- Trending Now:
നീതി ന്യായ കോടതികളുടെ സമയം കൂടുതല്‍ ചിലവഴിക്കപ്പെടുന്നത് സ്വത്ത് തര്‍ക്കങ്ങളിലാണ്. ഭാവിയില്‍ അവകാശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകാതിരിക്കുവാന്‍ രഹസ്യ വില്‍പത്രം ഉപകരിക്കും.ഒരാള്‍ തന്റെ സ്വത്തു വകകള്‍ സംബന്ധിച്ചു ഒരു വില്‍പത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാല്‍ ആ വില്‍പത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാന്‍ പാടുള്ളൂ.താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടാന്‍ പാടില്ല. അസ്സല്‍ വില്‍പത്രം തന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകില്‍ ഉണ്ടാക്കേണ്ട എന്ന് കരുതി അദ്ദേഹത്തിന് അത് ജില്ലാ രജിസ്ട്രാറുടെ ഓഫീസില്‍ രഹസ്യ ലോക്കറില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ തീരുമാനിക്കാം.
രഹസ്യ ലോക്കറും അതിന്റെ നടപടിക്രമവും
വില്‍പത്രം എഴുതി ഒപ്പിട്ട് ഒരു കവറിലാക്കി ആര്‍ക്കും പെട്ടെന്നൊന്നും വലിച്ചു പറിച്ചു കീറാന്‍ സാധിക്കാത്ത രീതിയില്‍ നന്നായി പശ വച്ച് ഒട്ടിക്കുക. ആ കവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ നിങ്ങളുടെ നാട്ടിലെ ജില്ലാ രജിസ്ട്രാറുടെ മുമ്പില്‍ ഹാജരാക്കുക. രഹസ്യ ലോക്കറില്‍ സൂക്ഷിക്കുവാനായി ഏല്‍പ്പിക്കുക.അദ്ദേഹം ആ കവറിന് പുറത്ത് നിങ്ങളുടെ ഒപ്പും വിരല്‍ പതിപ്പും എടുക്കും. രണ്ട് സാക്ഷികളുടെ ഒപ്പും എടുക്കും. എന്നിട്ട് അഞ്ചാം നമ്പര്‍ രജിസ്റ്റര്‍ പുസ്തകത്തില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത ശേഷം ആ കവര്‍ അദ്ദേഹത്തിന്റെ ഓഫീസിലുള്ള രഹസ്യ ലോക്കറില്‍ വെച്ച് ഭേദമായി ലോക്ക് ചെയ്ത് സൂക്ഷിക്കും.
മരണപത കര്‍ത്താവിന് തന്റെ ജീവിതകാലത്ത് എപ്പോള്‍ വേണമെങ്കിലും നേരിട്ട് ഹാജരായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കവര്‍ പിന്‍വലിക്കാവുന്നതാണ്.എഴുതിവെച്ച ആളുടെ കാലശേഷം ആര്‍ക്കുവേണമെങ്കിലും ടിയാന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആ കവര്‍ തുറക്കാന്‍ ആവശ്യപ്പെടാം. ജില്ലാ രജിസ്ട്രാര്‍ രണ്ടു സാക്ഷികളുടെയും അപേക്ഷകന്റെയും സാന്നിധ്യത്തില്‍ കവര്‍ തുറക്കുകയും അതിലെ ഉള്ളടക്കം പരസ്യമായി എല്ലാവരെയും വായിച്ച് കേള്‍പ്പിക്കുകയും അദേഹത്തിന്റെ ഓഫീസിലെ മൂന്നാം നമ്പര്‍ രജിസ്റ്റര്‍ പുസ്തകത്തിലേക്ക് അതിലെ ഉള്ളടക്കം പകര്‍ത്തി എഴുതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.മൂന്നാം നമ്പര്‍ പുസ്തകത്തില്‍ നിന്നും ആര്‍ക്കു വേണമെങ്കിലും അങ്ങനെ പകര്‍ത്തിയെഴുതപ്പെട്ട വില്‍പത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി എടുത്ത് നിയമപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.