- Trending Now:
കൊച്ചി: ഇന്ത്യയിലേയും ജിസിസി രാജ്യങ്ങളിലേയും ആരോഗ്യമേഖലയിൽ മുൻനിരയിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അതിൻറെ ഇന്ത്യാ-ജിസിസി പ്രവർത്തനങ്ങൾ വേർതിരിക്കുന്നു. ഇതുസംബന്ധിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻറെ ഡയറക്ടേഴ്സ് ബോർഡ് അംഗീകാരവും ആസ്റ്റർ അനുബന്ധ സ്ഥാപനമായ അഫിനിറ്റി ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിൻറെ ബോർഡ് അംഗീകാരവും ലഭിച്ചു.
പ്രവർത്തനം വിഭജിക്കുന്ന പദ്ധതി പ്രകാരം ആസ്റ്റർ ജിസിസി ബിസിനസിൽ നിക്ഷേപിക്കാൻ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ ക്യാപിറ്റലിൻറെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി അഫിനിറ്റി ഹോൾഡിംഗ്സ് കരാറിൽ ഏർപ്പെട്ടു. എമിറേറ്റ്സ് ഇൻവെസ്റ്റ്മെൻറ് അഥോറിറ്റി, അൽസെയർ ഗ്രൂപ്പിൻറെ നിക്ഷേപ വിഭാഗമായ അൽ ദൗ ഹോൾഡിംഗ് കമ്പനി, ഹന ഇൻവെസ്റ്റ്മെൻറ് കമ്പനി, വഫ ഇൻറർനാഷണൽ ഇൻവെസ്റ്റ്മെൻറ് കമ്പനി എന്നിവ ഉൾപ്പെട്ടതാണ് ഫജർ ക്യാപിറ്റലിൻറെ നേതൃത്വത്തിലുള്ള കൺസോർഷ്യം.
1987-ൽ ഡോ. ആസാദ് മൂപ്പൻ ദുബായിൽ ഒരൊറ്റ ക്ലിനിക്കായി ആരംഭിച്ചതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. നിലവിൽ ആസ്റ്ററിന് അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 19 ആശുപത്രികൾ, 13 ക്ലിനിക്കുകൾ, 226 ഫാർമസികൾ, 251 പേഷ്യൻറ് എക്സ്പീരിയൻസ് സെൻററുകൾ എന്നിവയുണ്ട്. ഗൾഫിൽ, 15 ആശുപത്രികളുമായി ആസ്റ്റർ ശക്തമായ സാന്നിധ്യമാണ് വികസിപ്പിച്ചെടുത്തത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലായി 118 ക്ലിനിക്കുകളും 276 ഫാർമസികളും കൂടി ആസ്റ്ററിനുണ്ട്.
ഇന്ത്യാ - ജിസിസി പ്രവർത്തനം വേർതിരിക്കുന്നതോടെ ആരോഗ്യ പരിരക്ഷാ മേഖലയിൽ രണ്ടു വ്യത്യസ്ത മേഖലകളിലും വളരുന്ന വിപണിയുടെ ആവശ്യകതയും രോഗികളുടെ മുൻഗണനകളും അനുസരിച്ചുള്ള സംഭാവനകൾ നല്കുന്നതിൽ ആസ്റ്റർ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യത്യസ്ത മാനേജ്മെൻറ് ടീമുകൾ ആയിരിക്കും നയിക്കുക.
വ്യത്യസ്ത ബിസിനസ് തന്ത്രങ്ങളും വ്യത്യസ്ത വളർച്ചാ ചലനാത്മകതയും ഉൾപ്പെടുന്നതാണ് ജിസിസി, ഇന്ത്യാ ഹെൽത്ത്കെയർ വിപണികൾ. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ തന്നെയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡിൻറെ വളർച്ചാ പാതയിലെ മുഖ്യ വിപണി. ഇന്ത്യയിൽ 2027 സാമ്പത്തിക വർഷത്തോടെ 1500-ലധികം കിടക്കകൾ കൂടി കൂട്ടിച്ചേർത്ത് ബെഡ് കപ്പാസിറ്റി വർധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജിസിസിയിൽ യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രധാന വിപണികളിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അതിൻറെ പ്രവർത്തനം വിപുലീകരിക്കും.
വിഭജനത്തിനു ശേഷവും ഡോ. ആസാദ് മൂപ്പൻ തന്നെ ഇന്ത്യാ, ജിസിസി സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായി തുടരും. ജിസിസി ബിസിനസ് ഗ്രൂപ്പ് സിഇഒ ആൻഡ് മാനേജിംഗ് ഡയറക്ടറായി അലീഷാ മൂപ്പനെ നിയമിക്കും. ഇന്ത്യാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. നിതീഷ് ഷെട്ടി തന്നെയായിരിക്കും.
അതത് വിപണികളിലെ വളർച്ചാ ആനുകൂല്യം ലഭ്യമാക്കുന്നതിനുും രണ്ടിനും അതിൻറെതായ ന്യായമായ മൂല്യം സ്ഥാപിക്കുന്നതിനുമാണ് ആസ്റ്റർ ഇന്ത്യാ-ജിസിസി പ്രവർത്തനം വേർതിരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫൗണ്ടർ ആൻഡ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിൽ, പ്രൊമോട്ടർമാർ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ വളർച്ചാ പദ്ധതികളിൽ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ ഈ വർഷം ആദ്യം ഞങ്ങളുടെ ഓഹരി 42 ശതമാനമായി ഉയർത്തി.
ജിസിസി ബിസിനസിൽ നിക്ഷേപിക്കാൻ നിക്ഷേപകരുടെ ഒരു കൺസോർഷ്യം എന്ന നിലയിൽ അഫിനിറ്റി ബോർഡ് തെരഞ്ഞെടുത്തത് ഫജർ ക്യാപിറ്റലിനെയാണ്. ജിസിസിയിൽ പ്രത്യേകിച്ച് സൗദി അറേബ്യയിൽ ഞങ്ങളുടെ വിപുലീകരണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് അവരുടെ വൈദഗ്ധ്യം സഹായകമാകുമെന്ന് ആത്മവിശ്വാസമുണ്ട്. ജിസിസി ബിസിനസിൽ 35 ശതമാനം ഓഫരി മൂപ്പൻ കുടുംബം നിലനിർത്തും. ജിസിസിയിൽ രോഗികൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നല്കുന്നത് തുടരുന്ന രീതിയിലാണ് ആസ്റ്റർ അതിൻറെ ബിസിനസ് ഭാവി വിഭാവനം ചെയ്തിരിക്കുന്നത്. ഫജർ ക്യാപിറ്റലിൻറെ ശക്തമായ വിപണി സാന്നിധ്യവും ശൃംഖലയും അതിന് അടിവരയിടുന്നുണ്ട്. ജിസിസിയിലെ ഞങ്ങളുടെ വളർച്ചാ പാതയുടെ അടുത്ത ഘട്ടത്തിൻറെ മേൽനോട്ടം അലീഷ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.