- Trending Now:
കൊച്ചി: പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രായമേറിയ വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രാചീൻ വൃക്ഷ ആയുർവേദ ചികിത്സാ പദ്ധതിയിൽ പങ്കുചേർന്ന് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ലിമിറ്റഡ് (എവിപി). പ്രത്യേക ആയുർവേദ പരിചരണം നൽകിയാണ് വൃക്ഷങ്ങളെ സംരക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് ഗോവയിൽ ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്ഭവൻ വളപ്പിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഏഴ് ഫലവൃക്ഷങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. മാവും പുളിയും പ്ലാവും ഉൾപ്പടെയുള്ള വൃക്ഷങ്ങളുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനും ജീർണതയെ ചെറുക്കുന്നതിനുമായി പ്രത്യേക ആയുർവേദ പരിചരണം നൽകും.
വൃക്ഷചികിത്സക്കായി കേരളത്തിൽ നിന്നുള്ള വിദഗ്ധ ആയുർവേദ സംരക്ഷകരും ഡോക്ടർമാരും അടങ്ങുന്ന സംഘത്തേയും എത്തിച്ചിട്ടുണ്ട്. പ്രാചീൻ വൃക്ഷ ആയുർവേദിക് ചികിത്സ, വൃക്ഷ പോഷണ യോഗ, വൃക്ഷ പൂജ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പരിചരണം.
ആയുർവേദത്തിലൂടെയുള്ള രോഗശാന്തി എന്ന ആര്യ വൈദ്യ ഫാർമസിയുടെ തത്വത്തെ മുറുകെ പിടിക്കുന്നതാണെന്ന് ഈ സംരംഭമെന്ന് എവിപി മാനേജിംഗ് ഡയറക്ടർ സി ദേവിദാസ് വാര്യർ പറഞ്ഞു. ആധുനിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള താക്കോൽ നമ്മുടെ കൈവശം ഉണ്ടെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജൈവവൈവിധ്യം എപ്പോഴും ഊന്നിപ്പറയുന്ന ആയുർവേദ തത്വങ്ങൾ ആധുനിക സംരക്ഷണ പ്രവർത്തനങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ സംരംഭം തെളിയിക്കുന്നതായി സെന്റർ ഓഫ് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജ് (സിഐഎംഎച്ച്) പ്രസിഡന്റ് ഡോ. അജയൻ സദാനന്ദൻ പറഞ്ഞു. കേവലം മരങ്ങളെ സംരക്ഷിക്കുന്നതിനപ്പുറം മുഴുവൻ ആവാസ വ്യവസ്ഥയേയും പിന്തുണയ്ക്കുന്ന സംവിധാനമാണ് ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാചിൻ വൃക്ഷ ആയുർവേദ ചികിൽസാ പദ്ധതി നിരവധി രോഗശാന്തി പരിഹാരങ്ങളുടെ ഉറവിടം തന്നെ സംരക്ഷിക്കപ്പെടുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. 120 വർഷത്തിലേറെ ആയുർവേദ പൈതൃകമുള്ള എവിപി വ്യക്തികൾക്ക് മാത്രമല്ല പ്രപഞ്ചത്തിനും സമഗ്രമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു. ഗോവയിൽ നടത്തുന്ന ഈ പദ്ധതി വിജയിച്ചാൽ വിപ്ലവകരമായ ഈ മാതൃക ഇന്ത്യയിലുടനീളവും അതിനപ്പുറവും നടപ്പാക്കാനാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.