അനുബന്ധ മേഖലയിലെ സംരംഭകർക്കും കൃഷിക്കൂട്ടങ്ങൾക്കും എഫ്.പി.ഒ കൾക്കും ലഭ്യമാകാനും വഴിയൊരുക്കും. കാർഷിക മേഖലയിലെ നാഴികക്കല്ലായി ധാരണാപത്രം മാറും.

കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടർ ആർ.കെ മിശ്രയും സംസ്ഥാന സർക്കാരിന് വേണ്ടി സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യനുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണ പ്രകാരം ഒപ്പു വയ്ക്കുന്ന പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും പരിശീലനങ്ങളും സമേതി മുഖനയായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.