- Trending Now:
പരവൂര്‍ കായലിനോടും ഇത്തിക്കരയാറിനോടും ചേര്‍ന്നു കിടക്കുന്ന പ്രകൃതിയുടെ മായിക വലയം തീര്‍ത്ത 6 ഏക്കറോളം വിസ്തൃതമമായ 4 കുളങ്ങള്‍,അതില്‍ ശുദ്ധമായ ജലത്തില്‍ വളരുന്ന ചെമ്മീനുകള്‍,പുറത്ത് തലയയുര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍,കായലിലേക്ക് ഇറങ്ങിയാല്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചനിറച്ച കണ്ടല്‍ക്കാടുകള്‍ അക്വാഹെവന്‍ അതിമനോഹരമായ ഒരു സ്വര്‍ഗ്ഗം തന്നെയാണ്.
ജൈവകൃഷിയിലൂടെ കാര്‍ഷിക വികസനത്തിന് സഹായം നല്‍കാന്‍ പരമ്പരാഗത് കൃഷി വികാസ് യോജന
... Read More
എന്താണ് ഈ അക്വാഹെവന്‍?
അക്വാഹെവന്‍ അശ്വിന്റെ ഭാഷയില്‍ ഒരു വിസ്മയമാണ്.പ്രധാനമായും ചെമ്മീന്‍ കൃഷിയാണ് ചെയ്യുന്നത്.അതുപോലെ കരിമീന്‍ കൃഷി ഒക്കെയുണ്ട്.മത്സ്യകൃഷി തന്നെയാണ് പ്രധാനം അതുകൊണ്ട് തന്നെ അതുമായി സംരംഭത്തിലേക്ക് കടന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരു പേരിലേക്കെത്തിയതില്‍ അതിശയിക്കാനില്ല.ശരിക്കും പേരു പോലെ ഒരു സ്വര്‍ഗ്ഗം തന്നെയാണ് ഇവിടം.ദിവസേന ഒരുപാട് പേര്‍ സന്ദര്‍ശനത്തിനായി ഇവിടേക്കെത്തുക്കുന്നു.ഫീഡ് ഷോപ്പ്,വിവിധ മത്സ്യോത്പന്നങ്ങള്‍, ടൂറിസ്റ്റ് ഫാം എന്നിങ്ങനെ അക്വഹെവന്‍ ഒരു ബ്രാന്‍ഡായി വളരുകയാണ്.
അക്വാഹെവന്‍ എന്ന ബോര്‍ഡ് നമ്മളെ സ്വീകരിക്കുന്നത് ഒരു ടൂറിസ്റ്റ് ഫാമിലേക്കാണ്.ഇത്തിരക്കരയാറിന്റെയും പരവൂര്‍ കായലിന്റെയും സംഗമസ്ഥാനമായ മാലാക്കായലിലാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്.കായലിലൂടെ 30 പേര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു വള്ളം,കായലിനു നടുവിലിരുന്ന് തന്നെ ചെമ്മീനിനെ പിടികൂടി കറിവെച്ച് ഭക്ഷണം കഴിക്കാന്‍ ഒരു കൂടാരം ഇതൊക്കെ സ്വപ്നത്തിലല്ല ഈ സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന കാര്യങ്ങളാണ്.
അക്വാഹെവന്‍ എന്ന പേര് നിര്‍ദ്ദേശിച്ചതും സഹായവും പിന്തുണയും നല്‍കുന്നത് സഹോദരന്‍ സൂരജും അദ്ദേഹത്തിന്റെ ഭാര്യ നയനയും ചേര്‍ന്നാണ്.അക്വഹെവന്റെ ഫാമിന്റെ എല്ലാ കാര്യങ്ങള്‍ക്കും വേണ്ട പിന്തുണ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു എന്ന സന്തോഷം അശ്വിന്റെ വാക്കുകളിലുണ്ട്.
ഈ ടൂറിസ്റ്റ് ഫാം 'പൂര്‍ണമായും പ്രകൃതി ദത്തമായ രീതിയില്‍ ഒരു ദിവസം' എന്ന ആശയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാണ് ഈ ടൂറിസ്റ്റ് ഫാമിന്റെ സ്ലോഗനും.പ്രകൃതിയോട് ഇണങ്ങി,പ്രകൃതിദത്തമായ ഭക്ഷണവും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം കഴിയാം രാവിലെ 11 മണിക്ക് ഫാമിലേക്കെത്തിയാല്‍ ഇവിടെ സമയം ചെലവിട്ട് കൃഷിയും പ്രകൃതിയും ആസ്വദിച്ച്,തനതായ ഭക്ഷണവും ഇളനീരും കഴിച്ച് പിന്നെ കണ്ടല്‍ക്കാടില്‍ ഒരു ബോട്ടിംഗും ഒക്കെ കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ മടങ്ങാം.വിവിധയിനം മത്സ്യങ്ങളെക്കാണാനും അവയെപ്പറ്റി പഠിക്കാനും മത്സ്യം പിടിക്കാനും ഒക്കെ സൗകര്യമുള്ള ഇവിടെ ഒരാള്‍ക്ക് 699 രൂപയാണ് ഫീസായി നല്‍കേണ്ടത്.
എന്നാല്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങളും പ്രശ്നങ്ങളും കാരണം വൈകിട്ടത്തെ കണ്ടല്‍ക്കാടുകളിലൂടെയുള്ള 2 മണിക്കൂര്‍ ബോട്ടിംഗ് മാത്രമാണ് ഇപ്പോള്‍ തുടരുന്നത്.അധികം വൈകാതെ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം പഴയ രീതിയിലേക്ക് മാറും എന്ന് അശ്വിന്‍ പറയുന്നു.
വീട് തന്നെ കൃഷിയിടമാക്കാം; സാമ്പത്തിക സഹായവുമായി ജൈവഗൃഹം പദ്ധതി
... Read More
ഫാം ടൂറിസത്തെ തളര്‍ത്തുന്നത്?
കേരളത്തിന്റെ ഭാവി ടൂറിസത്തില്‍ തന്നെയാണ് ഫാം ടൂറിസം അതില്‍ വലിയ ചലനം സൃഷ്ടിക്കും എന്ന് ഈ യുവാവ് വിശ്വസിക്കുന്നു.പക്ഷെ ഫാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനോ അതിലേക്ക് താല്‍പര്യം കാണിക്കാനോ അധികൃതര്‍ പലയിടത്തും വിമുഖത കാണിക്കുന്നു.ലൈസന്‍സുകള്‍ വൈകിപ്പിക്കുക,അപേക്ഷകനെ മനസ് മടുപ്പിക്കുന്ന രീതിയില്‍ പെരുമാറുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഈ രംഗത്തേക്ക് കടക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.ഇതൊക്കെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളായി പറയുമ്പോഴും ഫാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ കൃഷിയെ അടുത്തറിയാനുള്ള സാധ്യതയെ വളര്‍ത്താനും സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ടൂറിസം വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് യാതൊരു ധനസഹായമോ മറ്റ് അനുകൂല ഇടപെടലുകളോ അശ്വിന് ലഭിച്ചിട്ടില്ല.തന്റെ സംരംഭത്തില്‍ പലപ്പോഴും പഞ്ചായത്തില്‍ നിന്നതടക്കം പ്രതിസന്ധികള്‍ നേരിടുന്നു എന്ന പരാതിയും ഈ യുവ കര്‍ഷകന്‍ ഉയര്‍ത്തുന്നു.ടൂറിസവുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും നടപ്പിലാക്കാന്‍ ചിറയ്ക്കര പഞ്ചായത്ത് ഇതുവരെ ശ്രമിച്ചിട്ടില്ല,അക്വാഹെവന്റെ ലൈസന്‍സ് ലഭിക്കുന്നതിന് പോലും പലവട്ടം ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്.
അഭിമുഖം:വിശ്രമ ജീവിതം പശു വളര്‍ത്തലിലൂടെ ആസ്വദിക്കുന്ന അധ്യാപക ദമ്പതികള്‍ ... Read More
പ്രിയം ചെമ്മീന്‍ കൃഷി
അശ്വിന്‍ ഒരു പ്രൊഫഷണല്‍ മജീഷ്യന്‍ കൂടിയാണ്.മാജിക്കിലൂടെ ലഭിച്ച വരുമാനം തന്നെയാണ് തന്റെ കൃഷിയുടെ മൂലധനം.ചെറുപ്പത്തിലെ വീട്ടില്‍ ആട്,പശു,കൃഷി തുടങ്ങി അത്യാശ്യം എല്ലാം ഉണ്ടായിരുന്നു.അതു കണ്ട് വളര്‍ന്ന അശ്വിനും കൃഷിയോട് താല്‍പര്യം കൂടി കൃഷി ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം വലുതാണ്.കൂട്ടത്തില്‍ ചെമ്മീന്‍കൃഷിയാണ് അശ്വിന് ഏറ്റവും പ്രിയം.മത്സ്യങ്ങളെ വളര്‍ത്താനുള്ള താല്‍പര്യത്തിന്റെ പുറത്താണ് ചെമ്മീന്‍ കൃഷിയിലേക്ക് കടക്കുന്നത് ആദ്യം പരാജയം രുചിച്ചെങ്കിലും പിന്നീട് അതില്‍ വിജയം നേടി.ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് ചെമ്മീന്‍ കൃഷിയില്‍ പരിശീലനവും ക്ലാസുകളും അശ്വിന്‍ നല്‍കിവരുന്നു.
മത്സ്യകൃഷിയില്‍ ചെമ്മീന്‍കൃഷിയും കരിമീനും ഒക്കെയുണ്ട് കൂട്ടത്തില്‍ ചെമ്മീന്‍ കൃഷി തന്നെയാണ് ഇവിടെ പ്രധാനം; അത് തന്നെ രണ്ട് വിധത്തിലുണ്ട് മഴക്കാലത്ത് അശ്വിന്‍ പ്രധാനമായും വനാമി ചെമ്മീന്‍ ആണ് കൃഷി ചെയ്യുന്നത്.ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ കൃഷി തുടരും. പ്രാദേശിക വിപണികളിലാണ് വിളവെടുപ്പ് കഴിഞ്ഞ് ഈ ചെമ്മീനുകളെത്തുന്നത്.വനാമിക്ക് കേരളത്തില്‍ ഹാച്ചറി ഇല്ല അമേരിക്കന്‍ ഇനമായ ഇവയെ എത്തിച്ച് ബ്രീഡ് ചെയ്ത് പോണ്ടിച്ചേരിയിലെ ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച കുഞ്ഞുങ്ങളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.കുഞ്ഞു ചെമ്മീനുകള്‍ക്ക് വേണ്ടി ശ്വാസം ഉറപ്പാക്കാന്‍ പ്രത്യേക മോട്ടോര്‍ സംവിധാനങ്ങള്‍ ഒക്കെ അക്വാഹെവനില്‍ ഒരുക്കിയിട്ടുണ്ട്.വനാമിക്ക് പൊതുവെ വലുപ്പവും തൂക്കവും കുറവാണ് എന്നാല്‍ മികച്ച രോഗപ്രതിരോധ ശേഷിയും നിശ്ചിത സ്ഥലത്ത് കൂടുതല്‍ വളര്‍ത്താന്‍ സാധിക്കുമെന്നതും വലിയ മികവാണ്.
അഭിമുഖം: മകളോടുള്ള സ്നേഹം ഈ ഡോക്ടറെ സംരംഭകയാക്കി; ആ കഥ ഇങ്ങനെ ... Read More
ജനുവരി മുതല്‍ മെയ് മാസം വരെ ടൈഗര്‍ ചെമ്മീന്‍ കൃഷി ആണ് ഇവിടെ ചെയ്യുന്നത്.ഡിമാന്റും ഗുണമേന്മയും കൂടിയ ടൈഗര്‍ ചെമ്മീനുകളെ കയറ്റുമതിയും ചെയ്യുന്നുണ്ട്.വലുപ്പവും സ്വാദും തന്നെയാണ് ടൈഗര്‍ ചെമ്മീനുകളുടെ പ്രത്യേകത.അടിത്തട്ടിലെ ചെളിയില്‍ സമയം ചെലവിടുന്ന സ്വഭാവമായതിനാല്‍ രാത്രികാലത്താണ് പിടികൂടുന്നത്.120 ദിവസത്തെയെങ്കിലും വളര്‍ച്ചയുണ്ടെങ്കിലോ ഈ ഇനത്തിന്റെ വിളവെടുപ്പ് നടക്കൂ.
ചെമ്മീനുകള്‍ക്കും കരിമീനുകള്‍ക്കും തീറ്റ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. പ്ലാങ്കടണുകള്‍ ആണ് ആദ്യം നല്‍കുന്നത്.പിന്നെ 20 ദിവസം മുതല്‍ പ്രത്യേകം തയ്യാര്‍ ചെയ്തെടുക്കുന്ന തീറ്റ നല്‍കിതുടങ്ങും.മീനുകളുടെ എണ്ണം,വലുപ്പം,ഇനം ഇതൊക്കെ അനുസരിച്ചാണ് തീറ്റ നല്‍കുന്നത്.ചില വൈറല്‍ രോഗങ്ങളാണ് അശ്വിനെ ചെമ്മീന്‍കൃഷിയില്‍ അലട്ടുന്ന പ്രശ്നം.
വിദേശ രാജ്യങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യാതെ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വഴിയാണ് അക്വാഹെവന്റെ ഇപ്പോഴത്തെ ചെമ്മീന്‍ വിതരണം.ഭാവിയില്‍ വിദേശരാജ്യങ്ങളിലേക്ക് നേരിട്ട് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നതിനും അതിനൊപ്പം മറ്റ് മത്സ്യകര്‍ഷകരുടെ ചെമ്മീന്‍ കയറ്റുമതി ചെയ്യാനുമുള്ള എക്സ്പോട്ടിങ് ലൈസന്‍സ് എടുക്കാനുള്ള പദ്ധതികളുടെ തിരക്കിലാണ് അശ്വിന്‍ ഇപ്പോള്‍.
കൃഷിയിലെ ഗുരുനാഥന്‍ ഇപ്പോഴും കൂടെ
മഴയും പ്രളയവും ഒക്കെ മറ്റ് കര്‍ഷകരെ ബാധിക്കുന്നതു പോലെ തന്നെ അക്വഹെവനെയും ഭീകരമായി ബാധിക്കാറുണ്ട്.ഈ കഴിഞ്ഞ പ്രളയത്തില്‍ കൊല്ലം ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കര്‍ഷകര്‍ക്കുണ്ടായത്.ഹാര്‍ബറുകളില്‍ ഹാര്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്ന ചെമ്മീനുകളാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്.പ്രളയ ശേഷം ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കന്‍ ആത്മധൈര്യത്തോടെ പുതിയ വഴികള്‍ തേടുന്ന തിടുക്കത്തിലായിരുന്നു അശ്വിന്‍.ഇതിന്റെ ഫലമെന്നോളം നെറ്റുകള്‍ ഉറപ്പിച്ച് ബൗണ്ടറികള്‍ അടച്ച് ചെമ്മീന്‍ കൃഷി ഇറക്കി എന്നാല്‍ ഈ വര്‍ഷത്തെ അടുപ്പിച്ചുള്ള മഴകാരണം അഞ്ചോളം വെള്ളപ്പൊക്കം പ്രദേശത്തെ ബാധിച്ചു.ഇത് ചെമ്മീനുകളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തി.പിന്നീട് മാസങ്ങളുടെ പരിശ്രമം കൊണ്ടാണ് കൃഷി ലാഭത്തിലേക്ക് എത്തിച്ചത്.
21-ാമത്തെ വയസിലാണ് അശ്വിന്‍ ചെമ്മീന്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്.മുകളില്‍ പറഞ്ഞതു പോലെ ഭീമമായ നഷ്ടമാണ് ആ യുവ കര്‍ഷകനെ കാത്തിരുന്നത്.വ്യക്തമായി ഈ മേഖലയെ കുറിച്ച് പറഞ്ഞുതരാന്‍ വിദഗ്ധര്‍ ഇല്ലാത്തത് തനിക്ക് പറ്റിയ പാളിച്ചയായി അശ്വിന്‍ തിരിച്ചറിഞ്ഞു.കൊട്ടിയത്തുള്ള അന്‍സറുദ്ദീന്‍ എന്ന കര്‍ഷകനില്‍ നിന്നാണ് ചെമ്മീന്‍ കൃഷിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അശ്വിന്‍ പഠിക്കുന്നത്.ഇന്നും അക്വാഹെവന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന അന്‍സറുദ്ദീന് അശ്വിന്‍ തന്റെ ഗുരുസ്ഥാനം നല്‍കിയിരിക്കുന്നു.കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള വിവിധ കര്‍ഷകര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങളും പരിശീലനവും അറിവും പകര്‍ന്നു നല്‍കാന്‍ അശ്വിന്‍ പരിശ്രമിക്കുന്നതിന് പ്രധാന കാരണവും തനിക്ക് ആദ്യം നേരിട്ട പരാജയം തന്നെയാകണം.നിരന്തരമായ നിരീക്ഷണവും സൂക്ഷമായ പരിചരണവും സാങ്കേതിക പരിജ്ഞാനവും അനുഭവ പരിചയവും ഒപ്പം അധ്വാനിക്കുള്ള മനസും കൂടിയാല്‍ അശ്വിനെ പോലെ ഇഷ്ടമേഖലകളില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കാം.
സോഷ്യല്‍മീഡിയ വലിയ സഹായി
യൂട്യൂബ്,ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വലിയ രീതിയിലുള്ള അംഗീകാരമാണ് അക്വാഹെവന് കഴിയുന്നുണ്ട്.
ടൂറിസ്റ്റ് ഫാമും ചെമ്മീന്‍ കൃഷിയും മാത്രമല്ല ഒപ്പം കന്നുകാലികളുടെ ഒരു ചെറിയ കൂട്ടത്തെയും ഇവിടെ കാണാം.പശു,ആട്,പോത്ത് എന്നിവയൊക്കെ കാര്‍ഷികാടിസ്ഥാനത്തില്‍ പരിപാലിക്കുന്നു.പ്രധാനമായും വെച്ചൂര്‍,കാസര്‍ഗോഡ് കുള്ളന്‍,ജഴ്സി തുടങ്ങിയ പശുക്കളാണുള്ളത്.
2014ല്‍ ആണ് പാട്ടത്തിനെടുത്ത 7 ഏക്കര്‍ സ്ഥലത്ത് കരിമീനും ചെ്മ്മീനും കൃഷി ചെയ്തു കൊണ്ട് അക്വാഹെവന്‍ ഫിഷ് ഫാമിന് തുടക്കമിടുന്നത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും പതറാതെ മുന്നോട്ടു പോയതാണ് സംരംഭത്തെ ഇപ്പോഴത്തെ നിലയിലെത്തിക്കാന്‍ അശ്വിനെ സഹായിച്ചത്.പിന്നീട് ജൈവകൃഷി,ആട്,നാടന്‍ പശുക്കള്‍,കോഴി,എന്നിവടക്കം കുറഞ്ഞ കാലം കൊണ്ട് ഒരു സംയോജിത കൃഷി കേന്ദ്രമായി അക്വാഹെവന്‍ മാറി.
അഭിമുഖം: ഐടി ജോലി വിട്ട് ഡയറി ഫാം തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ലക്ഷ്മണന് ... Read More
പണം മാത്രം ലക്ഷ്യമിട്ട് ഒരിക്കലും ആരും കൃഷിയിലേക്ക് ഇറങ്ങരുത്.കൃഷിയെ സ്നേഹിച്ച് മനസിന്റെ സന്തോഷത്തിന് വേണ്ടി മാത്രം കൃഷിയിലേക്ക് ഇറങ്ങിയാല്‍ മികച്ച ലാഭം തനിയെ ലഭിക്കും എന്നത് ആണ് അശ്വിന്റെ വിജയമന്ത്രം.ഇതിനൊപ്പം അടുത്തിടെ അധ്യാപന ജോലിയില്‍ പ്രവേശിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നു.പുതിയ ജോലിയ്ക്കൊപ്പവും കൃഷിയും ടൂറിസവും തന്റെ മാജിക്കും പിന്നെ ചെറിയ സാമൂഹിക പ്രവര്‍ത്തനവും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോകാന്‍ സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഈ യുവാവിനുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അശ്വിന്‍ : 9746405565
ഫെയ്സ്ബുക്ക് പേജ് https://www.facebook.com/aquaheavenfarm
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.