Sections

വീണ്ടും പിരിച്ചുവിടലുമായി ആമസോൺ; ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

Thursday, Jan 05, 2023
Reported By admin
amazon

ആമസോൺ ജീവനക്കാരെ പുറത്താക്കുന്നത് ഈ വർഷവും തുടരുമെന്നാണ് സൂചന


10,000 പേര പിരിച്ചു വിട്ടതിന് പിന്നാലെ 18,000 ജീവനക്കാരെക്കൂടെ ഒഴിവാക്കി ആമസോൺ. മൊത്തം കോർപ്പറേറ്റ് ജീവനക്കാരുടെ ആറ് ശതമാനത്തെ ഒഴിവാക്കുന്നു . ജനുവരി 18 മുതൽ പിരിച്ചുവിടൽ നടപടികൾ തുടങ്ങും.

വീണ്ടും ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ. ആമസോൺ 18,000 പേരെ പിരിച്ചുവിടുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ആമസോൺ ചീഫ് എക്സിക്യൂട്ടിവ് ആൻഡി ജാസി .പിരിച്ചുവിടൽ കമ്പനിയുടെ ഇ-കൊമേഴ്സ്, ഹ്യൂമൻ റിസോഴ്സ് ഓർഗനൈസേഷനുകളെ വലിയ തോതിൽ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആമസോണിന്റെ ഏകദേശം 300,000 കോർപ്പറേറ്റ് ജീവനക്കാരുടെ ആറ് ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഇൻഷുറൻസ്, മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിനുള്ള സഹായം എന്നിവ തുടരും.

ജനുവരി 18 മുതൽ പിരിച്ചുവിടൽ നടപടികൾ തുടങ്ങും. യൂറോപ്പിൽ നിന്നുള്ളവരെയുൾപ്പെടെ പ്രതിസന്ധി ബാധിക്കും. ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി നവംബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ 20,000 പേരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തി തൊട്ടുപിന്നാലെയാണ് കൂടുതൽ പേരെ കമ്പനി ഒഴിവാക്കുന്നതെന്ന പ്രഖ്യാപനം നടത്തിയത്.

ആമസോൺ ജീവനക്കാരെ പുറത്താക്കുന്നത് ഈ വർഷവും തുടരുമെന്നാണ് സൂചന. ആമസോണിന് വെയർഹൗസ് ജീവനക്കാരും കരാർ ജീവനക്കാരും ഉൾപ്പെടെ 15 ലക്ഷത്തിലധികം തൊഴിലാളികളുണ്ട്. വാൾമാർട്ട് കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവാണ് കമ്പനി.

ട്വിറ്ററിൽ നിന്ന് 50 ശതമാനം ജീവനക്കരായാണ് എലൻ മസ്ക് ഒഴിവാക്കിയത്. ഈ അവസരത്തിൽ ടെക്കികൾക്ക് ആശ്വാസവുമായി ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വന്നിരുന്നു. ടാറ്റ ഗ്രൂപ്പ് ശാഖയായ ജാഗ്വർ ലാൻഡ് റോവറാണ് പിരിച്ചു വിട്ടവരിൽ 800 ജീവനക്കാരെ ആദ്യ ഘട്ടത്തിൽ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.

വൻകിട കമ്പനികളെല്ലാം നേരത്തെ തന്നെ കൂട്ട പിരിച്ചു വിടലിന്റെ സൂചനകൾ നൽകിയിരുന്നു. മെറ്റ, ആമസോൺ, ട്വിറ്റർ, ലെനോവോ, സെയിൽസ്ഫോഴ്സ്, അഡോബ് തുടങ്ങിയ മുൻനിര ടെക് കമ്പനികൾ ഇതിനകം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ട് പോലും നിരവധി പേർക്ക് ഒറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.

രാജ്യാന്തര കമ്പനികളുടെ പിരിച്ചു വിടലിന്റെ ഭാഗമായി ഇന്ത്യയിലെ ഓഫീസുകളിലുള്ള തൊഴിലാളികൾക്കും ജോലി നഷ്ടമായിരുന്നു. 11,000ത്തോളം ജീവനക്കാരെയായാണ് ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പിരിച്ചു വിട്ടത്.

ആഗോളതലത്തിൽ രണ്ട് ലക്ഷം ടെക്കികൾക്ക് ഇതോടകം തന്നെ തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ സിസ്കോ 4,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.