Sections

ഒമിക്രോണ്‍ അദാനിയെ ചതിച്ചു, അതിസമ്പന്നരില്‍ അംബാനി വീണ്ടും മുന്നില്‍

Sunday, Nov 28, 2021
Reported By Admin
adani-ambani

ബ്ലൂംബെര്‍ഗ് ഇന്റക്‌സിലെ 2021 നവംബര്‍ 27 ലെ കണക്ക് പ്രകാരമാണിത്

 

റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായി. കഴിഞ്ഞ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണിത്. ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മില്‍ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

91.4 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരില്‍ ഇപ്പോള്‍ 11ാമതാണ് അദ്ദേഹം. ഗൗതം അദാനിയാകട്ടെ 13ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി 78.1 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ഇന്റക്‌സിലെ 2021 നവംബര്‍ 27 ലെ കണക്ക് പ്രകാരമാണിത്.

ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ അതിസമ്പന്നരുടെ ആസ്തികളില്‍ നേരിട്ട് പ്രതിഫലിക്കുന്നതിനാല്‍ ഈ സ്ഥാനങ്ങള്‍ ഇനിയും മാറിമറിഞ്ഞേക്കും. അവരവര്‍ക്ക് ഉടമസ്ഥാവകാശമുള്ള ഓഹരികളുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വര്‍ധനവും അംബാനിയുടെയും അദാനിയുടെയും ആസ്തികളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കാറുള്ളത്.

അദാനി ഗ്രൂപ്പിന്റെ കമ്പനികളേക്കാള്‍ മൂന്ന് മടങ്ങ് വലിപ്പമുണ്ട് റിലയന്‍സ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി പോര്‍ട്‌സ്, അദാനി സ്‌പെഷല്‍ ഇക്കണോമിക് സോണുകളെല്ലാം പതിന്മടങ്ങ് വളര്‍ച്ചയാണ് കാഴ്ചവെച്ചത്. 

ഇന്ത്യയില്‍ അതിസമ്പന്നരുടെ നിരയില്‍ ഒരു പതിറ്റാണ്ടോളമായി അതികായനാണ് മുകേഷ് അംബാനി. എന്നാല്‍ ഗൗതം അദാനിയാകട്ടെ ആദ്യ പത്ത് അതിസമ്പന്നരില്‍ തന്നെ അടുത്ത കാലത്തായി രംഗപ്രവേശം ചെയ്തയാളുമാണ്. എന്നാല്‍ ഇരുകമ്പനികളും ഊര്‍ജ്ജ വിതരണമടക്കമുള്ള മേഖലകളില്‍ നേരിട്ട് കൊമ്പുകോര്‍ക്കാന്‍ തീരുമാനിച്ചതോടെ ഇനി അതിസമ്പന്നരുടെ നിരയില്‍ ആരാണ് സിംഹാസനമുറപ്പിക്കുകയെന്ന് കണ്ടുതന്നെ അറിയണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.