Sections

മണ്ണ് വേണ്ട കൃഷി ചെയ്ത് ആദായം നേടാം; ഇത് പുത്തന്‍ കൃഷി രീതി

Wednesday, Feb 02, 2022
Reported By admin
aquaponics kerala

അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം

 

മണ്ണ് ഇല്ലാതെ തന്നെ പോഷക സമ്പുഷ്ടമായ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിക്ക് ഇന്ന് വളരെ ജനപ്രീതിയുണ്ട്.അക്വാപോണിക്‌സ് എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ മത്സ്യങ്ങളെയും സസ്യങ്ങളെയും ഒന്നിച്ച് വളര്‍ത്താന്‍ സാധിക്കും.വിദേശ രാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി സംസ്ഥാനത്തും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. എറണാകുളം ,പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ രീതിയില്‍ ഇപ്പോള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനാണ് ശ്രമം.

സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവുംവിധം മീനും പച്ചക്കറിയും കൃഷിചെയ്യാമെന്നതാണ് ഈ രീതിയുടെ പ്രധാന ആകര്‍ഷണം.

അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതുകൂടാതെ വരുമാനമാര്‍ഗവുമാകും. 

മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ് ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.

ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളായ കട്ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും വ്യാപകമാണ് അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം.

അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. ഇത് കര്‍ഷകരുടെ അധികച്ചെലവ് കുറയ്ക്കും. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്വോപോണിക് കൃഷിക്ക് ഗുണങ്ങള്‍ ഏറെയാണ്. അധികം ജലമോ സ്ഥലമോ ഇതിന് ആവശ്യമില്ല. രോഗബാധക്കുള്ള സാധ്യത കുറവായിരിക്കും. വിളകള്‍ക്കിടയിലെ അകലം കുറവാണെന്നതും ഈ കൃഷിരീതിയെ ശ്രദ്ധേയമാക്കുന്നു. കൃഷിക്കായി തൊഴിലാളികളെ കണ്ടെത്തേണ്ടതുമില്ല.

ആയിരം ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം.

കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രോത്സാഹകമായ പദ്ധതികള്‍ തയ്യാറാക്കാനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെട്ടാല്‍ എല്ലാ ജില്ലകളിലും ബോധവത്കരണവും പരിശീലനവുംനടത്തും. ഫോണ്‍: കൊച്ചി8547905872, കണ്ണൂര്‍ പ്രാദേശിക സെന്റര്‍04972707672.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.