- Trending Now:
ഇനി മുതൽ കെഎഎൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സർവീസ് നടത്തുക ആരൻക്യൂ ആയിരിക്കും
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് (കെഎഎൽ) പുതു ജീവനേകാൻ ആരൻക്യൂ. പൂനെ ആസ്ഥാനമായി രണ്ട് ദശാബ്ദമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരൻക്യൂ ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരൻക്യൂവായിരിക്കും കെഎഎല്ലിന് നൽകുക. കൂടാതെ ഇരു കമ്പനികളും പുതിയ ഡിസൈനുകളും വാഹനങ്ങളും നിർമ്മിക്കുവാനായി സംയുക്തമായി പ്രവർത്തിക്കും. ഇനി മുതൽ കെഎഎൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സർവീസ് നടത്തുക ആരൻക്യൂ ആയിരിക്കും. കൂടാതെ ഇപ്പോൾ ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം പ്രധാന നഗരങ്ങളിലും സർവീസ് സെന്ററുകൾ തുടങ്ങാനാണ് ആരൻക്യൂവിന്റെ പദ്ധതി.
''നിലവിൽ 200 ഇലക്ട്രിക്ക് ഓട്ടോകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കരാർ ആയിട്ടുണ്ട്. അവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ ഡീലർഷിപ്പിനായി ചർച്ചകൾ നടക്കുകയാണ്. ദീർഘ കാലം ലൈഫ് ലഭിക്കുന്ന ലിഥിയം ബാറ്ററികളാണ് വണ്ടികളിൽ ഉപയോഗിക്കുന്നത്. കൂടാതെ മോട്ടർ, കൺട്രോളറുകൾ തുടങ്ങിയവ ലഭ്യമാക്കുന്നത് ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് ലൂക്കാസിൽ നിന്നാണ്. അവരുമായി 3 വർഷത്തെ കരാറിൽ ആരൻക്യൂ ഏർപ്പെട്ടിട്ടുണ്ട്. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും'', ആരൻക്യൂ സിഇഒ വി ജി അനിൽ പറഞ്ഞു.
'റിമോട്ട് മോണിറ്ററിങ് സംവിധാനത്തിലൂടെ ഓരോ വണ്ടിയുടെയും തൽസ്ഥിതി അറിയാൻ കഴിയും. അതായത് ബാറ്ററിയുടെ കപ്പാസിറ്റി, എത്ര ദൂരം ഓടാനുള്ള ചാർജ് ഉണ്ട്, വണ്ടി എവിടെയാണ് ഇപ്പോൾ ഉള്ളത്, മറ്റെന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടോ എന്നൊക്കെ ഞങ്ങളുടെ ടീമിന് അറിയാൻ കഴിയും. വാഹനം വാങ്ങുന്നവർക്ക് മികച്ച റോഡ് അസിസ്റ്റ് നൽകുക എന്ന ലക്ഷ്യത്തോടെ റെഡി അസിസ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അവരുടെ സേവനം 90 ശതമാനം മേഖലകളിലും ലഭ്യമാണ്. അത് കൊണ്ട് തന്നെ പുറത്തിറക്കുന്ന ഓട്ടോകൾ കേരളത്തിൽ പരമാവധി വിൽക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ഇതിന് മുൻപ് കെഎഎൽ പുറത്തിറക്കിയ വാഹനങ്ങൾക്കും സർക്കാർ അനുവാദം തന്നാൽ ഞങ്ങൾ സർവീസ് നൽകാൻ തയ്യാറാണ്. അതിനായി ഞങ്ങളുടെ ഓഫീസ് നെയ്യാറ്റിൻകരയിൽ കെഎഎല്ലിന് സമീപത്തായി തുടങ്ങിയിട്ടുണ്ട്.' ആരൻക്യൂ ബിസിനസ് ഹെഡ് മനോജ് പറഞ്ഞു.
യുപിഎസ്, സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരൻക്യൂ പിന്നീട് ഇലക്ട്രിക്ക് ബാറ്ററികളുടെ നിർമ്മാണ-വിതരണത്തിലേക്ക് തിരിയുകയും ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപിക്കുകയുമാണ്. അതിന്റെ ഭാഗമായി ടിവിഎസ് ലൂക്കാസിൽ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാൻ എന്നിവയ്ക്ക് വേണ്ടി 1 മുതൽ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകൾ കണ്ട്രോളറുകൾ എന്നിവ വിതരണം ചെയ്യുവാനും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ ഒരു വർഷം അൻപതിനായിരം യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതി. കൂടാതെ ടെക്നോളജി മുൻനിര കമ്പനിയായ ആർഡിഎൽ ടെക്നോളോജിസുമായി സഹകരിച്ച് ബാറ്ററി മാനേജ്മന്റ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ക്ളൗഡ് സെർവറിലേക്ക് ശേഖരിച്ച് വിശകലനം ചെയ്യുന്ന പദ്ധതിയും ആരൻക്യൂ നടപ്പാക്കി വരുന്നു. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരാനാണ് ആരൻക്യൂവിന്റെ പദ്ധതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.