Sections

വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം

Wednesday, May 24, 2023
Reported By Admin
Job Offer

താത്കാലിക നിയമനം

പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷകൾ മേയ് 27ന് വൈകീട്ട് 5ന് മുമ്പായി ഓഫീസിൽ എത്തിക്കണം. മേയ് 29 ന് രാവിലെ 9 മുതൽ ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.

എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.

പട്ടികജാതി പ്രൊമോട്ടർ നിയമനം

മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു തത്തുല്യ യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 10,000 രൂപ. അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാ പട്ടികജാതി വികസ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

കടുങ്ങപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ബോട്ടണി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നാളെ (മെയ് 25) ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04933 256126.

അതിഥി അധ്യാപക നിയമനങ്ങൾ

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ് /പി എച്ച് ഡി യുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ രണ്ടിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ 0497 2746175

പെരിങ്ങോം സർക്കാർ കോളേജിൽ ഈ അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ അഭിമുഖം മെയ് 29നും കൊമേഴ്സ് വിഷയത്തിന്റെ അഭിമുഖം മെയ് 30നുമാണ് നടക്കുക. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അതത് തീയതികളിൽ രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരേയും പരിഗണിക്കും. ഇ-മെയിൽ: govtcollegepnr@gmail.com. ഫോൺ: 04985 295440, 8304816712.

അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ അക്കാദമിക് വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 29ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വെബ്സൈറ്റ് www.gcek.ac.in

വിവിധ വിഷയത്തിൽ ഗസ്റ്റ് ലക്ചറർ

2023-24 അധ്യയന വർഷം കാഞ്ഞിരംകുളം ഗവ. കോളജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി ഹാജരാകണം. മാത്തമാറ്റിക്സ് അഭിമുഖം മെയ് 24ന് രാവിലെ 10നും കമ്പ്യൂട്ടർ സയൻസ് അഭിമുഖം 29ന് രാവിലെ 10നും ഫിസിക്സ് 29ന് രാവിലെ 11 മണിക്കുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.