Sections

സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുമായി ആമസോൺ ഇന്ത്യയിൽ ഗ്ലോബൽ ലാസ്റ്റ് മൈൽ ഫ്‌ളീറ്റ് പദ്ധതി അവതരിപ്പിച്ചു

Wednesday, Nov 08, 2023
Reported By Admin
Amazon Armada IN

കൊച്ചി: സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുമായി ആമസോൺ ഇന്ത്യയിൽ ഗ്ലോബൽ ലാസ്റ്റ്‌മൈൽ ഫ്‌ളീറ്റ് പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഇത്തരത്തിലുള്ള ആഗോളതലത്തിലെ ആദ്യ തുടക്കമാണ് ഇന്ത്യയിൽ നടന്നത്. 300ലധികം ഡെലിവറി സേവന പങ്കാളികളെ (ഡിഎസ്പി) പൂർണമായും മലിനീകരണ രഹിതമായി ഉപഭോക്തൃ ഡെലിവറികൾ നടത്താൻ ഈ പദ്ധതി സഹായിക്കും.

ഒരു ഫ്‌ളീറ്റ് മാനേജ്‌മെൻറ് കമ്പനി വഴി ഡെലിവറി പങ്കാളികൾക്ക് അനുയോജ്യമായ വാഹനനിര ലഭ്യമാക്കുന്നതാണ് ആമസോണിൻറെ ഗ്ലോബൽ ലാസ്റ്റ് മൈൽ ഫ്‌ളീറ്റ് പദ്ധതി. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇതിനകം തന്നെ ഫലപ്രദമായി പ്രവർത്തിക്കുന്ന ആമസോണിൻറെ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിൽ പൂർണമായും ഇഷ്ടാനുസൃതമായി രൂപകൽപന ചെയ്ത ഇവികളുമായി ആദ്യമായി നടപ്പാക്കുന്നത്. സമ്പൂർണ ഇവികളുമായി ഇന്ത്യയിൽ ആരംഭിക്കുന്ന ലാസ്റ്റ് മൈൽ ഫ്‌ളീറ്റ് പദ്ധതി 2040ഓടെ കാർബൺ പുറംതള്ളൽ പൂജ്യത്തിലെത്തുകയെന്ന ആഗോള ലക്ഷ്യം കൈവരിക്കാനും ആമസോണിനെ സഹായിക്കും.

ഇഷ്ടാനുസൃതമാക്കിയ ഇവികൾക്കൊപ്പം അറ്റകുറ്റപ്പണികൾ, ചാർജിങ്, പാർക്കിങ് എന്നിവയും ഫ്‌ളീറ്റ് പദ്ധതിയിലൂടെ ഡെലിവറി സേവന പങ്കാളികൾക്ക് ലഭിക്കും. ആമസോണിൻറെ ഡെലിവറി പങ്കാളികളുടെയും അവർ സേവനം ചെയ്യുന്ന സമൂഹത്തിൻറെയും ക്ഷേമത്തിനായി വിപുലമായ സുരക്ഷാ ഫീച്ചറുകളും വാഹനങ്ങളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. തുടക്കത്തിൽ മഹീന്ദ്ര സോർ ഗ്രാൻഡ് ത്രീവീലർ ഇവികളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരക്കേറിയ ദീപാവലി സീസണിന് മുന്നോടിയായി ആരംഭിക്കുന്ന പദ്ധതിയിലേക്ക് വൈകാതെ കൂടുതൽ ഇലക്ട്രിക് ത്രീ-ഫോർ വീലറുകൾ കൂട്ടിച്ചേർക്കും.

Amazon Armada IN

നഗരങ്ങളിലെ ഡെലിവറികൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നീതി ആയോഗിൻറെ ശൂന്യ എന്ന പേരിലുള്ള സീറോ പൊല്യൂഷൻ മൊബിലിറ്റി കാമ്പയിനെയും ഈ പദ്ധതിയിലൂടെ ആമസോൺ പിന്തുണക്കുന്നുണ്ട്. മഹീന്ദ്ര ഇലക്ട്രിക്കിൻറെയും മറ്റു വാഹന നിർമാതാക്കളുടെയും പിന്തുണയോടെ നിലവിൽ ഇന്ത്യയിലെ 400ലധികം നഗരങ്ങളിൽ പാക്കേജുകൾ വിതരണം ചെയ്യുന്നതിനായി 6,000ലധികം ഇലക്ട്രിക് വാഹനങ്ങൾ ആമസോൺ വിന്യസിച്ചിട്ടുണ്ട്. 2025ഓടെ ഇന്ത്യയിൽ 10,000 ഇലക്ട്രിക് വാഹനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനി.

2040ഓടെ കാർബൺ പുറംതള്ളൽ പൂജ്യത്തിലെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും 100 ശതമാനം വൈദ്യുത വാഹനങ്ങളുമായി ഇന്ത്യയിൽ ലാസ്റ്റ് ഫ്‌ളീറ്റ് മൈൽ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഡെലിവറി സേവന പങ്കാളികളെ കൂടി തങ്ങളോടൊപ്പം കാർബൺ ഡൈഓക്‌സൈഡ് പുറന്തള്ളൽ ഇല്ലാതാക്കാൻ സഹായിക്കുകയാണ്. ഇത് ചെയ്യാൻ കഴിയുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആമസോൺ ഇന്ത്യയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു.

ആഗോളതലത്തിൽ ആദ്യമായി 100 ശതമാനം ഇലക്ട്രിക് ഫ്‌ളീറ്റ് ഉപയോഗിച്ച് തങ്ങളുടെ അവസാന മൈൽ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിൽ ആരംഭിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണ് ആമസോൺ ഗ്ലോബൽ ഫ്‌ളീറ്റ് ആൻഡ് പ്രൊഡക്ട്‌സ് ഡയറക്ടർ ടോം ചെമ്പനാനിക്കൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.