Sections

ആമസോണും ഡിജിഎഫ്റ്റിയും ചേർന്ന് ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

Monday, Feb 10, 2025
Reported By Admin
India Boosts E-Commerce Exports: Amazon & DGFT Expand MSME Support

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി അമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നു. 2023 നവംബറിൽ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് സർക്കാരിൻറെ ജില്ലകൾ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിൻറെ ലക്ഷ്യം. പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകൾക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നൽകും. സന്തോഷ് സാരംഗി (അഡീഷണൽ സെക്രട്ടറി, ഡിജിഎഫ്ടി ഡയറക്ടർ ജനറൽ), ചേതൻ ക്രിഷ്ണസ്വാമി (വൈസ് പ്രസിഡൻറ്, പബ്ലിക് പോളിസി, അമേസോൺ), ഭൂപേൻ വാകങ്കർ (ഡയറക്ടർ ഗ്ലോബൽ ട്രേഡ്, അമേസോൺ ഇന്ത്യ) എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം പുതുക്കിയത്.

വിപുലീകരിച്ച സഹകരണത്തിലൂടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിരവധി പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി 47 ജില്ലകളിലുടനീളം പ്രത്യേക പരിശീലന പരിപാടികൾ, ഡിജിഎഫ്ടിയുടെ ട്രേഡ് കണക്ട് പോർട്ടലിൽ അമേസോണിൻറെ എക്സ്പോർട്ട് നാവിഗേറ്റർ ടൂളിൻറെ ഏകീകരണം, എംഎസ്എംഇകൾക്കായുള്ള പ്രാദേശിക ഓഫ്ലൈൻ നെറ്റ്വർക്കുകളായ എക്സ്പോർട്ട് കമ്മ്യൂണിറ്റികളുടെ അവതരണം എന്നിവ ഉൾപ്പെടുന്നു. ഈ സഹകരണത്തിലൂടെ വിവിധ ഇവൻറ് ഫോർമാറ്റുകൾ പ്രയോജനപ്പെടുത്തി എംഎസ്എംഇകൾക്ക് ഉൽപ്പന്ന നിർദ്ദേശവും കയറ്റുമതി പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നിർദേശം ലഭ്യമാക്കുകയും അമേസോണിൻറെ ആഗോള പ്രാധാന്യവും ഇ-കൊമേഴ്സ് കയറ്റുമതിയിലുള്ള അറിവും ഡിജിഎഫ്ടിയുടെ പ്രാദേശിക വൈദഗ്ധ്യവും യോജിപ്പിച്ച് ഈ പദ്ധതി ഇന്ത്യൻ വിൽപ്പനക്കാർക്ക് അന്താരാഷ്ട്ര വിപണികളിൽ പുതിയ അവസരങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത് കയറ്റുമതി കൂട്ടാനും പ്രാദേശിക ബിസിനസുകൾക്ക് ഊന്നൽ കൊടുക്കാനുമുള്ള സർക്കാരിൻറെ നയങ്ങളുമായി ചേർന്ന് പോകുന്നു.

ആദ്യ വർഷ സഹകരണത്തിൻറെ ഭാഗമായി ഡിജിഎഫ്ടിയും അമേസോണും രാജ്യത്തെ 20 ജില്ലകളിൽ ഇ-കൊമേഴ്സ് കയറ്റുമതി പ്രോത്സാഹന പരിപാടികളുടെ ഒരു പരമ്പര സംഘടിപ്പിച്ചിരുന്നു. 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ സംഘടിപ്പിച്ച പരിപാടികളിൽ 3000ലധികം എംഎസ്എംഇകൾക്ക് ഇ-കൊമേഴ്സ് കയറ്റുമതിയും അമേസോൺ ഗ്ലോബൽ മാർക്കറ്റ്പ്ലേസുകളിൽ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ച് അമേസോൺ പ്രതിനിധികൾ നിർദേശവും നൽകി. ഈ പരിപാടികൾക്ക് ശേഷം താൽപ്പര്യമുള്ള വിൽപ്പനക്കാർക്ക് അമേസോൺ പിന്തുണ വാഗ്ദാനം ചെയ്തു. ഓൺബോർഡിംഗ് പ്രക്രിയയിൽ അവരെ സഹായിക്കുകയും ആവശ്യമായ രേഖകൾ ലഭിക്കുന്നതിനും നിബന്ധനകൾ പാലിക്കുന്നതിനും ലിസ്റ്റിംഗ്, പരസ്യ പിന്തുണ ലഭിക്കുന്നതിനും യഥാർത്ഥ മൂന്നാം കക്ഷി സേവന ദാതാക്കളുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്തു.

അമേസോണുമായുള്ള തുടർച്ചയായ സഹകരണം ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കുന്നതിനുള്ള നിർണായകമായ ഒരു നീക്കമാണ്. തങ്ങളുടെ ആദ്യത്തെ വിജയകരമായ സഹകരണത്തിൻറെ അടിസ്ഥാനത്തിൽ കൂടുതൽ എംഎസ്എംഇകൾക്ക് ആഗോള വിപണികളിലേക്ക് കടക്കുന്നതിന് 47 ജില്ലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ 3000ലധികം എംഎസ്എംഇകൾക്ക് ഗുണം ലഭിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്ന് 200-300 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതി സാധ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യവുമായി ഇത് പൂർണമായും ഒത്തുപോകുന്നു. ഇത് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ നിന്നു മികച്ചത് ലോകത്തിന് കാണിച്ച് കൊടുക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സന്തോഷ് സാരംഗി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളെയും സംരംഭങ്ങളെയും പിന്തുണച്ച് ശക്തമായ ആഗോള ബിസിനസുകൾ സൃഷ്ടിക്കുകയും ഇന്ത്യയുടെ മൊത്തം കയറ്റുമതിക്ക് സംഭാവന നൽകുകയും ചെയ്യുന്നതിന് ഡിജിഎഫ്ടിയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. 2023-ൽ ആരംഭിച്ച സഹകരണം മികച്ച നേട്ടങ്ങൾ നൽകിട്ടുണ്ട്. ഈ വർഷം 47 ജില്ലകളിലേക്ക് ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള ആകെ 80 ബില്യൺ ഡോളർ ഇ-കൊമേഴ്സ് കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകൾക്ക് കയറ്റുമതി കൂടുതൽ ലളിതവും, ലഭ്യവുമാക്കാനുമാണ് അമേസോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അമേസോൺ ഇന്ത്യയിലെ ഡയറക്ടർ ഗ്ലോബൽ ട്രേഡ് ആയ ഭൂപേൻ വാകങ്കർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.