Sections

ഇന്ത്യയിലെ 50-ാമത് പുനരുപയോഗ ഊർജ പദ്ധതിയുമായി ആമസോൺ

Tuesday, Oct 31, 2023
Reported By Admin
Amazon

കൊച്ചി: ആമസോൺ മഹാരാഷ്ട്രയിലെ ഒസാമാബാദിൽ 198 മെഗാവാട്ടിൻറെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോർജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ ശേഷി 1.1 ജിഗാവാട്ടും ആയും ഉയർന്നു. ആഗോള തലത്തിൽ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഏറ്റവും കൂടുതൽ വാങ്ങുന്ന കമ്പനി എന്ന സ്ഥാനം 2020 മുതലുള്ള ആമസോൺ ഈ നീക്കത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുനരുപയോഗിക്കാവുന്ന വൈദ്യുതി വാങ്ങുന്ന കമ്പനി എന്ന സ്ഥാനവും സ്വന്തമാക്കിയതായി ബ്ലൂംബെർഗ് ന്യൂ എനർജി ഫിനാൻസ് ഡാറ്റയിൽ സൂചിപ്പിക്കുന്നു.

2014 മുതൽ 2022 വരെ കമ്പനിയുടെ സൗരോർജ്ജ, കാറ്റാടി ഫാമുകൾ വഴി 2885 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടപ്പാക്കി. രാജ്യത്തിൻറെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 87 മില്യൺ യുഎസ് ഡോളർ (719 കോടി രൂപ) സംഭാവന ചെയ്യുകയും 2022-ൽ മാത്രം 20,600-ലധികം മുഴുവൻ സമയ പ്രാദേശിക ജോലികൾക്ക് പിന്തുണ നൽകുകയും ചെയ്തു.

2022-ൽ മുംബൈയിലെയും ഹൈദരാബാദിലെയും ആമസോൺ വെബ് സേവനങ്ങളുടെ മേഖലകളിൽ ഉപയോഗിച്ച വൈദ്യുതി 100 ശതമാനം പുനരുപയോഗ ഊർജമായിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമാണ് പുനരുപയോഗ ഊർജ ഉപയോഗം ഗണ്യമായി വർധിപ്പിക്കുക എന്നതാണെന്ന് ആമസോൺ ഇന്ത്യ ഓപറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു. 2025-ഓടെ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും 100 ശതമാനം പുനരുപയോഗ ഊർജം എന്ന സ്ഥിതി കൈവരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോണിൻറെ ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന ഊർജ നിക്ഷേപങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് രാജ്യത്ത് പുനരുപയോഗ ഊർജം വാങ്ങാൻ കൂടുതൽ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു സഹായകമാകുമെന്നും പുനരുപയോഗ ഊർജ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ദിനേശ് ദയാനന്ദ് ജഗ്ദലെ പറഞ്ഞു. ഏറ്റവും വലിയ കാറ്റാടി ഊർജ്ജ ഉൽപ്പാദന ആവാസവ്യവസ്ഥയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ മൊഡ്യൂൾ നിർമ്മാതാക്കളിൽ ഒരാളായി മാറുന്നതിലേക്കും ഈ കാൽവെയ്പ്പ് വഴിയൊരുക്കുന്നു. പുനരുപയോഗ ഊർജത്തിൽ നിന്നുള്ള 50 ശതമാനം ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ആമസോൺ പോലുള്ള കമ്പനികളെ രാജ്യത്ത് 100 ശതമാനം പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങളുടെ പുനരുപയോഗ ഊർജ മേഖല സഹായിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.