Sections

തെങ്ങ് ഒരിക്കലും ചതിക്കില്ല കണ്‍മുന്നില്‍ അനന്തമായ സാധ്യതകള്‍

Friday, May 27, 2022
Reported By admin
coconut

 തെങ്ങിന്റെ എല്ലാ ഭാഗങ്ങളും പ്രയോജനപ്പെടുത്താം എന്നതാണ് കേരകര്‍ഷകര്‍ക്ക് ആശ്വാസകരമായ സംഗതി


തെങ്ങ് ഒരിക്കലും ചതിക്കില്ലെന്ന് പഴമക്കാര്‍ പറയാറില്ലേ? അത് ഏറെക്കുറേ ശരിയാണ്. തെങ്ങികൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍ സാധിക്കും. എന്നാല്‍ അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണിത്. അതിനാല്‍ തെങ്ങിന്‍ തോപ്പ് നിര്‍മ്മിക്കുകയാണെങ്കില്‍ അടുത്ത് വേറെ വൃക്ഷങ്ങളൊന്നും വെച്ചുപിടിപ്പിക്കരുത്. കൃത്യമായ അകലം പാലിച്ചു വേണം തൈ നടാന്‍. അല്ലെങ്കില്‍ അത് വളര്‍ച്ചയേയും വിളയെയും ബാധിക്കുന്നതിലുപരി ഉദ്ദേശിച്ച പോലുള്ള ഇടകൃഷി ചെയ്യാനും പ്രയാസം നേരിടാം.  ഇങ്ങനെയുള്ള ചില പരിപാലനങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വരുമാനം നേടാം.  തെങ്ങിന്റെ എല്ലാ ഭാഗങ്ങളും പ്രയോജനപ്പെടുത്താം എന്നതാണ് കേരകര്‍ഷകര്‍ക്ക് ആശ്വാസകരമായ സംഗതി.

സാധ്യതകള്‍ ഏറെ

തേങ്ങ മാത്രം ഉപയോഗിക്കുക എന്ന പരമ്പരാഗത രീതിയില്‍നിന്ന് മാറി ചിന്തിച്ചാല്‍ വലിയ മുതല്‍ മുടക്കില്ലാതെ തന്നെ തെങ്ങില്‍ നിന്ന് കൂടുതല്‍ ആദായം ഉണ്ടാക്കാന്‍ കഴിയും. തെങ്ങ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം മാത്രമല്ല, കല്പവൃക്ഷം കൂടിയാണെന്നത് ബോദ്ധ്യമാവുകയും ചെയ്യും.

ചെറിയ മുതല്‍മുടക്കില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനായാല്‍ തെങ്ങ് ഒരിക്കലും നഷ്ടക്കച്ചവടമാവില്ല. ഉല്പന്നങ്ങളുടെ മികവു നോക്കിയാല്‍  തേങ്ങ, ഇളനീര്‍, തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയെല്ലാം വിപണി മൂല്യം ഉള്ളവയാണ്. ഇതിനു പുറമെ നീര, കള്ള്, കോക്കനട്ട് ബട്ടര്‍, കോക്കനട്ട് ക്രീം എന്നിവയും ഉണ്ടാക്കാം. എല്ലാം ഒരേ കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പകരം ചെറിയ ചെറിയ കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് ഏതെങ്കിലും ഒരു ഉല്പന്നം അവിടെ നിര്‍മ്മിക്കുകയോ ശാസ്ത്രീയമായി സംസ്‌കരിക്കുകയോ ചെയ്യുന്ന രീതി അവലംബിക്കുന്നതാണ് ലാഭം കൂടുതല്‍ നേടാന്‍ സഹായിക്കുക. പല ഉല്പന്നങ്ങളും പല കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്ന് സംസ്‌കരിക്കുന്ന രീതി വന്നാല്‍ കൃഷിയിടത്തില്‍നിന്നുള്ള മാലിന്യങ്ങളുടെ അളവു കുറയ്ക്കാനും സംസ്‌കരണം എളുപ്പമാക്കാനും കഴിയും.

കൊതുമ്പ്, മടല്‍, ഓല എന്നിവ വിറകായും തെങ്ങോല, മേച്ചില്‍ ആവശ്യത്തിനും ഉപയോഗിക്കാം. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന കോട്ടേജുകളില്‍ പലതിനും തെങ്ങോലയാണ് മേച്ചിലിന് ഉപയോഗിച്ചിരിക്കുന്നത്.

ലക്ഷദ്വീപില്‍ സുലഭമായി ലഭിക്കുന്ന രുചികരമായ കോക്കനട്ട് ഹല്‍വ നിര്‍മ്മാണം കേരളത്തിലും ആരംഭിക്കാം. ഇതിനാവട്ടെ കാര്യമായ മുതല്‍മുടക്കുമില്ല. കര്‍ഷകരുടെ വീടുകളില്‍ തന്നെ തയ്യാറാക്കാം. വിപണിയില്‍ ഡിമാന്‍ഡുമുണ്ട്.

തെങ്ങിന്‍ ചക്കരയ്ക്കും വിപണി മൂല്യവും ആരോഗ്യമൂല്യവും ഉണ്ട്. ചിരകിയ തേങ്ങ പായ്കറ്റുകളിലാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിപണനം ചെയ്യാം. ഇതിനായി തൊട്ടടുത്ത കച്ചവട കേന്ദ്രങ്ങളുമായി ധാരണ ഉണ്ടാക്കിയാല്‍ മതി. ഇതാവുമ്പോള്‍, തേങ്ങയുടെ തൊണ്ട്, ചകിരി, ചിരട്ട എന്നിവയും വേറെ വേറെ വില്പന നടത്താം.

കൊച്ചിയില്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ മുഖ്യ അസംസ്‌കൃത വസ്തു ചിരട്ടയാണ്.  ചിരട്ടയില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുകയോ പുനരുപയോഗിക്കാവുന്ന പ്രകൃതിദത്ത കട്ട്‌ലെറി നിര്‍മ്മിക്കുകയോ ചെയ്യാം. 

മിക്ക നഴ്‌സറികളിലും ചെടി വളര്‍ത്താനും പാകമാകുന്നതുവരെ സൂക്ഷിക്കാനും അടിസ്ഥാനമായി ഉപയോഗിക്കുന്നത് ചകിരിച്ചോറാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.