Sections

100% പുനരുപയോഗ ഊർജ്ജ ലക്ഷ്യം കൈവരിച്ച് ആമസോൺ

Friday, Jul 12, 2024
Reported By Admin
Amazon meets 100% renewable energy goal seven years early

കൊച്ചി: 2019ൽ ആരംഭിച്ച് 2030ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പുനരുപയോഗ ഊർജ്ജലക്ഷ്യം ഏഴുവർഷം മുൻപേ കൈവരിച്ച് ആമസോൺ. ലോകവ്യാപകമായ ആമസോണിൻറെ ഡാറ്റാ സെൻററുകൾ, കോർപ്പറേറ്റ് കെട്ടിടങ്ങൾ, പലചരക്ക് കടകൾ, ഫുൾഫിൽമെൻറ് സെൻററുകൾ എന്നിവിടങ്ങളിലെ പുനരുപയോഗ ഊർജ്ജലക്ഷ്യമാണ് ഏഴുവർഷം മുൻപേ കൈവരിച്ചതായി ആമസോൺ പ്രഖ്യാപിച്ചത്. ബ്ലൂംബെർഗ് ന്യൂ എനർജി ഫിനാൻസ് പറയുന്നതനുസരിച്ച് നാല് വർഷത്തേക്ക് (2020 മുതൽ) ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജം വാങ്ങുന്ന കമ്പനിയായി ആമസോൺ മാറി. ആഗോളതലത്തിൽ 500-ലധികം സോളാർ, കാറ്റാടി പദ്ധതികളിൽ ബില്യൺ കണക്കിന് ഡോളറും ആമസോൺ നിക്ഷേപിച്ചിട്ടുണ്ട്.

ഏഴു വർഷം മുൻപ് തന്നെ പുനരുപയോഗ ഊർജ്ജലക്ഷ്യം കൈവരിക്കാൻ കമ്പനി ചെയ്ത പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് ആമസോൺ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ കാരാ ഹർസ്റ്റ് പറഞ്ഞു. സോളാർ, കാറ്റാടി പദ്ധതികളിൽ നിക്ഷേപം തുടരുന്നത് കൂടാതെ ന്യൂക്ലിയർ, ബാറ്ററി സംഭരണം തുടങ്ങി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ കാർബൺ രഹിത ഊർജ്ജത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കാരാ ഹർസ്റ്റ് പറഞ്ഞു.

2019 മുതൽ 27 രാജ്യങ്ങളിൽ ആമസോൺ പുനരുപയോഗ ഊർജ പദ്ധതികൾ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ഗ്രീസ്, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ യൂട്ടിലിറ്റി സ്കെയിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ പദ്ധതികൾ പ്രാപ്തമാക്കിയ ആദ്യത്തെ കോർപ്പറേഷനും ആമസോൺ തന്നെയാണ്. വിർജീനിയയിലെ ആമസോണിൻറെ എച്ച്ക്യൂ2 ആസ്ഥാനം പൂജ്യം ശതമാനം പ്രവർത്തനക്ഷമമായ കാർബൺ എമിഷൻ ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ്. കൂടാതെ അതിൻറെ വൈദ്യുതി ഉപഭോഗം പ്രാദേശിക സോളാർ ഫാമുമായി പൊരുത്തപ്പെടുന്നുമുണ്ട്. യൂട്ടിലിറ്റി സ്കെയിൽ പ്രോജക്റ്റുകൾക്ക് പുറമേ, ആമസോൺ ഫുൾഫിൽമെൻറ് സെൻററുകൾ, ഫുഡ് മാർക്കറ്റ് സ്റ്റോറുകൾ, ലോകമെമ്പാടുമുള്ള മറ്റ് കോർപ്പറേറ്റ് കെട്ടിടങ്ങൾ എന്നിവയുടെ മേൽക്കൂരകളിലും വസ്തുവകകളിലും ഏകദേശം 300 ഓൺ-സൈറ്റ് സോളാർ പ്രോജക്ടുകളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ പദ്ധതികളും പ്രവർത്തനക്ഷമമായാൽ ആമസോണിൻറെ പുനരുപയോഗ ഊർജ പോർട്ട്ഫോളിയോ വഴി പ്രതിവർഷം 27.8 ദശലക്ഷം ടൺ കാർബൺ ഒഴിവാക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പദ്ധതികൾ ഉൾപ്പെടെ ഏഷ്യ- പസഫിക് മേഖലയിലുടനീളം 80-ലധികം പുനരുപയോഗ ഊർജ പദ്ധതികൾ ആമസോൺ ഇന്നുവരെ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 50 കാറ്റാടി, സൗരോർജ്ജ പദ്ധതികളിൽ ആമസോൺ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് ന്യൂ എനർജി ഫിനാൻസിൻറെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന ഊർജത്തിൻറെ ഏറ്റവും വലിയ കോർപ്പറേറ്റ് ഉപഭോക്താവ് കൂടിയാണ് ആമസോൺ. 2022ൽ ആമസോൺ അതിൻറെ ആദ്യത്തെ ആറ് യൂട്ടിലിറ്റി സ്കെയിൽ പ്രോജക്ടുകൾ ഇന്ത്യയിൽ ആരംഭിച്ചു. ഇതിൽ മധ്യപ്രദേശിലും കർണാടകയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കാറ്റാടി-സോളാർ ഹൈബ്രിഡ് പദ്ധതികളും രാജസ്ഥാനിലെ മൂന്ന് സോളാർ ഫാമുകളും ഉൾപ്പെടുന്നു. മൊത്തം 920 മെഗാവാട്ട് (എംഡബ്ലിയൂ) പുനരുപയോഗ ഊർജ്ജ ശേഷിയെ ഇത് പ്രതിനിധീകരിക്കുന്നു. ആമസോൺ വികസിപ്പിച്ച ഒരു പുതിയ സാമ്പത്തിക മാതൃക അനുസരിച്ച് 2014 മുതൽ 2022 വരെ കമ്പനിയുടെ കാറ്റാടി, സൗരോർജ്ജ ഫാമുകൾ ഇന്ത്യയിലെ കമ്മ്യൂണിറ്റികൾക്കായി ഏകദേശം 349 ദശലക്ഷം യുഎസ് ഡോളർ (2,885 കോടി രൂപ) നിക്ഷേപം ഉണ്ടാക്കാൻ സഹായിച്ചു. അവർ രാജ്യത്തിൻറെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 87 മില്യൺ യുഎസ് ഡോളർ (719 കോടി രൂപ) സംഭാവന ചെയ്തതു.

100ശതമാനം പുനരുപയോഗ ഊർജ്ജ ലക്ഷ്യം കൈവരിക്കുന്നതിലൂടെ നൂറ് കണക്കിന് പുതിയ സൗരോർജ്ജ- കാറ്റാടി പദ്ധതികൾ നിർമിക്കാൻ ആമസോണിനായെന്ന് ബ്ലൂംബെർഗ് ന്യൂഎനർജി ഫിനാൻസ് സുസ്ഥിരതാ ഗവേഷണ വിഭാഗം മേധാവി കൈൽ ഹാരിസൺ പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ ലോകമെമ്പാടുമുള്ള ഗ്രിഡ്ഡുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും ശുദ്ധമായ ഊർജ്ജത്തിൻറെ പുതിയ ഉറവിടങ്ങൾ കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.