- Trending Now:
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൺട്രപ്രണർഷിപ്പ് ഡവലപ്ന്റ്്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise Development Centre (EDC) അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി ചേർന്നു കൊണ്ടായിരിക്കും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പാക്കുക. 2023-24 സാമ്പത്തിക വർഷം മുതൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് ഈ പദ്ധതി ഗുണകരമാകും. എംഎസ്എംഇ സംരംഭങ്ങൾ പൂട്ടിപ്പോകുന്നതിന്റെ ദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തിലെ നിരക്ക് ഇതിലും കുറവാണ്. എല്ലാ പിന്തുണയും നൽകി അത്തരം യൂണിറ്റുകൾ അകാലത്തിൽ അടച്ചുപൂട്ടുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
KIED-ന്റെ ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന്റെ ഔപചാരികമായ സമാരംഭവും മന്ത്രി പ്രഖ്യാപിച്ചു. എം എസ് എം ഇകളുടെ വികസനത്തിനും സാമ്പത്തിക നൂതനത്വത്തിനുമുള്ളതാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൺട്രപ്രണർഷിപ്പ് ഡവലപ്മൻറിന്റെ എംഎസ്എംഇ ഇൻകുബേഷൻ പരിപാടി. പത്ത് വർഷത്തിൽ താഴെ മാത്രം പ്രവർത്തനക്ഷമമായതും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നതോ എംഎസ്എംഇകൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതോ ആയ എംഎസ്എംഇ യൂണിറ്റുകൾക്ക് ആറ് മാസത്തെ പ്രോഗ്രാമിന് കീഴിൽ www.edckerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. 35 ലക്ഷം മുതൽ 50 കോടി വരെ വാർഷിക വരുമാനമുള്ള എംഎസ്എംഇകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
ഗവേഷണങ്ങൾ ഉൽപ്പന്നങ്ങളായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ ഐടി അധിഷ്ഠിത വ്യവസായങ്ങൾക്കാണ് ഊന്നൽ നൽകിയത് വരും വർഷങ്ങൾ ബയോ ടെക്നോളജിയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയോട് ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ ഗവേഷണ ഫലങ്ങളെ വിജയകരമായ വാണിജ്യ ഉൽപ്പന്നങ്ങൾ ആക്കി മാറ്റാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപക സൗഹൃദ കേന്ദ്രമായി ഉയർന്നുവരാൻ സംസ്ഥാനം കൈവരിച്ച കുതിപ്പിനെ പരാമർശിച്ച മന്ത്രി, അടുത്ത വർഷം ദേശീയ തലത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഒരു വർഷം മുമ്പുണ്ടായിരുന്ന 28-ൽ നിന്ന് നിലവിൽ കേരളം 15-ാം സ്ഥാനത്താണ്. സംസ്ഥാനത്തെ വ്യവസായങ്ങളിൽ വിറ്റുവരവിന്റെ 18.9 ശതമാനവും ഉല്പാദന മേഖലയിൽ നിന്നാണ്. വ്യവസായം 17.3 ശതമാനമായി വളർന്നപ്പോൾ ജിഡിപിയിൽ അതിന്റെ സംഭാവന 12 ശതമാനമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം 'ഇയർ ഓഫ് എന്റർപ്രൈസസ്' പദ്ധതിക്ക് കീഴിൽ ഒന്നരലക്ഷം സംരംഭങ്ങൾ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.