Sections

ആപ്പിളിന്റെ മനസ് നിറച്ച് ഇന്ത്യ; തുടക്കം തന്നെ 10000 കോടിയില്‍

Wednesday, Mar 23, 2022
Reported By Admin
apple

2022 സാമ്പത്തിക വര്‍ഷത്തിലെ നേട്ടം കമ്പനിക്ക് വരും കാലത്തേക്ക് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്


ആപ്പിള്‍ കമ്പനിയുടെ മനസ് നിറച്ച് ഇന്ത്യ. രാജ്യത്ത് ഉല്‍പ്പാദനം തുടങ്ങി ആദ്യ വര്‍ഷം തന്നെ 10000 കോടി രൂപയുടെ കയറ്റുമതി (Export) നേട്ടം സ്വന്തമാക്കി ആപ്പിള്‍ (Apple). ഇതിന് പുറമെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കുള്ള 80 ശതമാനത്തോളം ഇന്ത്യയില്‍ (India) തന്നെ നിര്‍മ്മിച്ച് നല്‍കാനായതും കമ്പനിയ്ക്ക് നേട്ടമായി. ഒരു വര്‍ഷം മുന്‍പ് ആഭ്യന്തര വിപണിയുടെ 15 ശതമാനം മാത്രമായിരുന്നു ആപ്പിളിന് തദ്ദേശീയ ഉല്‍പ്പാദനത്തില്‍ നിന്ന് നല്‍കാനായത്.

2022 സാമ്പത്തിക വര്‍ഷത്തിലെ നേട്ടം കമ്പനിക്ക് വരും കാലത്തേക്ക് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ആഭ്യന്തര വിപണിയിലും(domestic market) വിദേശ വിപണിയിലും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പാദനത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചേക്കും. രാജ്യത്ത് മൂന്ന് കരാര്‍ നിര്‍മ്മാതാക്കളാണ് കമ്പനിക്കുള്ളത്. ഇവരില്‍ വിസ്‌ത്രോണ്‍, ഫോക്‌സ്‌കോണ്‍ ഹോന്‍ ഹെ എന്നിവരാണ് കമ്പനിക്ക് വമ്പന്‍ നേട്ടം എത്തിപ്പിടിക്കാന്‍ സഹായിച്ചത്. പെഗാട്രോണ്‍ ആണ് ആപ്പിളിന് വേണ്ടി ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മൂന്നാമത്തെ കരാര്‍ ഒപ്പുവെച്ച കമ്പനി. ഇവരുടെ പ്ലാന്റില്‍ ഉല്‍പ്പാദനം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും.

കര്‍ണാടകത്തിലാണ് വിസ്‌ത്രോണ്‍ പ്ലാന്റ്. തമിഴ്‌നാട്ടിലാണ് ഫോക്‌സ്‌കോണ്‍ പ്ലാന്റ്. ഇവിടങ്ങളില്‍ നിന്ന് എസ്ഇ 2020, ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയാണ് ഉല്‍പ്പാദിപ്പിച്ച് അയച്ചത്. ഫോക്‌സ്‌കോണ്‍ ഉടന്‍ ഐഫോണ്‍ 13 ന്റെ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് വിവരം. 2020 ഏപ്രിലിലാണ് വമ്പന്‍ കമ്പനികളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ പിഎല്‍ഐ സ്‌കീം(PLI scheme)  തുടങ്ങിയത്. ഓഗസ്റ്റിലാണ് തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ ഉല്‍പ്പാദനം ആരംഭിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പാദനം കൂടുതല്‍ ലാഭകരമാവുകയാണെങ്കില്‍ ഭാവിയില്‍ കയറ്റുമതി ലക്ഷ്യമിട്ട് ആപ്പിള്‍ ഇന്ത്യയില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതകളുമുണ്ട്. ഇന്ത്യയെ സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി ഹബ്ബാക്കി(smartphone hub) മാറ്റുകയെന്ന ലക്ഷ്യമാണ് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.