Sections

സ്ഥാപനം ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ അലൈന്‍മെന്റ് കൂടിയേ തീരു| organizational alignment

Tuesday, Aug 16, 2022
Reported By Jeena S Jayan
business , Business Guide

ക്ഷ്യത്തിലേക്ക് എത്താന്‍ അനുയോജ്യമായ വിഭവങ്ങളും പ്രവര്‍ത്തനങ്ങളും വ്യക്തമായി ഏകീകരിച്ചു മുന്നോട്ട് പോകുന്നതിനെയാണ് അലൈന്‍മെന്റ് എന്ന് പറയുന്നത്.

 

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഒരു കാറിന് വരെ സഞ്ചാരയോഗ്യത നിലനിര്‍ത്താന്‍ അലൈന്‍മെന്റ് കറക്ടായിരിക്കണം എന്നിരിക്കെ വലിയ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഒരു സ്ഥാപനത്തിനും അപ്പോള്‍ അലൈന്‍മെന്റ് ഉണ്ടാകാതിരിക്കാന്‍ സാധിക്കില്ലല്ലോ.ഒരു സ്ഥാപനം വളര്‍ച്ച പ്രാപിക്കുന്നതിന് വ്യക്തമായ ലക്ഷ്യം അനിവാര്യമാണ്. ഈ ലക്ഷ്യത്തെക്കുറിച്ച് സ്ഥാപകന് മാത്രം വ്യക്തമായ ബോധ്യം ഉണ്ടായാല്‍പോരാ, മറിച്ച് സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും ലക്ഷ്യത്തെക്കുറിച്ച് ബോധവാനാകുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യണം. ഇത്തരത്തില്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ അനുയോജ്യമായ വിഭവങ്ങളും പ്രവര്‍ത്തനങ്ങളും വ്യക്തമായി ഏകീകരിച്ചു മുന്നോട്ട് പോകുന്നതിനെയാണ് അലൈന്‍മെന്റ് എന്ന് പറയുന്നത്.

 


ലക്ഷ്യം അഥവാ മിഷന്‍

ഒരു സ്ഥാപനം എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ഉദ്ദേശലക്ഷ്യത്തെയാണ് മിഷന്‍ എന്ന് പറയുന്നത്. സ്ഥാപനകനെപ്പോലെ തന്നെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ഈ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം.തന്റെ സ്ഥാപനം എങ്ങോട്ടാണ് പോകുന്നത്, നിശ്ചയിച്ചുറപ്പിച്ച സമയപരിധിക്കുള്ളില്‍ നിങ്ങളുടെ സ്ഥാപനം നിറവേറ്റുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, എന്നിങ്ങനെ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രചോദനവും നല്കുന്നതായിരിക്കണം വിഷന്‍.
അതുപോലെ തന്നെ സ്ഥാപനം മുന്നോട്ട് പോകുമ്പോള്‍ പാലിക്കപ്പെടേണ്ട മൂല്യങ്ങള്‍ കൂടി നിര്‍വ്വചിക്കേണ്ടതുണ്ട്. ഈ മൂല്യങ്ങള്‍ സ്ഥാപകനും ജീവനക്കാരും ഒരേപോലെ പാലിക്കേണ്ടത് അനിവാര്യമാണ്.
ഒരു സ്ഥാപനത്തിന്റെ വിഷനും മിഷനും ഒരേപോലെ കൂട്ടിയോജിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ സ്ഥാപനത്തിന് വളര്‍ച്ചയുണ്ടാകുകയുള്ളൂ.


 
തന്ത്രങ്ങള്‍

സ്ഥാപനത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും, വ്യക്തമായ സ്ട്രാറ്റജികള്‍ നിര്‍വ്വചിക്കുകയുമാണ് ചെയ്യേണ്ടത്. ഇപ്പോള്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കിയതിനുശേഷം, മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ സ്ട്രാറ്റജികള്‍ തയ്യാറാക്കുകയും വ്യക്തമായ പ്ലാനിങ്ങുകള്‍ നിര്‍വ്വചിക്കുകയുമാണ് ചെയ്യേണ്ടത്.ഈ സ്ട്രാറ്റജികളാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.വ്യക്തമായ സ്ട്രാറ്റജി ഇല്ലാതെ പോകുന്നതാണ് പല സംരംഭങ്ങളും തകര്‍ന്നു പോകുന്നതിന് പ്രധാന കാരണം.


 
ഉത്തരവാദിത്തങ്ങള്‍

സ്ഥാപനത്തിന്റെ സ്ട്രാറ്റജികള്‍ നിര്‍വ്വഹിക്കുന്നതിന് എന്തെല്ലാം വിഭവങ്ങള്‍ അനുയോജ്യമാണ് എന്ന് മനസ്സിലാക്കിയതിനു ശേഷം, വിഭവങ്ങളുടെ റോളുകള്‍, നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ എന്നിവയെല്ലാം വ്യക്തമായി രേഖപ്പെടുത്തുക. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ചെയ്യേണ്ട ജോലികള്‍ എന്തെല്ലാമാണെന്നും, അവരുടെ സ്ഥാനങ്ങളെക്കുറിച്ചും അതുപോലെ തന്നെ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെപ്പറ്റിയും വ്യക്തമായി നിര്‍വ്വചിക്കുകയും എഴുതിതിട്ടപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

സ്റ്റാന്‍ഡേര്‍ട്‌  ഓപ്പറേഷന്‍ പ്രൊസീജ്യര്‍

ഒരിക്കല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടുകഴിഞ്ഞാല്‍ എങ്ങനെയെല്ലാമാണ് ഓരോ സ്ഥാനത്തുള്ള വ്യക്തിയും തന്റെ കടമകള്‍ നിര്‍വ്വഹിക്കേണ്ടത് എന്ന കാര്യം കൂടി അവര്‍ക്ക് മനസ്സിലാക്കികൊടുക്കേണ്ടത് അത്യാവശ്യമാണ്. സ്ഥാപനത്തില്‍ ഓരോ ജീവനക്കാരനും ചെയ്യേണ്ട ചുമതലകള്‍ എപ്രകാരം നിര്‍വ്വഹിക്കണം എന്ന കാര്യം വ്യക്തമായി എഴുതി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്
 
റിവ്യു ചെയ്യുക

സ്ഥാപനത്തില്‍ തയ്യാറാക്കിയ സ്ട്രാറ്റജികളും പ്ലാനിങ്ങുകളും ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന കാര്യം വിലയിരുത്തുന്നതിനായി കൃത്യമായ സമയഇടവേളകള്‍ക്കനുസരിച്ചു പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും, എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുവേണ്ട തിരുത്തലുകള്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. 

നിരന്തരമായി പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ മാത്രമേ വളര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും, വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകങ്ങള്‍ സ്ഥാപനത്തിലേക്ക് വീണ്ടും വീണ്ടും ഉള്‍പ്പെടുത്തുവാനും സാധിക്കുകയുള്ളു.കൃത്യമായ വഴിയിലേക്ക് ഒരു സ്ഥാപനത്തെ നയിക്കാനാവശ്യമായ ഇന്ധനങ്ങളില്‍ പ്രധാനമാണ് അലൈന്‍മെന്റ്.ബിസിനസില്‍ ഉണ്ടാകുന്ന കല്ലുകടികള്‍,തകര്‍ച്ചയൊക്കെ ഒഴിവാക്കാന്‍ അലൈന്‍മെന്റ് സെറ്റ് ചെയ്യുക പ്രധാനം തന്നെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.