- Trending Now:
തൃശൂർ: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവൻ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത ആശുപത്രിയിൽ നിന്നുള്ള സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്നുള്ള വിദഗ്ദർ ഉൾപ്പടെ അറുപത് പേരാണ് മെഡിക്കൽ സംഘത്തിലുള്ളത്.
ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫുകൾ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്കൊപ്പം യുവജന സംഘടനയായ അയുദ്ധ് അംഗങ്ങൾ, മാതാ അമൃതാനന്ദമയി മഠത്തിൽ നിന്നുള്ള വളണ്ടിയർമാർ എന്നിവരും പ്രയാഗ്രാജിലെത്തും.
അത്യാധുനിക ക്രമീകരണങ്ങളുള്ള അമൃത മെഡിക്കൽ സംഘത്തിന്റെ വാൻ മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ നടന്ന പൂജയോടെ ആണ് കൊച്ചി അമൃത ഹെൽത്ത് കെയർ ക്യാംപസിൽ നിന്ന് പുറപ്പെട്ടത്.
തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്നും യാത്ര കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ തൃശൂർ മാതാ അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെവി സദാനന്ദൻ, കൊച്ചി അമൃത ആശുപത്രിയിലെ ബ്രഹ്മചാരി ഡോ. ജഗ്ഗു, പ്രൊഫ. ശ്രീകുമാർ, ക്യാമ്പ് മാനേജർ ജയൻ എം.ഡി എന്നിവർ പങ്കെടുത്തു.
അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ ടെസ്റ്റ്, എക്സ് റേ, ഓട്ടോമാറ്റിക്ക് ലബോറട്ടറി, ഇസിജി, പൾമണറി ഫങ്ക്ഷൻ ടെസ്റ്റ് എന്നിവ മെഡിക്കൽ വാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാനിൽ സജ്ജമാക്കിയിട്ടുള്ള മൈനർ ഓപ്പറേഷൻ തിയ്യേറ്റർ അടിയന്തര സാഹചര്യങ്ങളിൽ ലേബർ റൂം ആക്കി മാറ്റാനും സാധിക്കും. അമ്പത് ലക്ഷം രൂപയുടെ മരുന്നുകളും കുംഭമേളയ്ക്കായി അമൃത സമാഹരിച്ചിട്ടുണ്ട്.
മെഡിക്കൽ വാനിന് പുറമെ ഡിഫ്രിബിലേറ്റർ വെന്റിലേറ്റർ സംവിധാനങ്ങൾ ഉള്ള ഡി ലെവൽ ആംബുലൻസും പത്ത് ബെഡുകൾ ഉള്ള താൽക്കാലിക ആശുപത്രിയും പ്രയാഗ്രാജിൽ അമൃത സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം 13 ന് ആരംഭിക്കുന്ന കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 26 വരെ അമൃതയുടെ മെഡിക്കൽ സേവനങ്ങൾ 24 മണിക്കൂറും പ്രയാഗ്രാജിൽ ലഭ്യമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.