- Trending Now:
സംസ്ഥാന കർഷക പുരസ്കാരം 2021 പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം ഇടുക്കി ഉടുമ്പന്നൂർ സ്വദേശി ഷൈൻ കെ.വി നേടി. 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിച്ചു. പ്രതിദിനം ഉയർന്ന അളവിൽ പാലുല്പാദനം, മികച്ച പശു പരിപാലനം എന്നിവയ്ക്കാണ് ഷൈൻ കെ.വിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 15ലധികം വർഷമായി ഷൈൻ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 210 കന്നുകാലികളെ ഷൈൻ വളർത്തുന്നുണ്ട്. പ്രതിദിനം 2,600 ലിറ്ററോളം പാലും, മറ്റ് പാലുല്പന്നങ്ങളും വിപണനവും ചെയ്യുന്നു. പ്രതിദിന പാലുത്പാദനം, പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രീയ പരിപാലന രീതികൾ, പശു പരിപാലനത്തിലെ നൂതന രീതികൾ, തീറ്റപ്പുൽ കൃഷി, മാലിന്യ സംസ്‌കരണം, പാലുൽപന്നങ്ങൾ, ശുചിത്വം, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, വരുമാനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്.
വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകനുള്ള ക്ഷീരശ്രീ പുരസ്‌കാരം തൃശൂരിൽ പ്രവർത്തിക്കുന്ന നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജിജി ബിജു നേടി. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിച്ചു. ഏറ്റവും കുറഞ്ഞത് 50 കറവപ്പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിച്ചത്. 267ഓളം കന്നുകാലികൾ ജിജിയുടെ ഫാമിലുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നു. നവ്യ ഫാംസ് എന്ന പേരിൽ പാലും പാൽ ഉല്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, ശുചിത്വം, പാൽ ഉല്പാദനം, പാലുൽപന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രീയ പരിപാലന രീതികൾ, മേഖലയിൽ നിന്നും ലഭിക്കുന്ന വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്.
മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് കോട്ടയം സ്വദേശി വിധു രാജീവ് നേടി. 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിച്ചു. മൃഗസംരക്ഷണ മേഖലയിൽ മൂന്നോ അതിലധികമോ ഇനങ്ങളെ വളർത്തുന്ന കർഷകരെയാണ് അവാർഡിനായി പരിഗണിച്ചത്. പശുക്കൾക്ക് പുറമേ ആട്, മുട്ടകോഴി, താറാവ്, ടർക്കി കോഴി എന്നിവയേയും വിധു പരിപാലിക്കുന്നുണ്ട്. കൂടാതെ അലങ്കാര പക്ഷി വളർത്തൽ, പച്ചക്കറി കൃഷി എന്നിവയും ചെയ്യുന്നുണ്ട്. സമ്മിശ്ര കൃഷിക്ക് ഉത്തമ മാതൃകയിൽ മൃഗങ്ങളുടെ ചാണകവും മറ്റും പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിച്ച് സംയോജിത കൃഷി രീതിയാണ് വിധു അവലംബിക്കുന്നത്. ഇനം, എണ്ണം, വരുമാനം, ആരോഗ്യ സ്ഥിതി, ശുചിത്വം, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ എന്നിവയും അവാർഡ് നിർണയത്തിന് പരിഗണിച്ചു.
മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശിനി റിനി നിഷാദ് നേടി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിച്ചു. മൃഗസംരക്ഷണ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മികച്ച വനിതാ കർഷകക്കുള്ള അവാർഡ് നൽകുന്നത്. 4 വർഷമായി മൃഗസംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന റിനി 35 പശു, എരുമ, ആട്, മുട്ടക്കോഴി എന്നിവയെ പരിപാലിക്കുന്നുണ്ട്. സഫ മിൽക്ക് എന്ന പേരിൽ പാൽ, പാലുൽപന്നങ്ങൾ എന്നിവ വിപണനം നടത്തുകയും ചെയ്യുന്നു. ഇനം, എണ്ണം, വരുമാനം, ആരോഗ്യ സ്ഥിതി, ശുചിത്വം, പാൽ ഉല്പാദനം, മുട്ട, ഇറച്ചി, പാലുൽപന്നങ്ങൾ, ഇവയുടെ വിപണനം, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ എന്നിവ പരിഗണിക്കപെട്ടു.
മികച്ച യുവ കർഷക അവാർഡിന് കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മാത്തുക്കുട്ടി ടോം അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിച്ചു. കറവപ്പശുക്കൾ, എരുമ, ആട്, പന്നി, മുട്ടക്കോഴി, ബ്രോയിലർ എന്നിവയെ മാത്തുക്കുട്ടി പരിപാലിച്ചുവരുന്നു. പന്നി, കോഴി എന്നിവയുടെ മാംസം എന്നിവ വിപണനവും ചെയ്യുന്നുണ്ട്. 12 പ്രോസിസ്സിംഗ് യുണിറ്റുകളും, 5 സെയിൽസ് ഔട്ട്‌ലെറ്റ്കളും മാത്തുക്കുട്ടിയുടെ ടി.ജെ.ടി ഫാമിന് കീഴിൽ പ്രവർത്തിക്കുന്നു. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന 35 വയസ്സിൽ താഴെയുള്ള യുവതി/യുവാക്കളെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്. യുവജനങ്ങളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ചെയർമാനും അഡിഷണൽ ഡയറക്ടർ (എ എച്ച് &വിജിലൻസ്) കൺവീനറും അടങ്ങിയ ആറംഗ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മൃഗസംരക്ഷണ വകുപ്പിന്റെ നൂതന പദ്ധതികളും പുത്തൻ സാങ്കേതിക വിദ്യയുടെ സഹായവും ഒത്തുചേർന്നപ്പോൾ ഈ മേഖലയിൽ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.