- Trending Now:
സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് സഹകരണ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകാരിമാരുടെയും പൊതുജനങ്ങളുടെയും നിയമജ്ഞൻമാരുടെയും അഭിപ്രായം തേടുന്നതിനാണ് ഇതു സംബന്ധിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്.
ഏപ്രിൽ 22 മുതൽ 30 വരെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2023 ന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമ ഭേദഗതി സംബന്ധിച്ച് അഭിപ്രായങ്ങൾ സമാഹരിക്കുന്നതിനായി സെലക്ട് കമ്മിറ്റിയുടെ ആദ്യ സിറ്റിംഗ് തിരുവനന്തപുരത്ത് നടന്നു. മറ്റ് ജില്ലകളിലും ഉടനെ സിറ്റിംഗ് നടത്തും. സഹകരണ എക്‌സ്‌പോയിലും ഒരു സെഷൻ ഈ വിഷയത്തിൽ ഉണ്ടാകും. 1969ൽ നിലവിൽ വന്ന സഹകരണ നിയമത്തിൽ കാലോചിതമായ പരിഷ്‌കരണത്തിന് നിയമ ഭേദഗതി വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യാന്തര, ദേശീയ തലത്തിൽ അംഗീകാരം നേടുന്ന കാലമാണിത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും കേരള ബാങ്കും ഈ അംഗീകാരങ്ങൾക്ക് അർഹമായി. 23000 ൽ പരം സംഘങ്ങളുള്ള സഹകരണ മേഖലയുടെ നേട്ടങ്ങൾ പൊതുജനമധ്യത്തിലെത്തിക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം. പുതിയ ആശയങ്ങൾ എക്‌സ്‌പോയിലെ ചർച്ചാ വേദിയിൽ അവതരിപ്പിക്കും. സംഘങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടുതലായി എക്‌സ്‌പോയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങളെ ചെറുത്തു തോൽപ്പിച്ച മഹത്തായ പാരമ്പര്യമാണ് കേരളത്തിലെ സഹകാരി സമൂഹത്തിനുള്ളത്. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഉയർത്തുന്ന ഭീഷണികളെയും സംസ്ഥാനം നേരിടും. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സഹകരണ സംരക്ഷണ നിധിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്‌സി എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി.വി. സുഭാഷ്, അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ മീണ, ആർ. ജ്യോതിപ്രസാദ്, എം.എസ് ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.