- Trending Now:
നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജി. 20-30 ശതമാനം ആളുകൾ അലർജി കൊണ്ടുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങൾ ആന്റിജൻ ആയി പ്രവർത്തിച്ച് നമ്മുടെ ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധരിൽ വരെ അലർജി ഉണ്ടാകാം. ഏത് പ്രായത്തിലും ഇത് ആരംഭിക്കാവുന്നതാണ്. മാതാപിതാക്കളിൽ അലർജി ഉണ്ടെങ്കിൽ മക്കളിൽ അലർജി വരാനുള്ള സാധ്യത നാലിരട്ടിയോ അതിലധികമോ ആണ്. അലർജനുകൾ വിവിധ തരത്തിൽ ശരീരവുമായി സമ്പർക്കത്തിൽ വരാം.
അലർജി ഒരു ശരീരപ്രകൃതമാണ് എന്നു പറയാം. ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് മിക്കവാറും പേർ ചികിത്സ തേടുന്നത് .അലർജി ഉണ്ടാക്കുന്ന ഘടകങ്ങളുമായി ഇടപഴകാതിരിക്കുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനശില. പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ അതാതു മേഖലയിലെ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
അലർജിക്ക് കാരണമാവുന്ന ഇൻറർലൂക്കിൻ, ലൂക്കോട്രെയീൻ, ഹിസ്റ്റമീൻ തുടങ്ങിയ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിഹിസ്റ്റമിൻ പോലെയുള്ള മരുന്നുകളാണ് അലർജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്, അഡ്രിനാലിൻ തുടങ്ങിയവ വേണ്ടി വന്നേക്കാം. അലർജി ബാധിച്ച ശരീരഭാഗത്തിന് അനുയോജ്യമായി, ഉദാഹരണത്തിന്, നേത്രരോഗത്തിനു തുള്ളി മരുന്നുകൾ, ചർമരോഗത്തിന് ലേപനങ്ങൾ, ശ്വാസകോശരോഗങ്ങൾക്കു സ്പ്രേ, ഇൻഹേലർ എന്നിങ്ങനെ വ്യത്യസ്ത ഫോർമുലേഷനുകളിൽ മരുന്നുകൾ ലഭ്യമാണ്. ചില മരുന്നുകൾ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്, എന്നാൽ ചിലത് ചെറിയ കാലയളവിൽ മാത്രം ഉപയോഗിക്കേണ്ടതും. അതിനാൽ തന്നെ, അലർജിക്ക് സ്വയം ചികിത്സ തികച്ചും ആപൽക്കരമാണ്.
അലർജിക്ക് ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിൻ മരുന്നുകളുടെ ഒരു പ്രധാന പാർശ്വഫലമാണ് ആണ് സെഡേഷൻ അഥവാ ഉറക്കം വരിക എന്നത്. സെഡേഷൻ തീരെ ഇല്ലാത്തതും ദീർഘസമയം ഫലം കിട്ടുന്നതും ആയിട്ടുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. ഉപയോഗിക്കുന്നവർ വാഹനം ഓടിക്കുമ്പോഴും മെഷീനുകൾ പ്രവർത്തിക്കുമ്പോഴും സൂക്ഷിക്കണം, കഴിയുമെങ്കിൽ ഒഴിവാക്കണം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.