- Trending Now:
തലക്കെട്ടിലെ സീക്രട്ട് ബാങ്ക് അക്കൗണ്ട് എന്ന് കേട്ട് ഞെട്ടെണ്ട ഈ സീക്രട്ട് അക്കൗണ്ട് ഒരു സാധാരണ ബാങ്ക് അക്കൗണ്ട് തന്നെയാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ നമ്മുടെ മറ്റു കുടുംബാംഗങ്ങളില്‍ നിന്നും മറച്ചുവച്ച് സ്വകാര്യമായാണ് ഈ സീക്രട്ട് ബാങ്ക് അക്കൗണ്ട് നാം ആരംഭിക്കുന്നത് എന്ന് തന്നെ.
എന്തുകൊണ്ട് സീക്രട്ട് അക്കൗണ്ട് എന്ന് സംശയിക്കുന്നവര്‍ക്ക്.......സ്വന്തമായി അധ്വാനിക്കുന്നുണ്ട്, എന്നാല്‍ കൈയ്യിലെടുക്കാന്‍ 10 പൈസപോലും കിട്ടുന്നില്ലേല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്ക്തുടങ്ങുവാന്‍ ഉത്തമമായ ഒരു സംഗതിയാണ് ഈ അക്കൗണ്ട്. വീട്ടുകാര്‍ ആരും അറിയാതെ നാം അതില്‍ പണം നിക്ഷേപിക്കുന്നു, മറ്റ് ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. കേള്‍ക്കുമ്പോള്‍ ഇതെന്തിന് ഇങ്ങനെ എന്നൊരു ചോദ്യം ചിലപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നേക്കാം. എന്നാല്‍ ഓരോ മാസവും തങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും വീട്ടില്‍ ഏല്‍പ്പിക്കേണ്ടി വരുന്ന ചിലരുണ്ട്.
സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്‌കൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. ഭാവിയില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യേണമെങ്കിലോ, വലിയൊരു ബിസിനസ് സംരംഭം ആരംഭിക്കണമെങ്കിലോ അതിനായി വലിയൊരു തുക തന്നെ നിക്ഷേപമായി ആവശ്യമായി വരും. ആ സമയമെത്തുമ്പോള്‍ സ്വപ്ന സാക്ഷാത്കാരത്തിനായി ആവശ്യമായ തുക നമ്മുടെ പക്കല്‍ ഉണ്ടായിരിക്കണമെങ്കില്‍ നേരത്തേ തന്നെ ചെറിയ ചെറിയ തുകള്‍ ചേര്‍ത്തുവച്ച് സമ്പാദിക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യം വീടുകളില്‍ നിന്നും ലഭിക്കാത്ത വ്യക്തികള്‍ക്ക് ഒരു സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
സീക്രട്ട് അക്കൗണ്ട് എന്നത് ഒരു പ്രത്യേക അക്കൗണ്ട് ഒന്നുമല്ല. അതൊരു സേവിംഗ്‌സ് അക്കൗണ്ട് തന്നെയാണ്. മറ്റേതൊരു ബാങ്ക് അക്കൗണ്ടിനും സമാനമായ ഒരു റെഗുലര്‍ അക്കൗണ്ട്. ആകെയുള്ളൊരു വ്യത്യാസം നിങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതോ, അതില്‍ രഹസ്യമായി പണം നിക്ഷേപിക്കുന്നുണ്ട് എന്നതോ നിങ്ങളുടെ കുടുംബത്തിന് അറിയില്ല എന്നത് മാത്രമാണ്.
ഓരോ വ്യക്തിയും അവരുടേതായ പല സാഹചര്യങ്ങളിലായിരിക്കും സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്. ഉദാഹരണത്തിന് നേരത്തേ പറഞ്ഞത് പോലെ നിങ്ങളുടെ മാസം ശമ്പളം മുഴുവാനായി നിങ്ങളുടെ കുടുംബത്തിനെ അല്ലെങ്കില്‍ മാതാപിതാക്കളെയോ, ഭര്‍ത്താവിനേയോ, ഭാര്യയേയോ ഏല്‍പ്പിക്കേണ്ടി വരുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് യാതൊന്നും തന്നെ സമ്പാദ്യമായി കരുതുവാന്‍ സാധ്യമല്ല. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം. നിങ്ങളുടെ താത്പര്യം അനുസരിച്ച് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്യാം. നിങ്ങളുടെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്ക് പണം സേവ് ചെയ്യുവാന്‍ കഴിയുന്നില്ല എങ്കില്‍ ഒരു സീക്രട്ട് അക്കൗണ്ട് ആരംഭിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
എങ്ങനെ ആരംഭിക്കാം? സാധാരണ ബാങ്ക് അക്കൗണ്ട് അതേ രീതിയില്‍ സീക്രട്ട് ബാങ്ക് അക്കൗണ്ടും ആരംഭിക്കാം. ഇതിനായി നിങ്ങളുടെ തിരിച്ചറിയല്‍ രേഖ ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ നിന്നും ഈ അക്കൗണ്ടിന്റെ കാര്യം മറച്ചു വയ്ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങളുടെ വീടിന് സമീപത്തല്ലാതെ അകലെയുള്ള ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിക്കാം. വീടിനടുത്തുള്ള ശാഖയില്‍ ആരംഭിച്ചാല്‍ എല്ലാവര്‍ക്കും അക്കാര്യം എളുപ്പത്തില്‍ മനസ്സിലാകും. സ്വഭാവികമായും നിങ്ങളുടെ വീട്ടിലും ഇതറിയുകയും നിങ്ങളുടെ രഹസ്യ നിക്ഷേപത്തിന്റെ കാര്യം അവര്‍ മനസ്സിലാക്കുകയും ചെയ്യും.
കെവൈസി പ്രക്രിയകള്‍ അങ്ങനെയെങ്കില്‍ ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ട് തുറക്കാം. നിങ്ങള്‍ എപ്പോള്‍, ഏത് തരത്തിലുള്ള ബാങ്ക് അക്കൗണ്ട് ആരംഭിച്ചാലും കെവൈസി പൂര്‍ത്തിയാക്കേണ്ടത് നിബന്ധമാണ്. കെവൈസിയ്ക്കായി ബാങ്ക് നിങ്ങളുടെ ചില രേഖകള്‍ ആവശ്യപ്പെടും. ആധാറും പാന്‍ കാര്‍ഡും ഇതില്‍ ഒഴിവാക്കുവാനാകാത്തവയാണ്. നിങ്ങള്‍ക്കൊരു സീക്രട്ട് ബാങ്ക് അക്കൗണ്ടാണ് ആവശ്യമെങ്കില്‍ ഇതേപ്പറ്റി ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനോട് സംസാരിക്കുന്നതാണ് അഭികാമ്യം. സമയം നിശ്ചയിച്ച് നിങ്ങളുടെ സൗകര്യ പ്രകാരം കെവൈസി പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
അക്കൗണ്ട് ആരംഭിച്ചാല്‍ മാത്രം പോരല്ലോ, അതില്‍ കൃത്യമായി നിക്ഷേപവും നടത്തേണ്ടേ? നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നിങ്ങളുടെ വീട്ടുകള്‍ക്ക് അറിയാമെന്നത് കൊണ്ടുതന്നെ അതില്‍ നിന്നും നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നത് എളുപ്പ കാര്യമല്ല. മറ്റാവശ്യങ്ങള്‍ക്കായി സാധാരണ എത്ര തുകയാണ് നിങ്ങള്‍ ചിലവഴിക്കാറുള്ളത് എന്നും അവര്‍ക്കറിയാം. അതിനാല്‍ തന്നെ സീക്രട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റി വയ്ക്കുവാനുള്ള വഴി നിങ്ങളുടെ തൊഴില്‍ ദാതാവിനോടോ, കമ്പനിയോടോ സംസാരിച്ച് എല്ലാ മാസവും വേതനത്തില്‍ നിന്നും ഒരു നിശ്ചിത തുക സീക്രട്ട് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ ആവശ്യപ്പെടാം എന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ മറ്റേതെങ്കിലും നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തേണ്ടതായി വരും.
മറ്റ് അക്കൗണ്ടുകള്‍ പോലെ തന്നെ സീക്രട്ട് അക്കൗണ്ട് ക്ലോസ് ചെയ്യുവാനും പ്രത്യേക നിയമങ്ങളൊന്നും തന്നെയില്ല. ഇതിനായി അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്ക് ശാഖയില്‍ നിങ്ങള്‍ ചെല്ലേണ്ടതുണ്ട്. ഏത് ശാഖയില്‍ നിന്നായാലും അക്കൗണ്ട് അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന സേവനം വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകള്‍ ഉണ്ട്. സീക്രട്ട് അക്കൗണ്ടുകള്‍ക്ക് അത്തരം സേവനങ്ങള്‍ ഗുണകരമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.