Sections

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

Friday, Sep 22, 2023
Reported By Admin
Ration Card

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കുകയും ചെയ്തു. അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച 'ഓപ്പറേഷൻ യെല്ലോ' യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്. 15 പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.